PwD Toll Updates India: രാജ്യത്തെ ഭിന്നശേഷിക്കാരായ വാഹന ഉടമകള്‍ക്ക് വന്‍ ആശ്വാസവുമായി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ (MoRTH) പുതിയ ഫാസ്ടാഗ് പരിഷ്‌കാരം. എക്‌സംപ്റ്റഡ് ഫാസ്ടാഗുകളുടെ (Exempted FASTag) വാര്‍ഷിക പുതുക്കലിലാണ് ഇളവ്. വൈകല്യത്തിന്റെ തോതനുസരിച്ച് (Disability Percentage) 3 മുതല്‍ 5 വര്‍ഷം വരെ തുടര്‍ച്ചയായി ടോള്‍ ഇളവ് ലഭ്യമാക്കുന്ന പുതിയ മാര്‍ഗരേഖയാണ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.
ഫാസ്ടാഗ് അപ്ഡേറ്റ്ടോള്‍ ഇളവുള്ള ഫാസ്ടാഗുകള്‍ക്ക് ഇനി മുതല്‍ വാര്‍ഷിക പുതുക്കല്‍ (Annual Renewal) ആവശ്യമില്ല. വൈകല്യത്തിന്റെ തോത് അടിസ്ഥാനമാക്കി ഇത്തരം ഫാസ്ടാഗുകളുടെ കാലാവധി 3 മുതല്‍ 5 വര്‍ഷം വരെയായി സര്‍ക്കാര്‍ വര്‍ധിപ്പിച്ചു.
ആര്‍ക്കൊക്കെയാണ് ഇളവ് ലഭിക്കുക
ഭിന്നശേഷിക്കാര്‍ക്കാണ് കേന്ദ്രത്തിന്റെ ഈ ആനുകൂല്യം ലഭിക്കുക. 70% മുതല്‍ 100% വരെ വൈകല്യമുള്ളവര്‍ക്ക് 5 വര്‍ഷത്തേക്കുള്ള ഫാസ്ടാഗ് കാലാവധി ലഭിക്കും. 40% മുതല്‍ 70% ല്‍ താഴെ വരെ വൈകല്യമുള്ളവര്‍ക്ക് 3 വര്‍ഷത്തേക്കുള്ള ഫാസ്ടാഗ് കാലാവധി ലഭിക്കും.
മലയാളികള്‍ക്ക് നേട്ടമാകുന്നത് എങ്ങനെ
ഇതൊരു ദേശീയ നിയമമായതിനാല്‍ കേരളത്തിലെ അര്‍ഹരായ ഭിന്നശേഷിക്കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. എല്ലാ വര്‍ഷവും ഫാസ്ടാഗ് പുതുക്കുന്നതിനുള്ള പേപ്പര്‍വര്‍ക്കുകളും, മറ്റ് ബുദ്ധിമുട്ടുകളും ഒഴിവാക്കാന്‍ കേരളത്തിലെ ഭിന്നശേഷിക്കാര്‍ക്കു സാധിക്കും.
ഇളവ് പ്രത്യേക വാഹനങ്ങള്‍ക്ക് മാത്രം
ഭിന്നശേഷിക്കാര്‍ക്ക് യാത്ര ചെയ്യാന്‍ അനുയോജ്യമായ രീതിയില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത വാഹനങ്ങള്‍ക്കും, അതുപോലെ ഭിന്നശേഷിക്കാരുടെ ഉടമസ്ഥതയിലുള്ളത് (ownership by a person with a disability) എന്ന കാറ്റഗറിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കും മാത്രമാണ് ഈ നിയമപ്രകാരം ഇളവ് ലഭിക്കുക.
