ലോകമെങ്ങും ഇംഗ്ലിഷ് പഠിപ്പിക്കാം,മികച്ച ശമ്പളം!
ലോകത്ത് 200 കോടിയിലധികം ആളുകൾ ഇംഗ്ലിഷ് പഠിക്കുന്നുണ്ടാകുമെന്നാണു കരുതപ്പെടുന്നത്. ഇവരെ ആരു പഠിപ്പിക്കും ? നിങ്ങൾക്കു താൽപര്യമുണ്ടോ ? ഇതുവരെ ഇംഗ്ലിഷിന് അത്ര പ്രാധാന്യം കൊടുക്കാതിരുന്ന രാജ്യങ്ങൾ പോലും ഇപ്പോൾ ഇംഗ്ലിഷിനെ നന്നായി പരിഗണിക്കാൻ തുടങ്ങിയിട്ടുണ്ട്.
ഉദാഹരണം ചൈന. ബ്രൂണയ്, തായ്‌ലൻഡ്, സിംഗപ്പുർ തുടങ്ങിയ രാജ്യങ്ങളും അറബ് രാജ്യങ്ങളും ഇംഗ്ലിഷ് പരിശീലകരെ കൈയ്യും നീട്ടി സ്വീകരിക്കുന്നു. യുഎസിലും യുകെയിലും പോലും ഇംഗ്ലിഷ് അത്ര വശമില്ലാത്ത കുടിയേറ്റക്കാർ ട്രെയിനർമാരുടെ സേവനം തേടുന്നു.ഇന്ത്യയിലെ ഇംഗ്ലിഷ് അധ്യാപനത്തിനു ഭാഷയിലുള്ള ബിരുദങ്ങളും മറ്റു യോഗ്യതകളുമാണല്ലോ പരിഗണിക്കുന്നത്.
എന്നാൽ രാജ്യാന്തര തലത്തിൽ ഇതുമാത്രം പോരാ. വിദേശത്തേക്കു പോകുമ്പോൾ ഇംഗ്ലിഷ് പ്രാവീണ്യം തെളിയി ക്കാൻ ഐഇഎൽടിഎസും ടോഫലും എഴുതേണ്ടിവരില്ലേ? അതുപോലെ ഇംഗ്ലിഷ് അധ്യാപനത്തിനും ടീസോൾ, ടെഫ്ൽ തുടങ്ങിയ സർട്ടിഫിക്കേഷനുകൾ നേടണം. ടീസോൾ എന്നാൽ ‘ടീച്ചിങ് ഇംഗ്ലിഷ് ടു സ്പീക്കേഴ്‌സ് ഓഫ് അദർ ലാംഗ്വേജസ്’. ‘ടീച്ചിങ് ഇംഗ്ലിഷ് ആസ് എ ഫാറിൻ ലാംഗ്വേജ്’ എന്നതാണു ടെഫ്ലിന്റെ പൂർണരൂപം. ഇരുകോഴ്‌സുകളും ഏറെക്കുറെ സമാനം.
ഒട്ടേറെ സ്വകാര്യ അക്കാദമികൾ ഇവ നടത്തുന്നുണ്ട്. കോഴ്‌സ് തിരഞ്ഞെടുക്കുമ്പോൾ രാജ്യാന്തര സ്വീകാര്യത ഉറപ്പാക്കണം. വിദേശത്തും ഓൺലൈനിലുമുള്ള, ഇംഗ്ലിഷ് മാതൃഭാഷയായിട്ടില്ലാത്ത വിദ്യാർഥികൾക്ക് ഭാഷാപരിശീലനം നടത്താനാണ് ടെഫ്ൽ മികച്ചത്. ഇംഗ്ലിഷ് ഒന്നാംഭാഷയായി സംസാരിക്കുന്ന ഒരു രാജ്യത്തെ വിദ്യാർഥികളെ പരിശീലിപ്പിക്കാനാണ് ടീസോൾ കൂടുതൽ അഭികാമ്യം.ടീസോൾ സർട്ടിഫിക്കേഷനുകളിൽ രാജ്യാന്തരതലത്തിൽ ഏറ്റവും സ്വീകരിക്കപ്പെുന്നവയാണു സെർട്ടീസോളും സെൽറ്റയും.
പ്രശസ്തമായ ലണ്ടൻ ട്രിനിറ്റി കോളജിന്റെ സർട്ടിഫിക്കറ്റാണു സെർട്ടീസോൾ. ദൈർഘ്യം നാല്- അഞ്ച് ആഴ്ച. കുറഞ്ഞ പ്രായപരിധി 18 വയസ്സ്. ശബ്ദശാസ്ത്രത്തിനു (ഫൊണോളജി) പ്രാമുഖ്യമുണ്ട്.കേംബ്രിജ് സർവകലാശാലയുടെ ആഭിമുഖ്യത്തിൽ ബ്രിട്ടിഷ് കൗൺസിൽ നടത്തുന്ന ടീസോൾ കോഴ്സാണു സെൽറ്റ (സർട്ടിഫിക്കറ്റ് ഇൻ ഇംഗ്ലിഷ് ലാംഗ്വേജ് ട്രെയിനിങ് ടു അഡൾട്സ്).
ദൈർഘ്യം നാലാഴ്ച. വിദേശങ്ങളിൽ ‘നേറ്റിവിറ്റി സ്പീക്കർ’ക്കാകും (ഇംഗ്ലിഷ് മാതൃഭാഷയായിട്ടുള്ളയാൾ) മുൻഗണന ലഭിക്കുക. എന്നാൽ ഇന്നു ‘നേറ്റിവിറ്റി സ്പീക്കർ’മാർ വേണ്ടത്രയില്ല. ശമ്പളം ഭാരിച്ചതുമാണ്. രാജ്യാന്തര ഇംഗ്ലിഷ് അധ്യാപനപരിചയ കോഴ്‌സുകൾ പഠിച്ച ഇന്ത്യക്കാർക്ക് വഴി തുറക്കുന്നതും ഈ സാഹചര്യം തന്നെ.