നോയിസ് സ്മാർട്ട് മോതിരവുമായി ലൂണ റിങ് ഇന്ത്യൻ വിപണിയിൽ
നോയിസ് ഇന്ത്യൻ വിപണിയിൽ പുതിയ സ്മാർട്ട് മോതിരം അവതരിപ്പിച്ചു. നോയിസ് ലൂണ റിങ് (Noise Luna Ring) എന്ന സ്മാർട്ട് റിങ്ങാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഇത് ബ്രാന്റിന്റെ ആദ്യത്തെ സ്മാർട്ട് റിങ്ങാണ്. ഈ പുതിയ സ്മാർട്ട് വെയറബിൾ ഹാർട്ട്ബീറ്റ് മോണിറ്റർ, ടെമ്പറേച്ചർ സെൻസർ, എസ്പിഒ2 സെൻസർ എന്നിവയുൾപ്പെടെ നിരവധി ആരോഗ്യ സെൻസറുകളാണ് ഈ വെയറബിളിൽ ഉള്ളത്. സൺലിറ്റ് ഗോൾഡ്, റോസ് ഗോൾഡ്, സ്റ്റാർഡസ്റ്റ് സിൽവർ, ലൂണാർ ബ്ലാക്ക്, മിഡ്നൈറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട് മോതിരം ലഭ്യമാകും.
ടൈറ്റാനിയം ബോഡിയുള്ള നോയിസ് ലൂണ റിങ്ങിൽ ഹൈപ്പോഅലോർജെനിക് സ്മൂത്ത് ഇന്നർ ഷെല്ലാണുള്ളത്. ഇത് എല്ലാതരം ചർമ്മങ്ങൾക്കും യോജിക്കുന്നതാണ്. വയർലെസ് ചാർജിങ് സപ്പോർട്ടുമായിട്ടാണ് നോയിസ് ലൂണ റിങ് വരുന്നത്. ലൂണ റിങ്ങിന്റെ ഇന്ത്യയിലെ വിലയും വിൽപ്പന തിയ്യതിയും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഈ നോയിസ് ലൂണ റിങ് വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് 2000 രൂപ വിലയുള്ള പ്രയോറിറ്റി ആക്സസ് പാസും ലഭിക്കും. ഗോനോയിസ്.കോം എന്ന വെബ്സൈറ്റിലൂടെയാണ് നോയിസ് ലൂണ റിങ് പ്രീബുക്ക് ചെയ്യേണ്ടത്.

നോയിസ് ലൂണ റിങ് ഏഴ് റിങ് സൈസുകളിലും അഞ്ച് കളർ ഓപ്ഷനുകളിലും ലഭ്യമാകും. ഇൻഫ്രാറെഡ് ഫോട്ടോപ്ലെത്തിസ്മോഗ്രാഫി (പിപിജി) സെൻസറുകൾ, സ്കിൻ ടെമ്പറേച്ചർ സെൻസറുകൾ, 3 ആക്സിസ് ആക്സിലറോമീറ്റർ തുടങ്ങിയ നൂതന സെൻസറുകളോടെയാണ് നോയിസിന്റെ പുതിയ സ്മാർട്ട് റിങ് വരുന്നത്. ഉപയോക്താക്കളുടെ വിരലി നിന്നും സെൻസറുകൾ വഴി ആരോഗ്യപരവും ഫിറ്റ്നസ് സംബന്ധിച്ചതുമായ ഡാറ്റ കണ്ടെത്തുന്ന സംവിധാനമാണ് ഈ റിങ്ങിലുള്ളത്.മൂന്ന് ബമ്പുകളുള്ള ഡിസൈനാണ് നോയിസ് ലൂണ റിങ്ങിൽ ഉള്ളത്. ഇവ സെൻസറുകളാണ്. മൂന്ന് എൽഇഡികളും രണ്ട് പിഡികളും സംയോജിപ്പിക്കുന്ന ഒരു ഒപ്റ്റോമെക്കാനിക്കൽ ഡിസൈനാണ് നോയിസ് ലൂണ റിങ്ങിൽ ഉള്ളത്. 70ൽ അധികം മെട്രിക്കുകൾ ട്രാക്ക് ചെയ്യാൻ ഈ സ്മാർട്ട് മോതിരത്തിന് സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.

ഉറക്കം, റെഡിനസ്, ആക്ടിവിറ്റി എന്നിവയ്ക്കായി ഉപയോക്താക്കൾക്ക് സ്കോറുകൾ നൽകാനുള്ള സംവിധാനവും ഈ സ്മാർട്ട് റിങ്ങിൽ ഉണ്ട്. നോയിസ് ലൂണ റിങ് സ്മാർട്ട് മോതിരം ഒറ്റ ചാർജിൽ ഏഴ് ദിവസം വരെ ബാറ്ററി ലൈഫ് നൽകുന്നു. വാച്ച് പൂർണമായും ചാർജ് ചെയ്യാൻ 60 മിനിറ്റ് സമയമെടുക്കും.