സെക്കൻഡ് ഹാൻഡ് വിലയിൽ പുത്തൻ വണ്ടി; എന്താണ് ഡെമോ കാർ?
ഒരു കാർ സ്വന്തമാക്കുക എന്നത് ഏതൊരാളുടേയും വലിയ സ്വപ്നങ്ങളിൽ ഒന്നാണ്. അതിപ്പോൾ പുതിയതാണെങ്കിലും സെക്കൻഡ് ഹാൻഡ് ആണെങ്കിലും ആ നിമിഷം ഏറെ സന്തോഷകരമായ നിമിഷങ്ങളിൽ ഒന്നാവും. കേരളത്തിലാണെങ്കിൽ ഇന്ന് കാറുകൾ ഇല്ലാത്ത വീടുകളും കുറഞ്ഞുവരികയാണ്. ആഡംബര വസ്തുവിൽ നിന്നും ആവശ്യ വസ്തുവായി വാഹനങ്ങൾ മാറിയതും അതിവേഗമാണ്. പുതിയ കാർ വാങ്ങാൻ ബജറ്റില്ലാത്തവരായിരിക്കും അധികവും യൂസ്ഡ് മോഡലുകളിലേക്ക് പോവുന്നത്.എന്നാൽ പുതിയൊരെണ്ണം വില കുറച്ച് വാങ്ങാനാവുമോ എന്ന ചോദ്യം പലരുടേയും മനസിൽ തങ്ങിനിൽക്കാറുള്ള ചോദ്യങ്ങളിൽ ഒന്നായിരിക്കും അല്ലേ. എക്സ്ഷോറൂം വിലയും ടാക്സും ഇൻഷുറൻസുമെല്ലാം ആയി വരുമ്പോൾ നല്ലൊരു തുക തന്നെയാണ് പോക്കറ്റിൽ നിന്നും ഇറങ്ങുന്നത്.
പക്ഷേ ഷോറൂമിൽ പോയാൽ ഡെമോ കാറുകൾ സ്വന്തമാക്കാനാവും എന്ന കാര്യം പലർക്കും അറിയില്ലാത്തൊരു സംഭവമാണ്. ഡെമോ കാറുകൾ അഥവാ ടെസ്റ്റ് ഡ്രൈവ് വാഹനങ്ങൾ ഇന്ത്യൻ വാഹന വിപണിയിൽ തരംഗം സൃഷ്ടിക്കുന്ന കാലമാണിത്.ഇവ സാധാരണ പോലെ യൂസ്ഡ് കാർ അല്ല കേട്ടോ. ഈ ഡെമോ കാറുകൾ എന്താണെന്നും അവ എങ്ങനെ വില കുറവിൽ വാങ്ങാനാവുമെന്നും എന്നൊന്നു നോക്കിയാലോ? “ഡെമോ” അല്ലെങ്കിൽ “ഡെമോൺസ്ട്രേഷൻ” കാർ എന്നു പറയുന്നത് പൊതുവേ ടെസ്റ്റ് ഡ്രൈവ് കാർ എന്നും അറിയപ്പെടുന്നു. ഡീലർഷിപ്പിന്റെ ഔദ്യോഗിക വാഹനങ്ങളായും ടെസ്റ്റ് ഡ്രൈവ് കാറുകൾ ഉപയോഗിക്കുന്നു, സെയിൽസ് എക്സിക്യൂട്ടീവുകളും മറ്റ് ഉദ്യോഗസ്ഥരും ഡീലർഷിപ്പുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി ഇവ ഉപയോഗിക്കാറുണ്ട്.
ആയതിനാൽ പുതിയ കാറിന്റെ അത്ര പെർഫക്ട് ആയിരിക്കില്ല ഡെമോ കാറുകൾ. ഉപയോഗം പരിമിതമായതിനാൽ പുത്തൻ പോലെ തന്നെ വാങ്ങാനാവും. ടെസ്റ്റ് ഡ്രൈവുകളിൽ നിന്ന് ചെറിയ തേയ്മാനങ്ങൾ ഉണ്ടാകാം എന്നതിനാൽ, ബ്രാൻഡ്-ന്യൂ കാറുകളെ അപേക്ഷിച്ച് ഇവ പലപ്പോഴും ഗണ്യമായ കിഴിവിലാണ് ഡീലർഷിപ്പുകൾ വിറ്റഴിക്കാറുള്ളത്. ഒരു ഡെമോ കാർ സാധാരണയായി ഒരു പ്രത്യേക മോഡലിന്റെ ടോപ്പ്-സ്പെക് വേരിയന്റായിരിക്കും.കാരണം ആ വാഹനത്തിൽ ലഭ്യമായ എല്ലാ ഫീച്ചറുകളും ഹൈലൈറ്റ് ചെയ്യാനും ഉപഭോക്താവിനെ പരിചയപ്പെടുത്താനും അവർ വാങ്ങുന്നതിനു മുമ്പുള്ള എല്ലാ സവിശേഷതകളും അവശ്യവസ്തുക്കളും പരിചയപ്പെടുത്താനും വേണ്ടിയാണ് ടോപ്പ് വേരിയന്റുകൾ ഡെമോ കാറായി ഉപയോഗിക്കാറുള്ളത്.
ആയതിനാൽ ഡെമോ കാർ വാങ്ങാനുള്ള തീരുമാനം നിങ്ങളുടെ ബജറ്റ്, മുൻഗണനകൾ എന്നിവയുൾപ്പെടെയുള്ള വിവിധ ഘടകങ്ങളെ ആശ്രയിച്ചായിരിക്കണം.ഇനി ഡെമോ കാറുകൾ വാങ്ങുന്നത് മൂല്യവത്താണോ എന്ന് വിലയിരുത്തിയാൽ അവ അവതരിപ്പിക്കുന്ന വ്യതിരിക്തമായ നേട്ടങ്ങൾ തിരിച്ചറിയുന്നിടത്താണ് അനുയോജ്യമാണോ അല്ലയോയെന്ന് അറിയാൻ കഴിയുക. ടെസ്റ്റ് ഡ്രൈവ് വാഹനങ്ങൾ എന്ന് വിളിക്കപ്പെടുന്ന ഡെമോ കാറുകൾ, പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് വിൽപ്പനയ്ക്ക് ലഭ്യമാവുന്നത്. ഒരു പുതിയ മോഡൽ അവതരിപ്പിക്കപ്പെടുമ്പോൾ, ഡീലർഷിപ്പുകൾ അവരുടെ ഡെമോ കാറുകൾ ഇടയ്ക്കിടെ മാറ്റിസ്ഥാപിക്കാറുണ്ട്.
ഈ വേളയിൽ നിങ്ങൾക്ക് ഡെമോ വണ്ടികൾ ഡീലർഷിപ്പ് സന്ദർശിച്ച് വാങ്ങാനാവും. നിർമാണം, മോഡൽ, ഡീലർഷിപ്പ് എന്നിവയെ ആശ്രയിച്ച് ഡെമോ കാറും ഒരു പുതിയ കാറും തമ്മിലുള്ള വില വ്യത്യാസം ഗണ്യമായി വ്യത്യാസപ്പെടാം. ശരാശരി ഡെമോ കാറുകൾക്ക് അവയുടെ പുതിയ മോഡലുകളേക്കാൾ ഏകദേശം 10 ശതമാനം മുതൽ 20 ശതമാനം വരെ വില കുറവായിരിക്കും.എങ്കിലും, ചില മോഡലുകൾക്കോ ഡീലർഷിപ്പ് പ്രമോഷനുകൾക്കോ ഈ കിഴിവിനേക്കാൾ കൂടുതലും ലഭിച്ചേക്കാം. ഇതിൽ ഡീലറുമായി സംസാരിച്ചാൽ ഇനിയും വില കുറവിൽ വണ്ടികിട്ടിയേക്കാമെന്നതാണ് ശ്രദ്ധേയം. ഇതിനായി മിക്ക കമ്പനികളും ഒരു ഡെമോ കാർ വാങ്ങാൻ എത്തുന്നവരുമായി ചർച്ചകൾ വരെ നടത്താറുണ്ട്.
ഡെമോ കാറുകൾ കൂടുതലും ഡീലർഷിപ്പുകൾ ഉപയോഗിക്കുന്ന രജിസ്റ്റർ ചെയ്യാത്ത കാറുകളാണ്. ആയതിനാൽ വാഹനത്തിന്റെ ആദ്യ ഉടമയായി തന്നെ വണ്ടി വാങ്ങാനാവും.