ഐഫോണ്‍ നിര്‍മിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാവാന്‍ ടാറ്റഗ്രൂപ്പ്.
ആപ്പിള്‍ ഐഫോണുകളുടെ നിര്‍മാണ രംഗത്തേക്കിറങ്ങാന്‍ ഇന്ത്യന്‍ കമ്പനിയായ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നു. ഈ വര്‍ഷം ഓഗസ്‌റ്റോടെ ആപ്പിള്‍ ഐഫോണ്‍ കരാര്‍ നിര്‍മാതാ…ഇന്ത്യൻ വ്യവസായ ലോകത്ത് വിശ്വസ്തതയുടെ പര്യായങ്ങളിലൊന്നാണ് ടാറ്റ ഗ്രൂപ്പ്. ഉപ്പു മുതൽ കർപ്പൂരം വരെ നിർമിക്കുന്ന ടാറ്റ ഗ്രൂപ്പിന്റെ ഒരു ഉത്പന്നമെങ്കിലും കൺമുന്നിലെത്താതെ ഇന്ത്യക്കാരുടെ ഒരു ദിവസം കടന്നുപോകാറില്ല. 150 വർഷത്തിലധികം പ്രവർത്തന പാരമ്പര്യമുള്ള ടാറ്റ ഗ്രൂപ്പ്, ഇന്ത്യയുടെ വ്യവസായ വളർച്ചയിൽ അതുല്യ സംഭാവനകൾ നൽകിയിട്ടുള്ളവരാകുന്നു. ഏറ്റവുമൊടുവിൽ, ആഗോള ടെക് ഭീമനായ ആപ്പിളിനു വേണ്ടി ഉത്പന്നങ്ങൾ നിർമിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി മാറാനുള്ള ചരിത്ര നിമിഷത്തിലേക്ക് ചുവടുവെക്കുകയാണ് ടാറ്റ ഗ്രൂപ്പ്. ഈയൊരു പശ്ചാത്തലത്തിൽ ടാറ്റ, ഐഫോൺ നിർമിക്കുന്നതു കൊണ്ടുള്ള നേട്ടമാണ് പരിശോധിക്കുന്നത്.
ആപ്പിൾ കമ്പനിക്ക് ആവശ്യമായ ഇലക്ട്രോണിക് ഉപകരണങ്ങൾ കരാറടിസ്ഥാനത്തിൽ നിർമിച്ചു നൽകുന്ന തായ്‌വാൻ ബഹുരാഷ്ട്ര കമ്പനിയായ വിസ്ട്രോൺ ഗ്രൂപ്പിന്റെ കീഴിൽ കർണാടകയിൽ പ്രവർത്തിക്കുന്ന ഫാക്ടറി ഏറ്റെടുക്കാനാണ് ടാറ്റ ഗ്രൂപ്പിന്റെ ശ്രമം. കഴിഞ്ഞ ഒരു വർഷത്തോളമായി നടക്കുന്ന ഉഭയകക്ഷി ചർച്ചയ്ക്കുശേഷം കരാറിൽ അന്തിമ ധാരണ രൂപപ്പെട്ടുവെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചത്.
ഓഗസ്റ്റ് ആദ്യം വിസ്ട്രോണും ടാറ്റയും കരാർ ഒപ്പിട്ടേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഏകദേശം 5,100 കോടിയുടെ ഇടപാടായിരിക്കും നടക്കുക. നിലവിൽ പതിനായിരത്തോളം ജീവനക്കാർ ഫാക്ടറിയിൽ പ്രവർത്തിക്കുന്നുണ്ട്.കർണാടകയിൽ അഞ്ച് വർഷം മുൻപാണ് വിസ്ട്രോൺ ഗ്രൂപ്പ് ഫാക്ടറി സ്ഥാപിച്ചത്. ഐഫോൺ എസ്ഇ-2 മോഡൽ നിർമിച്ചു കൊണ്ടായിരുന്നു തുടക്കം. നിലവിൽ ഇന്ത്യയിലെ ഫാക്ടറിയിൽ നിന്നും ഐഫോൺ-12, ഐഫോൺ-13, ഐഫോൺ-14 മോഡലുകളാണ് പുറത്തിറങ്ങുന്നത്. ജൂണിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ ഏകദേശം 4,100 കോടിയുടെ ഐഫോണുകളാണ് ഇന്ത്യയിൽ നിർമിച്ചശേഷം കയറ്റുമതി ചെയ്തത്.