റിലയൻസ് റീട്ടെയിലിൽ ഇനി പുതിയ റോളുമായി ഇഷ അംബാനി
റിലയൻസ് ഗ്രൂപ്പിൻെറ ഭാഗമായ റിലയൻസ് റീട്ടെയിലിനെ നയിക്കാൻ നിയോഗിക്കപ്പെട്ടത് അംബാനി കുടംബത്തിലെ പെൺതരി ഇഷ അംബാനി ആയിരുന്നു. കഴിഞ്ഞ വർഷമാണ് ഏഷ്യയിലെ തന്നെ മികച്ച 10 റീട്ടെയ്ൽ കമ്പനികളിൽ ഒന്നായ റിലയൻസ് റീട്ടെയിലിൻെറ മൊത്തം ബിസിനസിനും ഇനി മേൽനോട്ടം വഹിക്കുന്നത് ഇഷ അംബാനി ആയിരിക്കുമെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചത്. 2020-ൽ ഏകദേശം 5,700 കോടി ഡോളർ മൂല്യമുണ്ടായിരുന്ന റിലയൻസ് റീട്ടെയിലിൻെറ മൂല്യം ഇപ്പോൾ കുതിച്ചുയന്നു. 92,00 കോടി ഡോളറാണ് കമ്പനിയുടെ ഏകദേശ മൂല്യം. ഏകദേശം 7.9 ലക്ഷം കോടി രൂപ വരുമിത്.
ഓഫ്‌ലൈനിലും ഓൺലൈനിലുമുള്ള പ്രധാന റീട്ടെയിൽ ബിസിനസുകൾ റിലയൻസിനുണ്ട്. കെകെആർ, സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെൻറ് ഫണ്ട്, ജനറൽ അറ്റ്‌ലാൻറിക്, യുഎഇയിവെ മുബദാല ഇൻവെസ്റ്റ്മൻറ് കമ്പനി എന്നിവയുൾപ്പെടെയുള്ള നിക്ഷേപകർ റിലയൻസ് റീട്ടെയ്ലിൽ നിക്ഷേപം നടത്തിയിരുന്നു. 10.09 ശതമാനം ഓഹരികൾ വിറ്റ് കമ്പനി 572 കോടി ഡോളർ ആണ് സമാഹരിച്ചത്. ഇത് റിലയൻസ് റീട്ടെയിലിൻെറ മൂല്യമുയർത്തി. പിന്നീട് ഡിജിറ്റൽ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ചതും കമ്പനിക്ക് നേട്ടമായി.മാർച്ചിൽ അവസാനിച്ച പാദത്തിൽ കമ്പനി മികച്ച അറ്റാദായം നേടിയിരുന്നു. 2,415 കോടി രൂപയുടെ അറ്റാദായമാണ് നേടിയത്. കഴിഞ്ഞ വർഷത്തേക്കാൾ 13 ശതമാനം വർധനയാണ് അറ്റാദായത്തിൽ കമ്പനി നേടിയത്. നാലാം പാദത്തിലെ കമ്പനിയുടെ പ്രവർത്തന വരുമാനം മുൻ വർഷം ഇതേ കാലയളവിലെ 50,834 കോടി രൂപയിൽ നിന്ന് 21 ശതമാനം ഉയർന്ന് 61,559 കോടി രൂപയായി മാറിയിരുന്നു. ഗ്രോസറി, കൺസ്യൂമർ ഇലക്ട്രോണിക്‌സ്, ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ എന്നിവയിലെ ശക്തമായ മുന്നേറ്റമാണ് വരുമാന വളർച്ചയ്ക്ക് കാരണമായത്. പല മേഖലകളിലേക്ക് ബിസിനസ് വിപുലീകരിച്ചതും ഗുണമായി.