KSEB EV Charging Station Eligibility: നിങ്ങളുടെ സ്വന്തം സ്ഥലം പ്രയോജനപ്പെടുത്തി ഭാവി തലമുറയുടെ ഇ-മൊബിലിറ്റി വിപ്ലവത്തില്‍ പങ്കാളിയാകാനും, ഒപ്പം ഒരു സുസ്ഥിര നിഷ്‌ക്രിയ വരുമാനം ഉറപ്പാക്കാനും അവസരമൊരുക്കി കെഎസ്ഇബി. കേന്ദ്ര- സംസ്ഥാന സബ്സിഡികള്‍ക്കൊപ്പം, ബാങ്ക് വായ്പകളുടെയും പിന്‍ബലവും നിങ്ങള്‍ക്ക് ലഭിക്കും. മികച്ച ഭാവി കല്‍പ്പിക്കുന്ന ഇവി ചാര്‍ജിംഗ് ബിസിനസ് ആരംഭിക്കാന്‍ മനസിലാക്കേണ്ട കാര്യങ്ങള്‍ ഇതാ.
PM E-DRIVE: ലക്ഷ്യങ്ങളും ഹൈലൈറ്റുകളും10,900 കോടി രൂപയുടെ PM E-DRIVE പദ്ധതിയില്‍ 2,000 കോടി രൂപ പൊതു ഇവി ചാര്‍ജിംഗ് അടിസ്ഥാനസൗകര്യ വികസനത്തിനായി മാറ്റി വെച്ചിട്ടുണ്ട്. കേരളത്തില്‍ ഈ പദ്ധതി നടപ്പിലാക്കുന്ന പ്രധാന ഏജന്‍സി KSEB ആണ്. സ്വകാര്യ വ്യക്തികള്‍, സംരംഭകര്‍, ലാന്‍ഡ് ഉടമകള്‍ എന്നിവര്‍ക്കായി പൊതു- സ്വകാര്യ പങ്കാളിത്ത (PPP) മാതൃകയില്‍ അവസരങ്ങള്‍ ഉണ്ട്. സ്വന്തമായി സ്ഥലമുള്ളവര്‍ക്ക് ഇവി വാഹന ഉടമകളില്‍ നിന്ന് ചാര്‍ജിംഗ് ഫീസ് ഈടാക്കി തടസമില്ലാത്ത വരുമാനം ഉണ്ടാക്കാനുള്ള അവസരം കൂടിയാണിത്.
നിര്‍മ്മാണ ചെലവ്
റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്ലോ/ മീഡിയം എസി ചാര്‍ജറുകള്‍ (3.3 kW to 22 kW) സ്ഥാപിക്കുന്നതിന് 50,000 മുതല്‍ 2 ലക്ഷം രൂപ വരെ ചെലവ് വരും. ഫാസ്റ്റ് ഡിസി ചാര്‍ജറുകള്‍ (30 kW to 60 kW/ 120 kW) വരെ സ്ഥാപിക്കുന്നതിന് 10 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെ ചെലവ് വരാം.
ട്രാന്‍സ്‌ഫോര്‍മര്‍, കേബിളിങ്, പാനല്‍, സിവില്‍ ജോലികള്‍ പോലുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് 3 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ വരും. അങ്ങനെ ഒരു ചെറിയ എസി സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് 1.5- 3 ലക്ഷം രൂപയും, വലിയ ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്ക് 15 ലക്ഷം മുതല്‍ 35 ലക്ഷം രൂപ വരെയും പ്രതീക്ഷിക്കാം.
