ഒറ്റചാര്‍ജില്‍ ഏഥറിനേക്കാള്‍ ഇരട്ടി ദൂരം ഓടാം; 1 ലക്ഷം രൂപ മുടക്കിയാല്‍ മതി
കേന്ദ്ര സര്‍ക്കാറിന്റെ ഫെയിം II സബ്സിഡി വെട്ടിച്ചുരുക്കല്‍ ചെറിയ രീതിയില്‍ ബാധിച്ചുവെങ്കിലും ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ സെഗ്മെന്റ് വളരുകയാണ്. ഓരോ ദിവസവും പുതിയ ലോഞ്ചുകള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടന്ന ഇവി ഇന്ത്യ എക്സ്പോ 2022-ല്‍ 6 ഇലക്ട്രിക് സ്കൂട്ടറുകളും ഒരു ഇലക്ട്രിക് ബൈക്കിന്റെ പ്രോട്ടോടൈപ്പും പ്രദര്‍ശിപ്പിച്ച് എനിഗ്മ ഓട്ടോമൊബൈല്‍സ് (Enigma Automobiles) എന്ന കമ്പനി ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
കഴിഞ്ഞ മെയില്‍ രണ്ട് പുതിയ ഇലക്ട്രിക് സ്കൂട്ടര്‍ പുറത്തിറക്കിയ മധ്യപ്രദേശിലെ ഭോപ്പാല്‍ ആസ്ഥാനമായുള്ള കമ്പനി ഇപ്പോള്‍ പുതിയ ഒരു ഹൈറേഞ്ച് ഇവി പുറത്തിറക്കിയിരിക്കുകയാണ്. 1.05 ലക്ഷം മുതല്‍ 1.10 ലക്ഷം രൂപ വരെയാണ് ആമ്പിയര്‍ N8 ഇലക്ട്രിക് സ്കൂട്ടറിന്റെ (Ambier N8) എക്സ്ഷോറൂം വില. താങ്ങാവുന്ന വിലയും മികച്ച റേഞ്ചും വാഗ്ദാനം ചെയ്യുന്ന ഇലക്ട്രിക് സ്കൂട്ടറുകള്ക്കുള്ള ഡിമാന്‍ഡ് തിരിച്ചറിഞ്ഞാണ് ആമ്പിയര്‍ N8 ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മാതാക്കള്‍ പുറത്തിറക്കിയിരിക്കുന്നത്.പവര്‍, ടെക്നോളജി, വൈവിധ്യം എന്നിവയുടെ മികച്ച സംയോജനമാണ് ഈ ഇലക്ട്രിക് സ്കൂട്ടറില്‍ കാണാന്‍ സാധിക്കുക. ഉപഭോക്താക്കളുടെ ശൈലിക്കും മുന്‍ഗണനകള്‍ക്കും അനുയോജ്യമായ രീതിയില്‍ 5 കളര്‍ ഓപ്ഷനുകളില്‍ ഇവി തെരഞ്ഞെടുക്കാം. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഇലക്ട്രിക് സ്കൂട്ടര്‍ 200 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. അതായത് വിപണിയിലെ മുമ്പന്മാരായ ഏഥറിന്റെ ഇവികളേക്കാള്‍ ഏകദേശം ഇരട്ടിയിലധികം റേഞ്ച്.ഒപ്പം ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ രണ്ട് മുതല്‍ നാല് മണിക്കൂര്‍ മാത്രം മതിയെന്നാണ് എനിഗ്മ ഓട്ടോമൊബൈല്‍സ് പറയുന്നത്.
മാര്‍ക്കറ്റിംഗ് ഉദ്യോഗസ്ഥര്‍, ഇന്റര്‍സിറ്റി യാത്രക്കാര്‍, അഗ്രഗേറ്റര്‍മാര്‍ എന്നിവര്‍ക്ക് വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഇലക്ട്രിക് സ്കൂട്ടര്‍ ആണ് ആമ്പിയര്‍ N8. ഇൗ ഇലക്ട്രിക് സ്കൂട്ടര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ അവസരമുണ്ട്.ആമ്പിയര്‍ N8 ഇലക്ട്രിക് സ്കൂട്ടറുകള് ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന വേളയില്‍ കമ്പനി പ്രതിനിധികള്‍ ഉപഭോക്താക്കള്‍ക്ക് സഹായത്തിനുണ്ടാകും. മണിക്കൂറില്‍ 45 മുതല്‍ 50 കിലോമീറ്റര്‍ വരെ പരമാവധി വേഗത കൈവരിക്കാന്‍ ഈ ഹൈസ്പീഡ് ഇലക്ട്രിക് സ്കൂട്ടറിന് സാധിക്കും.
ശക്തമായ 1500 വാട്ട് ഇലക്ട്രിക് മോട്ടോര്‍ ആണ് ഇതിന് തുടിപ്പേകുന്ന്. ഡ്രൈവര്‍ ഉള്‍പ്പെടെ 200 കിലോഗ്രാം ലോഡ് കപ്പാസിറ്റിയുള്ള ആമ്പിയര്‍ N8 ഇലക്ട്രിക് സ്കൂട്ടര്‍ കാര്‍ഗോ നീക്കങ്ങള്‍ ഉള്‍പ്പെടെയുള്ള ഡെലിവറി പരിപാടികള്‍ക്ക് അനുയോജ്യമായിരിക്കും.
ദൈനംദിന ആവശ്യങ്ങള്‍ക്കും പറ്റിയ ഈ ഇലക്ട്രിക് സ്കൂട്ടറിന് 26 ലിറ്റര്‍ ബൂട്ട് ശേഷിയുണ്ട്. മികച്ച സംഭരണ ശേഷി ഈ ഇവിയെ ദൈനംദിന അവശ്യവസ്തുക്കള്‍ക്ക് ഏറെ ഉപകാരപ്രദമായ വാഹനമാക്കി മാറ്റുന്നു. ആമ്പിയര്‍ N8 ഇ-സ്കൂട്ടര്‍ എനിഗ്മ ഓണ്‍ കണക്റ്റ് ആപ്പുമായി സംയോജിപ്പിക്കുന്നതിനാല്‍ യാത്രയ്ക്കിടയില്‍ കണക്റ്റിവിറ്റിക്കൊപ്പം മികച്ച പ്രവര്‍ത്തനവും കാഴ്ചവെക്കും.