ബ്രിട്ടനിൽ യുവ മലയാളി ശാസ്ത്രജ്ഞയ്ക്ക് അഞ്ചു കോടി രൂപയുടെ ഗവേഷണ സ്കോളർഷിപ്പ്
ലണ്ടൻ∙ ബ്രിട്ടനിൽ മെയ്സർ സാങ്കേതിക വിദ്യയുടെ വികസനത്തിന് യുവ മലയാളി ശാസ്ത്രജ്ഞയ്ക്ക് അര ദശലക്ഷം പൗണ്ടിന്റെ (ഏകദേശം അഞ്ചു കോടി രൂപ) ഗവേഷണ സ്കോളർഷിപ്പ്. നോർത്തംബ്രിയ യൂണിവേഴ്സിറ്റിയിൽ മാത്തമാറ്റിക്സ് ഫിസിക്സ് ആൻഡ് ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റന്റ് പ്രഫസറായ പാല സ്വദേശി ഡോ. ജൂണ സത്യനാണ് ഈ അപൂർവ നേട്ടത്തിന് അർഹയായത്.പാലാ സ്രാമ്പിക്കൽ തോമസ് – ഡെയ്സി ദമ്പതികളുടെ മകളാണ്. ചാലക്കുടി സ്വദേശി സത്യൻ ഉണ്ണിയാണ് ഭർത്താവ്. യുകെയിലെ എൻജിനീയറിങ് ആൻഡ് ഫിസിക്കൽ സയൻസ് റിസർച്ച് കൗൺസിലാണ് (ഇ.പി.എസ്.ആർ.സി) മെയ്സർ സാങ്കേതികവിദ്യയുടെ (മൈക്രോവേവ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ) വികസനത്തിനായി ഇത്രയും വലിയ തുക വ്യക്തിഗത സ്കോളർഷിപ്പായി അനുവദിച്ചത്.
വളരെ കുറഞ്ഞ താപനിലയിലും ശക്തിയേറിയ കാന്തികവലയത്തിലും വാക്വം കണ്ടീഷനിലും മാത്രം പ്രവർത്തിക്കുന്ന മെയ്സർ ഡിവൈസുകൾ വളരെ ചുരുങ്ങിയ സാഹചര്യങ്ങളിൽ മാത്രമേ ഉപയോഗിക്കാനാകൂ എന്നതായിരുന്നു ഇതിന്റെ പരിമിതി. എന്നാൽ കഴിഞ്ഞ എട്ടുവർഷത്തെ ഗവേഷണഫലമായി ഡോ. ജൂണ സത്യനും സഹപ്രവർത്തകരും വികസിപ്പിച്ചെടുത്തത് സാധാരണ മുറിക്കുള്ളിലെ താപനിലയിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്ന മെയ്സർ ഡിവൈസാണ്.
ഇതിൽ വിജയം വരിച്ച ജൂണയ്ക്ക് ഇതിനുള്ള ഗവേഷണങ്ങളുടെ പുരോഗതിക്കായാണ് റിസർച്ച് കൗൺസിൽ ഇത്രയും വലിയ തുക ഗ്രാന്റായി അനുവദിച്ചിരിക്കുന്നത്. ഇവർ വികസിപ്പിച്ച ഉപകരണം ചെറുതാക്കി കൂടുതൽ മെച്ചപ്പെടുത്തുകയും വാണിജ്യാടിസ്ഥാനത്തിൽ വികസിപ്പിച്ചെടുക്കുകയും ചെയ്യുന്നതിനാണ് സ്കോളർഷിപ്പ്.
പാലാ അൽഫോൻസാ കോളജിൽനിന്നും ഫിസിക്സിൽ ബിരുദവും സെന്റ് തോമസ് കോളജിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയ ജൂണ ഓസ്ട്രേലിയയിൽ നിന്ന് ഡോക്ടറേറ്റ് നേടിയാണ് ലണ്ടനിലെത്തിയത്. ലണ്ടൻ ഇംപീരിയൽ കോളജിലായിരുന്നു മെയ്സർ ഗവേഷണങ്ങളുടെ തുടക്കം. 2019ലാണ് നോർത്തംബ്രിയ യൂണിവേഴ്സിറ്റിയിൽ ലക്ചററായി എത്തിയത്.ഇവിടെയെത്തിയ ജൂണ ക്വാണ്ടം ആൻഡ് മോളിക്കുളാർ ഫോട്ടോണിക്സ് റിസർച്ചിനായി ഒരു സംഘം ഗവേഷകരെ തന്നെ സംഘടിപ്പിച്ചു.
ലോകത്തുതന്നെ മെയ്സറുകളുടെ ഗവേഷണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന സംഘമാണിത്. ബ്രിട്ടനിൽ മെയ്സർ റിസർച്ചിന് സാധ്യതയുള്ള മൂന്നാമത്തെ യൂണിവേഴ്സിറ്റിയായി നോർത്തബ്രിയയെ മാറ്റിയെടുത്തത് ഡോ. ജൂണയാണ്. ഇംപീരിയൽ കോളജ് ഓഫ് ലണ്ടൻ, യൂണിവേഴ്സിറ്റി കോളജ് ലണ്ടൻ എന്നിവയാണ് സമാനമായ ഗവേഷണ സാധ്യതയുള്ള മറ്റു രണ്ട് യൂണിവേഴ്സിറ്റികൾ.
ദൈനംദിന ജീവിത സാഹചര്യങ്ങളെ ഏറെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് മെയ്സർ ടെക്നോളജിയെന്നാണ് ജൂണ പറയുന്നത്. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ മുതൽ, എയർപോർട്ട് സെക്യൂരിറ്റി വരെയുള്ള കാര്യങ്ങളിൽ ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനാകുമെന്നും അവർ പറയുന്നു. ഗവേഷണത്തിനായി ഫണ്ട് ലഭിച്ചതിൽ അഭിമാനിക്കുന്നതായും ചെലവു കുറഞ്ഞതും സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ മെയ്സർ ഡിവൈസിന്റെ നിർമാണമാണ് ലക്ഷ്യമെന്നും ജൂണ വ്യക്തമാക്കി. ഈ മേഖലയിലെ വിദഗ്ധ ഗവേഷണകേന്ദ്രമായി ബ്രിട്ടനെയും നോർത്തംബ്രിയ യൂണിവേഴ്സിറ്റിയെയും മാറ്റിയെടുക്കാനും ഈ നേട്ടത്തിലൂടെ സാധിക്കുമെന്നാണ് ജൂണയുടെ പ്രതീക്ഷ.