Latest

എഥനോൾ നിർമാണത്തിന് കരിമ്പു വേണ്ട, കടുത്ത വിലക്കിനു കേന്ദ്രം, ഇ20യെ ബാധിക്കുമോ?

Share

ന്യൂഡൽഹി ∙ രാജ്യത്ത് പഞ്ചസാര ഉൽപാദനത്തിൽ വൻ ഇടിവുണ്ടായതിനെത്തുടർന്ന്, എഥനോൾ നിർമാണത്തിനായി കരിമ്പിൻനീരും സിറപ്പും ബി-ഹെവി മൊളാസസും ഉപയോഗിക്കുന്നത് കേന്ദ്ര സർക്കാർ വിലക്കുന്നു. നവംബറിൽ ആരംഭിക്കുന്ന 2026-27 എഥനോൾ വിതരണ വർഷത്തിലാകും നിയന്ത്രണം ഏർപ്പെടുത്തുക. ആഭ്യന്തര വിപണിയിൽ പഞ്ചസാര ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള പുതിയ തീരുമാനം കേന്ദ്രം ഉടൻ വിജ്ഞാപനം ചെയ്യും.

പ്രധാന കരിമ്പ് ഉൽപാദന സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലെ രൂക്ഷമായ വരൾച്ചയാണ് പഞ്ചസാര ഉൽപാദനത്തെ സാരമായി ബാധിച്ചത്. 2025-26 സീസണിലെ പ്രാഥമിക കണക്കുകളെക്കാൾ 11 ശതമാനത്തോളം കുറവാണ് ഉൽപാദനത്തിലുണ്ടായത്. വരും നാളുകളിലും ഉൽപാദനം കുറയാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ വർഷം ആകെ ഉൽപാദനത്തിന്റെ 10 ശതമാനത്തോളം വരുന്ന 30 ലക്ഷം ടൺ പഞ്ചസാരയാണ് എഥനോൾ നിർമാണത്തിനായി വകമാറ്റിയത്. ഒക്ടോബർ ഒന്നിന് ആരംഭിച്ച പുതിയ പഞ്ചസാര സീസണിൽ രാജ്യത്തെ കരുതൽ ശേഖരം 37.5 ലക്ഷം ടൺ മാത്രമാണ്. മുൻവർഷം ഇത് 50 ലക്ഷം ടണ്ണായിരുന്നു.

എഥനോൾ നിർമാണത്തിനുള്ള വിലക്ക് വരുന്നതോടെ ലഭ്യമായ കരിമ്പ് പൂർണമായും പഞ്ചസാര ഉൽപാദനത്തിനായി ഉപയോഗിക്കാൻ മില്ലുകൾക്ക് സാധിക്കും.

ഇ20യെ ബാധിക്കില്ല
പെട്രോളിൽ 20% എഥനോൾ കലർത്തുന്ന നടപടിയെ പുതിയ തീരുമാനം ബാധിക്കില്ല. നിലവിൽ രാജ്യത്ത് ഉൽപാദിപ്പിക്കുന്ന എഥനോളിന്റെ മുക്കാൽ പങ്കും ചോളം ഉൾപ്പെടെയുള്ള ധാന്യങ്ങളിൽ നിന്നാണ് നിർമിക്കുന്നത്. 2022-23 ൽ എഥനോൾ നിർമാണത്തിനായി 12% പഞ്ചസാര വകമാറ്റിയിരുന്നെങ്കിൽ 2025-26ൽ ഇത് 9 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *