വിലക്കൂടുതൽ പറഞ്ഞ് ഇനി ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ മടിക്കേണ്ട! ബജറ്റ് വിലയിൽ സിമ്പിളിന്റെ രണ്ടെണ്ണം ഉടൻ
വില, റേഞ്ച്, സേഫ്റ്റി ഈ മൂന്ന് കാര്യങ്ങളില്‍ ഒന്നായിരിക്കും ഒരാള്‍ ഇലക്ട്രിക് ടൂവീലര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കുന്ന സുപ്രധാന കാര്യം. അതിനാല്‍ തന്നെ ഇവയില്‍ കൂടുതല്‍ ശ്രദ്ധയൂന്നി ഇവി നിര്‍മാതാക്കള്‍ ഗവേഷണ വികസന രംഗത്ത് കൂടുതല്‍ പണമിറക്കുന്നുണ്ട്. അതിന്റെ ഭാഗമായി കുറഞ്ഞ വിലയില്‍ നിരവധി ഇലക്ട്രിക് സ്‌കൂട്ടറുകളാണ് സമീപദിവസങ്ങളിലായി വിപണിയില്‍ എത്തുന്നത്.
ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വിപണി അതിവേഗം വളരുന്നതിന്റെ അടിസ്ഥാനത്തില്‍ കമ്പനികള്‍ തമ്മില്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതില്‍ മത്സരമുണ്ടോ എന്ന് വരെ തോന്നിപ്പോകും. അതിനാല്‍ തന്നെ ഇന്ന് കൂടുതല്‍ ആളുകള്‍ പെട്രോള്‍ സ്‌കൂട്ടറുകള്‍ ഉപേക്ഷിച്ച് ഇവികളിലേക്ക് മാറാന്‍ തുടങ്ങിയിട്ടുണ്ട്.
ഇപ്പോള്‍ ഇന്ത്യയിലെ നമ്പര്‍ വണ്‍ ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളായ ഓലക്കൊപ്പം രാജ്യത്ത് അരങ്ങേറ്റം കുറിച്ച കമ്പനിയാണ് സിമ്പിള്‍ എനര്‍ജി (Simple Energy).നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വില്‍ക്കുന്നത് ഓലയാണ്. ഏഥറും ടിവിഎസുമാണ് നിലവില്‍ ഓലയുമായി നേരിട്ടേറ്റുമുട്ടിയിരുന്നത്. ഇതിനിടെയാണ് സിമ്പിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടറുമായി സിമ്പിളിന്റെ രംഗപ്രവേശനം. മുമ്പന്‍മാരായ ഓലക്കും ഏഥറിനും പിന്നാലെ വിപണി പിടിക്കാനായി താങ്ങാവുന്ന വിലയില്‍ പുതിയ രണ്ട് മോഡലുകള്‍ പുറത്തിറക്കാന്‍ പോകുകയാണ് സിമ്പിള്‍ എനര്‍ജിയെന്ന ആവേശകരമായ വാര്‍ത്തയാണിപ്പോള്‍ പുറത്ത് വരുന്നത്.

സിമ്പിള്‍ എനര്‍ജി അതിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് സിമ്പിള്‍ വണ്‍ ഡോട്ട് (Simple Dot One), ഡോട്ട് വണ്‍ എന്നിങ്ങനെ പേരുകള്‍ ട്രേഡ്മാര്‍ക്കിന് അപേക്ഷിച്ചിട്ടുണ്ട്. ഫെയിം II സബ്‌സിഡി വെട്ടിക്കുറച്ചത് കാരണം അടുത്ത കാലത്തായി വില്‍പ്പനയില്‍ ഇടിവ് നേരിട്ടത് മറികടക്കാന്‍ ഇവി നിര്‍മാതാക്കള്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു കുറഞ്ഞ വിലയില്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുകയെന്നത്.ഓലക്കും ഏഥറിനും ചെക്ക് വെക്കാനായി സിമ്പിള്‍ ഒരു ലക്ഷം രൂപക്കടുത്ത് വിലയില്‍ സ്‌കൂട്ടര്‍ പുറത്തിറക്കിയാലും അത്ഭുതപ്പെടാനില്ല.
നിലവില്‍ സിമ്പിള്‍ എനര്‍ജി സിമ്പിള്‍ വണ്‍ എന്ന ഒറ്റ ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലാണ് വിപണിയില്‍ എത്തിക്കുന്നത്. നിലവില്‍ 1.45 ലക്ഷം രൂപയാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില. ഇലക്ട്രിക് സ്‌കൂട്ടറിന് 8.5 kW മോട്ടോറാണ് കരുത്ത് പകരുന്നത്. ഇത് 4.5 കിലോവാട്ട് പവറും 72 Nm ടോര്‍ക്കും പുറപ്പെടുവിക്കും.വെറും 2.77 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ ഇലക്ട്രിക് സ്‌കൂട്ടറിന് സാധിക്കും.
മണിക്കൂറില്‍ 105 കിലോമീറ്റര്‍ ആണ് സിമ്പിള്‍ വണിന്റെ പരമാവധി വേഗത. 5 kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ചിരിക്കുന്ന സിമ്പിള്‍ വണ്‍ ഒറ്റചാര്‍ജില്‍ 212 കിലോമീറ്റര്‍ ഓടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. സെഗ്‌മെന്റിലെ ഏറ്റവും കൂടുതല്‍ റേഞ്ച് തരുന്ന മോഡലാണ് സിമ്പിള്‍ വണ്‍.