ഇനി ആധാര്‍ കാര്‍ഡ് എല്‍.പി.ജി കണക്ഷനുമായി ബന്ധിപ്പിക്കണം  

ഗ്യാസ് സിലിണ്ടറുകള്‍ യഥാര്‍ത്ഥ ഉടമകള്‍ തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പിക്കാന്‍ എല്ലാ എല്‍.പി.ജി കണക്ഷന്‍ ഉടമകളും ഗ്യാസ് കണക്ഷന്‍ മസ്റ്ററിംഗ് (ആധാറും എല്‍.പി.ജി കണക്ഷനുമായി ബന്ധിപ്പിക്കല്‍)നടത്തണമെന്ന് റിപ്പോര്‍ട്ട്. നേരത്തെ പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയിലുള്ളവര്‍ക്ക് മാത്രമേ മസ്റ്ററിംഗ് നിര്‍ബന്ധമുള്ളൂ എന്നായിരുന്നു വിവരം. എന്നാല്‍ എല്ലാ കണക്ഷന്‍ ഉടമകള്‍ക്കും ഇത് നിര്‍ബന്ധമാണെന്നാണ് റിപ്പോര്‍ട്ട്. മസ്റ്ററിംഗ് നടത്തുന്നതിനുള്ള അവസാന തീയതി അടുത്ത് തന്നെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും.

മസ്റ്ററിംഗ് നടപടി പൂര്‍ത്തിയാക്കാത്തവര്‍ക്ക് ഇതിന് ശേഷം സിലിണ്ടര്‍ ബുക്ക് ചെയ്യാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു.
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ മുടക്കമില്ലാതെ ലഭ്യമാക്കുന്നതിനും തട്ടിപ്പുകള്‍ തടയുന്നതിനുമാണ് ആധാര്‍ കാര്‍ഡുകള്‍ എല്‍.പി.ജി കണക്ഷനുമായി ബന്ധിപ്പിക്കാന്‍ തീരുമാനിച്ചത്. നടപടി തുടങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും ആളുകള്‍ മസ്റ്ററിംഗ് ചെയ്യാന്‍ മടിച്ചതോടെയാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി വിതരണ കമ്പനികള്‍ രംഗത്തെത്തിയത്.

എല്ലാവരും മസ്റ്ററിംഗ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് കമ്പനികള്‍ വ്യക്തമാക്കുന്നത്. ഓണ്‍ലൈനായും വിതരണ കമ്പനികളുടെ ഓഫീസുകളില്‍ നേരിട്ടെത്തിയും നടപടി പൂര്‍ത്തിയാക്കാം. കണക്ഷന്‍ ഉടമക്ക് നേരിട്ട് ഹാജരാകാന്‍ കഴിയാത്ത സാഹചര്യത്തില്‍ അതേ റേഷന്‍ കാര്‍ഡിലുള്‍പ്പെട്ട മറ്റൊരാള്‍ക്ക് മസ്റ്ററിംഗ് ചെയ്യാനുള്ള സൗകര്യം ലഭിക്കും. ഇതിനായി ഉടമയുടെ പേരിലുള്ള കണക്ഷന്‍ മറ്റേയാളിന്റെ പേരിലേക്ക് മാറ്റണം. കിടപ്പുരോഗികള്‍ സമാനസാഹചര്യങ്ങളിലുള്ളവര്‍ എന്നിവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team