ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളില്‍ വിപ്ലവം സൃഷ്ടിച്ച് ഒലയുടെ ഇലക്‌ട്രിക് സ്കൂട്ടര്‍.  

ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളില്‍ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് ഒലയുടെ ഇലക്‌ട്രിക് സ്കൂട്ടര്‍.ബുക്കിങ്ങിലും വില്‍പ്പനയിലും വന്‍ റെക്കോഡ്.

പര്‍ച്ചേസ് വിന്‍ഡോ തുറന്ന് രണ്ട് ദിവസത്തിനുള്ളില്‍ 1100 കോടി രൂപയാണ് ഒല നേടിയത്. മുമ്ബ്, 48 മണിക്കൂറില്‍ ഒരു ലക്ഷം ബുക്കിങ്ങ് സ്വന്തമാക്കിയതാണ് ഒലയുടെ റെക്കോഡ്.

ഒല ഗ്രൂപ്പ് സി.ഇ.ഒ. ഭവീഷ് അഗര്‍വാള്‍ അത്യാഹ്ലാദത്തിലാണ്:
“രണ്ട് ദിവസത്തിനുള്ളില്‍ 1100 കോടി രൂപയുടെ വില്‍പ്പനയാണ് നേടിയത്. വാഹന വ്യവസായത്തില്‍ മാത്രമല്ല, ഇന്ത്യയിലെ ഇ-കൊമേഴ്സ് ചരിത്രത്തില്‍ തന്നെ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയെന്ന റെക്കോഡാണ് ഒല നേടിയിട്ടുള്ളത്. നമ്മള്‍ ശരിക്കും ഡിജിറ്റല്‍ ഇന്ത്യയില്‍ തന്നെയാണ് ജീവിക്കുന്നതെന്ന് വീണ്ടും തെളിഞ്ഞു.”

ഒല ഇലക്‌ട്രിക്കിന്റെ പര്‍ച്ചേസ് വിന്‍ഡോ നിലവില്‍ അടച്ചിരിക്കുകയാണ്. എന്നാല്‍, റിസര്‍വേഷന്‍ തുടരുന്നു. പര്‍ച്ചേസ് വിന്‍ഡോ നവംബര്‍ ഒന്നാം തിയതി വീണ്ടും തുറക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കമ്ബനി അറിയിച്ചു. വാഹനം വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാം. മുമ്ബ് ബുക്ക് ചെയ്തിട്ടും കഴിഞ്ഞ ദിവസങ്ങളില്‍ വാഹനം ലഭിക്കാത്തവര്‍ക്ക് നവംബര്‍ ഒന്നാം തിയതി ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും ഒല ഉറപ്പുനല്‍കി.

എസ്-1, എസ്-1 പ്രോ എന്നീ രണ്ട് വേരിയന്റുകളിലാണ് ഈ സ്കൂട്ടറുകള്‍ എത്തിയിട്ടുള്ളത്. ഇവയ്ക്ക് യഥാക്രമം 99,999 രൂപയും 1.29 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില. എസ്-1 പ്രോയാണ് ഒല സ്കൂട്ടര്‍ നിരയിലെ ഉയര്‍ന്ന വകഭേദം. അടിസ്ഥാന വേരിയന്റില്‍ നിന്ന് വ്യത്യസ്തമായി വോയിസ് കണ്‍ട്രോള്‍, ഹില്‍ ഹോര്‍ഡ്, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളാണ് എസ്-1 പ്രോയില്‍ നല്‍കിയിട്ടുള്ളത്.

8.5 കിലോവാട്ട് പവറും 58 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്‌ട്രിക് മോട്ടോറാണ് രണ്ട് വേരിയന്റിന്റേയും ഹൃദയം. എന്നാല്‍, എസ്1-ല്‍ 2.98 kWh ബാറ്ററി പാക്കും എസ്-1 പ്രോയില്‍ 3.97 kWh ബാറ്ററി പാക്കുമാണുള്ളത്. എസ്-1 പ്രോ കേവലം മൂന്ന് സെക്കന്റില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കുമ്ബോള്‍ എസ്-1, 3.6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

ഫാസ്റ്റ് ചാര്‍ജറിന്റെ സഹായത്തോടെ 18 മിനിറ്റിനുള്ളില്‍ 75 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ചാര്‍ജ് നിറയുമെന്നതാണ് എസ്-1, എസ്-1 പ്രോ ഇലക്‌ട്രിക് സ്കൂട്ടറുകളുടെ പ്രധാന പ്രത്യേകത. സാധാരണ ഹോം ചാര്‍ജര്‍ ഉപയോഗിച്ച്‌ എസ്-1 വേരിയന്റ് 4.48 മണിക്കൂറില്‍ 100 ശതമാനം ചാര്‍ജ് ചെയ്യാം. അതേസമയം, എസ്-1 പ്രോ പൂര്‍ണമായും ചാര്‍ജ് നിറയാന്‍ ആറര മണിക്കൂര്‍ എടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team