കെഎസ്എഫ്ഇ ചിട്ടി വായ്പ എടുത്താൽ മെച്ചമുണ്ടോ? എങ്ങനെ തിരിച്ചടയ്ക്കണം? വ്യവസ്ഥകൾ അറിയാം
ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ പണവ്യാപാരം അഥവാ ബാങ്കിംഗ് രീതികളിലൊന്നാണ് ചിട്ടികൾ. കുറിയെന്നും വിളിപ്പേരുണ്ട്. ഒരേസമയം മുൻകരുതലിന്റെയും നിക്ഷേപത്തിന്റെയും വായ്പയുടെയും സ്വഭാവസവിശേഷതകൾ ഒത്തുചേരുന്ന സാമ്പത്തിക ഉപാധിയാണ് ചിട്ടികൾ. രാജ്യത്തെ ഔപചാരിക സാമ്പത്തിക സംവിധാനങ്ങളുടെ പുറത്തുനിൽക്കുന്നവരെയാണ് ഭൂരിഭാഗം ചിട്ടി പദ്ധതികളും അഭിസംബോധന ചെയ്യുന്നത്. നിരവധി കുംഭകോണങ്ങളും തട്ടിപ്പുകളും ചിട്ടി പദ്ധതികളുമായി ബന്ധപ്പെട്ട് രാജ്യമെങ്ങും അരങ്ങേറിയിട്ടുണ്ടെങ്കിലും സാധാരണക്കാരന്റെ സാമ്പത്തികാശ്രയമെന്ന വിശേഷണം ചിട്ടിക്ക് നഷ്ടമായിട്ടില്ല.
അടുത്തിടെ സർക്കാർ നടപ്പാക്കിയ നിയമപരിഷ്കാരങ്ങളും സാങ്കേതികവിദ്യയുടെ കടന്നുവരവും ചിറ്റ് ഫണ്ടുകൾക്ക് പുത്തനുണർവ് നൽകിയിരിക്കുന്നു. രാജ്യത്തെ ജനങ്ങളെ സാമ്പത്തിക സംവിധാനത്തിനുള്ളിലേക്ക് കൊണ്ടുവരാനും ചിട്ടി ഉപകാരപ്രദമാണ്. അതേസമയം സംസ്ഥാന സർക്കാരിന്റെ സ്ഥാപനമെന്ന നിലയിൽ കെഎസ്എഫ്ഇയുടെ ചിട്ടികൾക്ക് മാറ്റ് കൂടുതലാണ്. ഏതെങ്കിലും കെഎസ്എഫ്ഇ ചിട്ടി പദ്ധതിയുടെ ഭാഗമായവർക്ക്, പണത്തിന് ആവശ്യം നേരിടുകയാണെങ്കിൽ വായ്പ എടുക്കുന്നതിന്റെ നടപടി ക്രമമാണ് ചുവടെ വിശദമാക്കുന്നത്.
ചിട്ടി പദ്ധതിയിൽ അംഗമായിട്ടുള്ള ഒരു ചിറ്റാളന് (വരിക്കാരൻ), നിശ്ചിത ശതമാനം കിഴിവിൽ ചിട്ടി ലേലത്തിലൂടെ വിളിച്ചെടുക്കാൻ സാധിക്കും. ഇതിലൂടെ വരിക്കാരന് പണം മുൻകൂട്ടി കൈപ്പറ്റാൻ കഴിയും. എന്നാൽ മറ്റുള്ള ആവർത്തന നിക്ഷേപ പദ്ധതികളിൽ (Recurring Deposit), അതിനകം അടച്ചിട്ടുള്ള പണത്തിന് ആനുപാതികമായാണ് തുക കൈപ്പറ്റാൻ സാധിക്കുകയുള്ളൂ. ഇതു തന്നെയാണ് ചിട്ടിയുടെ സവിശേഷതയും.