കൂടുതൽ ആശുപത്രികളിൽ ബ്ലഡ് ബാങ്കുകൾ സ്ഥാപിക്കും: മന്ത്രി  

കൂടുതൽ ആശുപത്രികളിൽ ബ്ലഡ് ബാങ്കുകൾ സ്ഥാപിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലോക രക്തദാത ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.കേരളത്തെ സംബന്ധിച്ച് പ്രധാന ആശുപത്രികളിൽ ബ്ലഡ് ബാങ്കുകൾ സജ്ജീകരിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജുകൾ, ജനറൽ ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, തെരഞ്ഞെടുക്കപ്പെട്ട താലൂക്കാശുപത്രികൾ എന്നിവിടങ്ങളിൽ ബ്ലഡ് ബാങ്കുകൾ പ്രവർത്തിക്കുന്നുണ്ട്. സർക്കാർ ആശുപത്രികളിൽ 42 ബ്ലഡ് ബാങ്കുകളും സ്വകാര്യ ആശുപത്രികളിൽ 142 ബ്ലഡ് ബാങ്കുകളും സഹകരണ ആശുപത്രികളിൽ 6 ബ്ലഡ് ബാങ്കുകളും പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അണുബാധയില്ലാത്ത രക്തത്തിന്റെ ആവശ്യകതയെക്കുറിച്ചും അനേകം പേരുടെ ജീവൻ രക്ഷിക്കുന്നതിന് ദാനം ചെയ്യേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും അവബോധം സൃഷ്ടിക്കാനാണ് ലോക രക്തദാന ദിനാചരണം നടത്തുന്നത്. പേരറിയാത്ത, നാടറിയാത്ത അനേകം പേരാണ് ആളുകളുടെ ജീവൻ രക്ഷിക്കുന്നതിനായി സന്നദ്ധ രക്തം ദാനം ചെയ്യാനായി മുന്നോട്ട് വരുന്നത്. അവരോടുള്ള നന്ദി അറിയിക്കുന്നു.
ദാനം ചെയ്യപ്പെടുന്ന ഓരോ യൂണിറ്റ് രക്തവും പ്ലാസ്മ, പ്ലേറ്റ്ലെറ്റ്, പി.ആർ.ബി.സി., ക്രയോപെസിപ്പിറ്റേറ്റ് എന്നീ ഘടകങ്ങളായി വേർതിരിച്ച് 4 പേരുടെ വരെ ജീവൻ രക്ഷിക്കാൻ സഹായിക്കുന്നു. 42 ബ്ലഡ് ബാങ്കുകളിലും രക്തഘടകങ്ങളുടെ വേർതിരിക്കൽ സാധ്യമാക്കുക എന്നുള്ളതാണ് ലക്ഷ്യം. 33 ഇടത്താണ് ഇത് സാധ്യമായത്. നാല് ഇടങ്ങളിൽക്കൂടി സജ്ജമാക്കിയിട്ടുണ്ട്. 2025 ഓടെ എല്ലായിടത്തും ഇത് സജ്ജമാക്കും.


രക്തം ദാന പ്രോത്സാഹന പരിപാടിയുടെ ഭാഗമായി ‘സഞ്ചരിക്കുന്ന രക്തബാങ്ക്’ വഴിയും രക്തശേഖരണം നടത്തുന്നുണ്ട്. കൂടാതെ രക്തദാന ക്യാമ്പുകളിൽ നിന്നും ശേഖരിക്കുന്ന രക്തം രക്തബാങ്കുകളിൽ എത്തിക്കുന്നതിന് വേണ്ടി എല്ലാ ജില്ലകളിലും ‘ബ്ലഡ് ട്രാൻസ്പോർട്ടേഷൻ’ വാഹനങ്ങളുടെ സേവനവും ലഭ്യമാണ്. രക്തബാങ്കുകളുമായി ബന്ധപ്പെട്ട് കാലോചിതമായ ആധുനികമായ മാറ്റങ്ങൾ വരുത്താനാണ് ശ്രമിക്കുന്നത്.

കേരളത്തിൽ ഒരു വർഷം നാല് ലക്ഷം യൂണിറ്റിന് മുകളിൽ രക്തം ആവശ്യമായി വരുന്നു. ഇതിൽ 78 ശതമാനം സന്നദ്ധരക്തദാതാക്കളിൽ നിന്നും ശേഖരിക്കുന്നതാണ്. 2025 ആകുമ്പോൾ ആവശ്യമായി വരുന്ന രക്തത്തിന്റെ 100 ശതമാനവും സന്നദ്ധ രക്തദാതാക്കളിൽ നിന്നും ശേഖരിക്കുകയെന്നതാണു ലക്ഷ്യം.


വി.കെ. പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ.ഡി.ജി.പി. കെ പദ്മകുമാർ മുഖ്യാതിഥിയായി. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. പി.പി. പ്രീത, ഡിപിഎം ഡോ. ആശ വിജയൻ, ഡോ. ഹാഫിസ്, കെ കുഞ്ഞഹമ്മദ്, ഡോ. എസ്. ഹരികുമാർ എന്നിവർ ആശംസകളർപ്പിച്ചു. എയ്ഡ്സ് കൺട്രോൾ സൊസൈറ്റി അഡീ. പ്രോജക്ട് ഡയറക്ടർ ഡോ. ആർ. ശ്രീലത സ്വാഗതവും ജോ. ഡയറക്ടർ രശ്മി മാധവൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team