ഗോള്‍ഡന്‍ വിസ ലഭ്യമാകുന്നവരുടെ വിഭാഗത്തില്‍ കൂടുതല്‍ പേരെ ഉള്‍ക്കൊള്ളിച്ചു!
ദുബൈ: യു.എ.ഇ സുവര്‍ണ ജൂബിലിയുടെ ഭാഗമായി ഞായറാഴ്ച പ്രഖ്യാപിച്ച പുതിയ പദ്ധതികളില്‍ വിസ മേഖലയില്‍ നിരവധി ഇളവുകള്‍.ഗ്രീന്‍, ഫ്രീലാന്‍സ് വിസക്ക് പുറമെ, ഗോള്‍ഡന്‍ വിസ ലഭ്യമാകുന്നവരുടെ വിഭാഗത്തില്‍ കൂടുതല്‍ പേരെ ഉള്‍ക്കൊള്ളിച്ചത് ഇതില്‍ പ്രധാനപ്പെട്ടതാണ്. സയന്‍സ്, എന്‍ജിനീയറിങ്, ആരോഗ്യം, വിദ്യഭ്യാസം, ബിസിനസ് മാനേജ്മെന്റ്, ടെക്നോളജി മേഖലയിലെ സ്പെഷലിസ്റ്റുകള്‍, സി.ഇ.ഒമാര്‍, മാനേജര്‍മാര്‍ എന്നിവര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിക്കും. പത്തുവര്‍ഷ വിസ ലഭിക്കുന്ന നടപടിക്രമങ്ങള്‍ എളുപ്പമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഉയര്‍ന്ന നൈപുണ്യമുള്ളതും പ്രത്യേകതയുള്ളവരുമായ താമസക്കാര്‍, നിക്ഷേപകര്‍, സംരംഭകര്‍, ശാസ്ത്രജ്ഞര്‍, ഉന്നത വിജയികളായ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് നടപടിക്രമങ്ങള്‍ ലളിതമാക്കുക.
സ്പോണ്‍സറുടെ ആവശ്യമില്ലാതെ യു.എ.ഇയില്‍ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും സഹായിക്കുന്നതാണ് ഗോള്‍ഡന്‍ വിസ. ഇത് അഞ്ച് വര്‍ഷത്തേക്ക് സില്‍വര്‍ വിസയായും അനുവദിക്കുന്നുണ്ട്. കലാവധി കഴിഞ്ഞാല്‍ സ്വയം പുതുക്കുന്ന സംവിധാനവും ഇതിനുണ്ട്. മലയാളികളടക്കം നിരവധി പേര്‍ക്ക് സമീപ മാസങ്ങളില്‍ ഈ വിസ ലഭിച്ചിട്ടുണ്ട്.
ബിസിനസ് യാത്രക്കാര്‍ക്ക് ആറു മാസം വരെ കഴിയാനുള്ള അനുമതി, നേരിട്ടുള്ള കുടുംബാംഗങ്ങള്‍ക്ക് മാതാപിതാക്കളെ സ്പോണ്സര് ചെയ്യാനുള്ള അനുമതി, മാനുഷിക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് ഒരു വര്‍ഷം വിസ നീട്ടിനല്‍കും, രക്ഷിതാക്കള്‍ക്ക് കുട്ടികളെ 25 വയസുവരെ സ്േപാണ്‍സര്‍ ചെയ്യാനുള്ള അനുമതി (നേരത്തെ ഇത് 18 ആയിരുന്നു) എന്നിവ പുതിയ റെസിഡന്‍സി ഭേദഗതിയില്‍ പ്രധാനപ്പെട്ടതാണ്.
ഞായറാഴ്ച പ്രഖ്യാപിച്ച ഗ്രീന്‍, ഫ്രീലാന്‍സ് വിസ സേവനങ്ങള്‍ വിദ്യാര്‍ഥികള്‍, നിക്ഷേപകര്‍, ബിസിനസുകാര്‍, പ്രത്യേക വൈദഗ്ധ്യമുള്ളവര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് പ്രയോജനപ്പെടും. പതിവ് താമസ വിസകളില്‍ നിന്ന് വ്യത്യസ്തമായ ആനുകൂല്യങ്ങളും പദവികളും ഗ്രീന്‍ വിസക്കാര്ക്കുണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും കമ്ബനിയുടെ ഭാഗമല്ലാതെ, സ്വന്തം നിലക്ക് നിലനില്ക്കാന് ഇത് സഹായിക്കും.