ഓണത്തിന് ചിട്ടി ചേരാം; വരിക്കാർക്ക് സമ്മാനങ്ങളുമായി കെഎസ്എഫ്ഇ  

ഭാവിയിലെ സാമ്പത്തിക ആവശ്യം മുൻകൂട്ടി കാണാൻ സാധിക്കുമെങ്കിൽ വായ്പയിലേക്ക് കടക്കാതെ പണം സമാഹരിക്കാനുള്ള മാർഗമാണ് ചിട്ടികൾ. വായ്പ മാർഗത്തിനൊപ്പം നിക്ഷേപ സാധ്യതകളും ചിട്ടി തുറക്കുന്നുണ്ട്. ചിട്ടി ചേരുന്നതിലൂടെ സമ്മാനങ്ങളും സ്വന്തമാക്കാനുള്ള വഴിയാണ് കെഎസ്എഫ്ഇ സ്കീമുകൾ. നിലവിലുള്ള 2 സ്കീമുകൾ വഴി ഓണപ്പുടവ മുതൽ ഡയമണ്ട് ആഭരണങ്ങൾ വരെ നേടാൻ സാധിക്കും. ഓണത്തിന് കെഎസ്എഫ്ഇ ആരംഭിക്കുന്ന പുതിയ സ്കീമായ ഓണപ്പുടവ സ്കീമിനെയും നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ഡയമണ്ട് ചിട്ടി സ്കീമിനെയും അറിയാം.

ചിങ്ങം 1 മുതല്‍, അതായത് ഓഗസ്റ്റ് 17 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ പുതിയ ചിട്ടി ചേരുന്ന വരിക്കാര്‍ക്കാണ് ഓണപ്പുടവ സ്‌കീം വഴി സമ്മാനം ലഭിക്കുന്നത്. പുതിയ ചിട്ടി ചേര്‍ന്നവരില്‍ നിന്ന് ദിവസത്തില്‍ ഒരാള്‍ക്ക് എന്ന തോതില്‍ നറുക്കിലൂടെ 1,000 രൂപ വില മതിക്കുന്ന ഓണപ്പുടവയോ സെറ്റ് മുണ്ടുകളോ ലഭിക്കും.

ഉദാഹരണമായി ഓഗസ്റ്റ് 17 ന് കെഎസ്എഫ്ഇ ബ്രാഞ്ചില്‍ ചിട്ടികള്‍ ആരംഭിച്ചാല്‍ 18 മുതല്‍ നറുക്കെടുത്ത് ഒരാള്‍ക്ക് സെറ്റ്മുണ്ടോ മുണ്ടുകളോ ലഭിക്കും. 1000 രൂപ വില വരുന്ന സമ്മാന വിതരണം ഓഗസ്റ്റ് 25 വരെ തുടരും. സ്വര്‍ണം പണയം വെയ്ക്കുന്നവര്‍ക്കും സ്‌കീം പ്രയോജനപ്പെടുത്താം. 17 മുതല്‍ 25 വരെ സ്വര്‍ണം പണയം വെയ്ക്കുന്നവരില്‍ നിന്ന് ഒരാളെ തിരഞ്ഞെടുത്ത് 1,000 രൂപയുടെ ഓണപ്പുടവ സമ്മാനമായി ലഭിക്കും.

നിലവിലുള്ള മറ്റൊരു കെഎസ്എഫ്ഇ ചിട്ടി സ്കീമാണ് ഡയമണ്ട് ചിട്ടി. പുതിയ ചിട്ടിയിൽ ചേരുന്ന അംഗങ്ങൾക്ക് സ്വർണവും ഡയമണ്ടും അടക്കമുള്ള സമ്മാനങ്ങളാണ് ചിട്ടി സ്കീമിലൂടെ നൽകുന്നത്. ഏപ്രില്‍ 17 ന് ആരംഭിച്ച സ്കീം സെപ്റ്റംബര്‍ 30 വരെ നീണ്ടു നിൽക്കും.

ഇക്കാലയളവിൽ ആരംഭിക്കുന്ന ചിട്ടികളിൽ ചേരുന്നവർക്ക് ഡയമണ്ട് ചിട്ടിയുടെ ആനുകൂല്യങ്ങൾ ലഭിക്കും. ബംബർ സമ്മാനമായി 25 ലക്ഷം രൂപ വില വരുന്ന ഡയമണ്ട് ആഭരണങ്ങളാണ് ഡയമണ്ട് ചിട്ടിയിലൂടെ ലഭിക്കു. ആഭരണങ്ങൾ ആവശ്യമില്ലാത്തവർക്ക് 25 ലക്ഷം രൂപ പണമായി സ്വീകരിക്കാം.

മേഖലാ തല സമ്മാനമായി 10 പവന്‍ നൽകും. 10 പവൻ സ്വർണം വീതം 17 പേർക്കാണ് സമ്മാനം ലഭിക്കുക. 16 മേഖലകളിലും ഒരു ഡിജിറ്റൽ ബിസിനസ് സെന്ററിലുമായാണ് 17 പേർക്ക് സമ്മാനം ലഭിക്കുക. പണമായി സമ്മാനം വേണ്ടവർക്ക് പരമാവധി 4.50 ലക്ഷം രൂപ ലഭിക്കും.
‌ശാഖ തല സമ്മാനങ്ങൾ 3,744 പേര്‍ക്ക് സ്മാനം ലഭിക്കും.

ശാഖാതലത്തില്‍ ഓരോ ശാഖയുടെയും വാര്‍ഷിക വരുമാനം കണക്കാക്കി വ്യത്യസ്ത അളവിലാണ് സമ്മാനം നൽകുന്നത്. പുതിയ ചിട്ടി ചേർന്ന് വരിക്കാരിൽ നിന്ന് നറുക്കെടുക്കുന്നവർക്ക് 10,000 രൂപയുടെ സ്വർണം ലഭിക്കും പണമായി പരമാവധി 10,000 രൂപയും ലഭിക്കും. സമ്മാനം ലഭിക്കുന്നവരുടെ എണ്ണം ബ്രാഞ്ചുകൾ അനുസരിച്ച് വ്യത്യാസപ്പെടും.

ചിട്ടി ചേരുന്നതിനൊപ്പം സമ്മാനങ്ങൾക്കും സാധ്യതയുള്ളതിനാൽ ഈ സമയത്ത് ചിട്ടി ചേരുന്നത് അനുയോജ്യമായ സമയാണ്. ഓരോരുത്തരുടെയും ആവശ്യത്തിന് അനുസരിച്ചുള്ള, ബജറ്റിന് അനുസരിച്ചുള്ള മാസ അടവ് വരുന്ന ചിട്ടികൾ കണ്ടെത്തി ചേരുന്നതാകും ഉചിതം. ഏതൊക്കെ ശാഖകളിൽ ഏതൊക്കെ ചിട്ടികൾ ആരംഭിക്കുന്നുണ്ടെന്ന് ഓൺലൈനായി അറിയാനുള്ള സൗകര്യം കെഎസ്എഫ്ഇ ആരംഭിച്ചിട്ടുണ്ട്.

ksfeonline.com എന്ന വെബ്സൈറ്റ് വഴിയാണ് പുതിയ ചിട്ടി വിവരങ്ങൾ അറിയാൻ സാധിക്കുക. ജില്ല, ബ്രാഞ്ച്, ആവശ്യമുള്ള കാലയളവ്, മാസ അടവ് എന്നിവ തിരഞ്ഞെടുത്ത് ചിട്ടി തിരയാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team