ഫ്രൂട്ടി കൂടുതൽ മധുരമായി! 300 കോടിയിൽ നിന്ന് 800 കോടിയിലേക്ക്
ഇന്ത്യൻ ശീതള പാനീയ വിപണിയിലെ പ്രമുഖ കമ്പനിയാണ് പാർലെ അഗ്രോ. വർഷങ്ങൾക്ക് മുമ്പ് ഫ്രൂട്ടിയെന്ന ഒരു ഉത്പന്നത്തിൽ മാത്രം ആശ്രയിച്ചിരുന്ന കമ്പനിയുടെ വിറ്റുവരവ് പതിന്മടങ്ങാക്കിയതിന് പിന്നിലെ ബുദ്ധികേന്ദ്രം നാദിയ ചൗഹനാണ്. ഇന്ന് 8,000 കോടിയാണ് പാർലെയുടെ വരുമാനം.
ഏവരും അറിയപ്പെടുന്ന രീതിയിൽ ജനപ്രീതി നേടിയെടുക്കാനും വിജയകരമായി മുന്നേറാനും ചില ബ്രാൻഡുകൾക്ക് വേഗത്തിൽ സാധിക്കാറുണ്ട്. എന്നാൽ നിത്യേന ഉപയോഗിക്കുന്നവിധം ഉത്പന്നങ്ങളെ വളർത്തിയെടുക്കാൻ ബ്രാൻഡിന് പിന്നിൽ പ്രവർത്തിച്ചവരുടെ കഠിനാധ്വനത്തിന്റെ കഥ അറിയപ്പെടണമെന്നുമില്ല. ഇത്തരത്തിൽ വിപണിയിൽ ജനകീയമായ ഒരു ബ്രാൻഡാണ് പാർലെ അഗ്രോയുടെ ഫ്രൂട്ടി.
ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്നവർ മുതൽ കുടുംബത്തിലെ വിശേഷ ചടങ്ങുകളിൽ പങ്കെടുക്കുന്നവർ വരെ, ആവേശത്തോടെ ഉപയോഗിക്കുന്ന പാനീയമായി ഫ്രൂട്ടിയെ വളർത്തിയെടുക്കുന്നതിൽ നിർണായക സംഭാവന നൽകിയ വനിതയാണ് നാദിയ ചൗഹാൻ. ഇന്ത്യൻ ശീതളപാനീയ വിപണിയിലെ മുൻനിര ബ്രാൻഡുകളായ ആപ്പി ഫിസ്, ഫ്രൂട്ടി എന്നിവയുടെ ഉടമസ്ഥരായ പാർലോ അഗ്രോയുടെ വിറ്റുവരവ് 300 കോടിയിൽ നിന്നും 8,000 കോടിയിലേക്കാണ് നാദിയ ചൗഹാൻ ഉയർത്തിയത്.
പ്രശസ്ത ബിസിനസ് സംരംഭകരായ ചൗഹാൻ കുടുംബത്തിലെ അംഗമായി കാലിഫോർണിയയിലാണ് നാദിയ ജനിച്ചത്. വളർന്നതും പഠനവും മുംബൈ നഗരത്തിലായിരുന്നു. എച്ച്ആർ കോളേജിൽ നിന്നും കൊമേഴ്സിൽ ബിരുദപഠനം പൂർത്തിയാക്കി. ഇതിനിടെ 2003-ൽ തന്റെ 17-ാം വയസിലാണ് പിതാവിന്റെ സംരംഭമായ പാർലെ അഗ്രോയിൽ നാദിയ ചേരുന്നത്. നിലവിൽ കമ്പനിയുടെ ചീഫ് മാർക്കറ്റിങ് ഓഫീസറും ജോയിന്റ് മാനേജിങ് ഡയറക്ടറുമാണ്
നാദിയയുടെ മുതുമുത്തച്ഛൻ മോഹൻലാൽ ചാഹാനാണ് 1929-ൽ പാർലെ അഗ്രോ സ്ഥാപിച്ചത്. 1959 മുതൽ കമ്പനി വിവിധ ശീതള പാനീയങ്ങൾ വിപണിയിൽ എത്തിക്കുന്നു. 2003-ൽ നാദിയ കമ്പനിയിൽ ചേരുമ്പോൾ, പാർലെ അഗ്രോയുടെ വരുമാനത്തിന്റെ 95 ശതമാനവും സംഭാവന ചെയ്തിരുന്നത് ഫ്രൂട്ടി എന്ന ബ്രാൻഡ് ഉത്പന്നമായിരുന്നു. ഒറ്റയൊരു ഉത്പന്നത്തിൽ മാത്രം ആശ്രയിച്ചു കമ്പനി മുന്നോട്ടു പോകുന്നതിലെ അപകടം തിരിച്ചറിഞ്ഞ്, കൂടുതൽ ഉത്പന്നങ്ങളിലേക്ക് വൈവിധ്യവത്കരണം നടത്താൻ നാദിയ തീരുമാനിച്ചു.