സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; വടക്കൻ കേരളത്തിൽ മഴ കനക്കും, 5 ജില്ലകളിൽ യെല്ലോ അലർട്ട്  

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തി കൂടിയ ന്യുന മർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഈ ന്യൂനമർദ്ദം വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു വടക്കൻ ആന്ധ്രാ പ്രദേശ് – തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്.

തെക്കൻ കൊങ്കൺ തീരം മുതൽ വടക്കൻ കേരള തീരം വരെ നിലനിന്നിരുന്ന തീരദേശ ന്യുന മർദ്ദപാത്തി ദുർബലമായതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.അതേസമയം മലയോരത്ത് ജാഗ്രതാ നിർദ്ദേശമുണ്ട്. ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്.ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശ വാസികളും മത്സ്യതൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

അതിനിടെ ഉത്തരേന്ത്യയിൽ പഞ്ചാബ്, മഹാരാഷ്ട്ര ,യുപി എന്നിവിടങ്ങളിലും ദക്ഷിണേന്ത്യയിൽ തെലങ്കാനയിലും ശക്തമായ മഴ തുടരുകയാണ്. മഹാരാഷ്ട്രയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയിലും പരിസര പ്രദേശങ്ങളിലുമാണ് റെഡ് അലർട്ട് ഉള്ളത്. സംസ്ഥാനത്ത് ഇന്നലെ ഇടിമിന്നലേറ്റ് ആറ് പേർ മരിച്ചു. മഹാരാഷ്ട്രയിലെ ചരൺപൂരിലാണ് മരിച്ചത്.പഞ്ചാബിൽ മഴക്കെടുതിയെ തുടർന്ന് 41 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ 1616 ഓളം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. തരൺ തരൺ, ഫിറോസ്പൂർ, ഫത്തേഗഡ് സാഹിബ്, ഫരീദ്കോട്ട്, ഹോഷിയാർപൂർ, രൂപ്നഗർ, കപൂർത്തല, പട്യാല, മോഗ, ലുധിയാന തുടങ്ങി 19 ജില്ലകളിലും മഴയിൽ വ്യാപക നഷ്ടമാണ് റിപ്പോർട്ട് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team