LPG Cylinder: രാജ്യത്ത് പ്രകൃതിവാതക (Natural Gas) വില പരിധി പുതുക്കി നിശ്ചയിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം. റിലയന്‍സ് അടക്കമുള്ള കമ്പനികള്‍ക്ക് വലിയ നേട്ടമാകുന്നതാണ് ഈ തീരുമാനം. സാധാരണക്കാരുടെ അടുക്കളകളിലെ എല്‍പിജി (LPG) സിലിണ്ടര്‍ വിലയെ ഈ നീക്കം യാതൊരു തരത്തിലും നേരിട്ട് ബാധിക്കില്ല. വാഹനങ്ങളില്‍ ഉപയോഗിക്കുന്ന സിഎന്‍ജി (CNG) നിരക്കിനെയും വില വര്‍ധന ബാധിച്ചേക്കില്ല. അതേസമയം ചില പരോക്ഷ തിരിച്ചടികള്‍ക്കുള്ള സാധ്യതയും വിദഗ്ധര്‍ തള്ളുന്നില്ല.
ദുര്‍ഘട മേഖലകളിലെ ഗ്യാസ് വില പരിധി ഉയര്‍ത്തിറിലയന്‍സ്- ബിപി (RIL-BP) പങ്കാളിത്തമുള്ള KG-D6 ബ്ലോക്ക് പോലുള്ള ആഴക്കടല്‍, അതിതീവ്ര സമ്മര്‍ദ്ദ മേഖലകളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്റെ ഉയര്‍ന്ന വില പരിധി മില്ല്യണ്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് (mmBtu) 8.90 ഡോളറില്‍ നിന്ന് 9.89 ഡോളറായാണ് കേന്ദ്രം പുതുക്കി നിശ്ചയിച്ചത്. 2026 ഒക്ടോബര്‍ 1 മുതല്‍ 2027 മാര്‍ച്ച് 31 വരെയുള്ള ആറു മാസത്തേക്കാണ് ഈ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്.
പഴയ ഗ്യാസ് പാടങ്ങളിലെ (APM) ഗ്യാസ് വിലയില്‍ മാറ്റമില്ല
ഒ.എന്‍.ജി.സി (ONGC), ഓയില്‍ ഇന്ത്യ (OIL) തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ പഴയ ഗ്യാസ് പാടങ്ങളില്‍ നിന്നുള്ള പ്രകൃതിവാതകത്തിന്റെ നിരക്കിനെ ഈ വില വര്‍ധന യാതൊരു തരത്തിലും ബാധിക്കില്ല. ഇത്തരം മേഖലകളില്‍ നിന്നുള്ള ഗ്യാസ് വില മില്ല്യണ്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് 7 ഡോളറായി തന്നെ തുടരും. വിലനിര്‍ണയ ഫോര്‍മുല പ്രകാരം ഒക്ടോബറിലെ APM വില 11.22 ഡോളറായി കണക്കാക്കിയെങ്കിലും, ഉപഭോക്തൃ സംരക്ഷണത്തിനായി പരമാവധി വില 7 ഡോളറായി നിജപ്പെടുത്തുകയായിരുന്നു.

