എ.പി.എ കാമ്പസ് ബൂം: എം.എ.എം.ഒ.സി.കൊമേഴ്‌സ് വിഭാഗം സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന ബിസിനസ്സ് മീറ്റ് നടത്തി
ഡൈനാമിക് എന്റര്‍പ്രണ്യൂറിയല്‍ സിമ്പോസിയമായ എ.പി.എ. കാമ്പസ് ബൂം ബിസിനസ് മീറ്റ് 2024 മണാശ്ശേരി എം.എ.എം.ഒ. കോളേജിലെ കൊമേഴ്സ് വിഭാഗം വിജയകരമായി സംഘടിപ്പിച്ചു.
പരിപാടിയില്‍ വിവിധ മേഖലകളില്‍ നിന്നുള്ള സംരംഭകര്‍ പങ്കെടുത്തു. തങ്ങളുടെ ബിസിനസ് ലോകത്തെക്കുറിച്ചുള്ള വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍, പ്രവര്‍ത്തനങ്ങള്‍, വെല്ലുവിളികള്‍, യാത്രകള്‍, അവസരങ്ങള്‍, ഭാവി പ്രവര്‍ത്തനങ്ങള്‍, സ്വപ്‌നങ്ങള്‍ എന്നിവ പങ്കുവെച്ച പ്രശസ്ത സംരംഭകരുമായി പാനല്‍ ചര്‍ച്ച പരിപാടിയില്‍ അവതരിപ്പിച്ചു. ഒപ്പം വിദ്യാര്‍ത്ഥികള്‍ പാനലിസ്റ്റുകളുമായി സംവദിച്ചു.
കെ.ഇ.ഇ.എം.സി. മെഡിക്കല്‍ എക്യുപ്മെന്റ് എല്‍.എല്‍.സി. ദുബായ് മാനേജിംഗ് ഡയറക്ടര്‍ റഷീദ്, ക്ലാപ്സ് ലേര്‍ണിംഗ് സി.ഇ.ഒ. റിഷാദ് വി, സ്മൂച്ചോയുടെ സ്ഥാപകരായ അഡ്വ. ഹുബൈല്‍ ഹിലാല്‍, അഡ്വ. ജാസിം, ജംഷീര്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് പ്രസിഡന്റ് അലി അക്ബര്‍, നോട്ട് എ.ഐ.യുടെ സ്ഥാപകനും സി.ഇ.ഒ.യും എം.എ.എം.ഒ. കോളേജ് അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയുമായ അന്‍സാര്‍ എം.പി. എന്നിവരും പങ്കെടുത്തു.
മീറ്റിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് അവരുമായി ഇടപഴകാനും സംരംഭങ്ങളെക്കുറിച്ച് അടുത്തറിയാനും ഉപദേശങ്ങള്‍ തേടാനും അവസരമുണ്ടായി. അതുവഴി കാമ്പസ് ബൂം വിദ്യാര്‍ത്ഥികള്‍ക്ക് വ്യവസായ വിദഗ്ധര്‍ വിലമതിക്കാനാവാത്ത അനുഭവങ്ങങ്ങളാണ് നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച് വില്‍ക്കുന്ന സാധനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സ്റ്റാളുകളും ഒരുക്കിയിരുന്നു.
കോളേജ് പ്രിന്‍സിപ്പല്‍ ഷുക്കൂര്‍ കെ.എച്ച് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങിന് വാണിജ്യ വകുപ്പ് മേധാവി മുഹമ്മദ് റാഷിദ് എം.പി. അധ്യക്ഷനായി. തുടര്‍ന്ന് ഐ.ക്യു.എ.സി കോഓര്‍ഡിനേറ്റര്‍ അജ്മല്‍ മുഈന്‍, ഇര്‍ഷാദ് വി., ഡോ. റിയാസ് കുങ്കഞ്ചേരി, ആതിഫ നഹാസ്, ഹാജറ, അന്‍ഷിഫ് ആംല, എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് ഷിയാസ് സി. സ്വാഗതവും മുഹമ്മദ് യാസീന്‍ നന്ദിയും പറഞ്ഞു.