പോസ്റ്റല്‍ എസ്.ബി അക്കൗണ്ടുകള്‍ക്ക് നിരക്ക് ഏര്‍പ്പെടുത്തി തപാല്‍ വകുപ്പ്
തൃശൂര്‍: ബാങ്കുകളുടെ സര്‍വിസ് ചാര്‍ജ് കൊള്ളയില്‍നിന്ന് രക്ഷപ്പെടാന്‍ ആശ്വാസമായി കരുതിയ പോസ്റ്റല്‍ എസ്.ബി അക്കൗണ്ടുകള്‍ക്ക് നിരക്ക് ഏര്‍പ്പെടുത്തി തപാല്‍ വകുപ്പ്.ആരുമറിയാതെ ഇക്കഴിഞ്ഞ ഒന്നുമുതല്‍ നിരക്കുകള്‍ പ്രാബല്യത്തിലായി. ബാങ്കിങ് ഇടപാടുകള്‍ക്ക് സമാനമായ ഫീസ് നിരക്ക് ഏര്‍പ്പെടുത്തുകയാണ് ചെയ്തത്
ഡെബിറ്റ് കാര്‍ഡ് മാറ്റിയെടുക്കാന്‍ 300 രൂപയും ജി.എസ്.ടിയും പിന് നമ്ബര്‍ വീണ്ടെടുക്കാന്‍ 20 രൂപയും ജി.എസ്.ടിയും നല്‍കണം. മറ്റു എ.ടി.എമ്മുകളില്‍ മെട്രോ നഗരങ്ങളില്‍ മൂന്ന് സൗജന്യ ഇടപാടുകള്‍ക്ക് മുകളില്‍ 220 രൂപയും ജി.എസ്.ടിയും ഈടാക്കും. സ്വന്തം എ.ടി.എമ്മുകളില്‍ അഞ്ച് സൗജന്യ ഇടപാടുകള്‍ കഴിഞ്ഞാല്‍ 10 രൂപയും ജി.എസ്.ടിയും നല്‍കണം.
ഇന്റര്‍നെറ്റ് ഉപയോഗം സാര്‍വത്രികമായതോടെ നിശ്ചലാവസ്ഥയിലായിരുന്ന പോസ്റ്റ് ഓഫിസുകള്‍ക്ക് പുതിയ ഊര്‍ജമായിരുന്നു പോസ്റ്റല്‍ സേവിങ്സ് അക്കൗണ്ടുകള്‍. ബാങ്കുകള്‍ സര്‍വിസ് ചാര്‍ജ് ഈടാക്കുന്നുവെന്ന പരാതികള്‍ രൂക്ഷമായതോടെയാണ് പോസ്റ്റ് ഓഫിസ് സേവിങ്സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് സ്വീകാര്യതയേറിയത്. ഒരു രൂപ പോലും സര്‍വിസ് ചാര്‍ജ് നല്‍കാതെ ബാങ്കിങ് ഇടപാടുകള്‍ നടത്തൂവെന്നായിരുന്നു പ്രഖ്യാപനം. സര്‍വിസ് ചാര്‍ജില്ലാത്ത സേവിങ്സ് ബാങ്ക് അക്കൗണ്ട്, പരിധിയില്ലാതെ സൗജന്യ എ.ടി.എം ഉപയോഗം തുടങ്ങിയ സേവനങ്ങള്‍ക്കൊപ്പം ബാങ്കുകള്‍ 1000, 5000 രൂപ മിനിമം ബാലന്‍സ് ആവശ്യപ്പെടുമ്ബോള്‍ വെറും 50 രൂപ സര്‍വിസ് ചാര്‍ജ് മാത്രം മതിയാകുമെന്നതടക്കം പോസ്റ്റല്‍ സേവിങ്സ് ബാങ്ക് അക്കൗണ്ടില്‍ സൗജന്യങ്ങളുടെ പെരുമഴയായിരുന്നു.
വീസ റുപേ ഡെബിറ്റ് കാര്‍ഡാണ് പോസ്റ്റ് ഓഫിസില്‍നിന്ന് ലഭിക്കുന്നത്. ഈ കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാടുകളും നടത്താന്‍ സാധിക്കും. പോസ്റ്റ് ഓഫിസ് എ.ടി.എമ്മുകള്‍ക്ക് പുറമെ ഏതുബാങ്കിെന്റ എ.ടി.എമ്മിലും ഈ കാര്‍ഡ് സൗജന്യമായി ഉപയോഗിക്കാമെന്നതും സര്‍ക്കാര്‍ സ്ഥാപനമെന്ന വിശ്വാസവുമായതോടെ പോസ്റ്റല്‍ എസ്.ബി അക്കൗണ്ടുകള്‍ വളരെ പെട്ടെന്ന് സ്വീകാര്യത നേടി. ഇതിനെയെല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കിയാണ് കേന്ദ്രത്തിെന്റ നടപടി.