തിരുവനന്തപുരം: കേരളത്തിൽ പതിനായിരം കോടി രൂപയുടെ നിക്ഷേപത്തിൽ ടാറ്റാ ഗ്രൂപ്പ് കപ്പൽ നിർമ്മാണ ശാല സ്ഥാപിക്കുമെന്ന വാർത്തകൾ ഔദ്യോഗികമായി നിഷേധിച്ച് ടാറ്റാ ഗ്രൂപ്പ് രംഗത്ത്. ഇത്തരമൊരു വൻകിട പദ്ധതി കേരളത്തിലോ രാജ്യത്ത് മറ്റെവിടെയെങ്കിലുമോ തങ്ങളുടെ നിലവിലെ പരിഗണനയിലില്ലെന്ന് ടാറ്റാ ഗ്രൂപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ‘കേരള സമുദ്ര മിഷൻ’ കോൺക്ലേവിൽ സംസാരിക്കവെ, ടാറ്റാ ഗ്രൂപ്പ് കപ്പൽ നിർമ്മാണ ശാലയ്ക്കായി അനുമതി തേടിയിട്ടുണ്ടെന്നും ഒരു മാസത്തിനകം സർക്കാർ ഇതിന് അനുമതി നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
എന്നാൽ ടാറ്റയുടെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നതോടെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ വിവാദത്തിനാണ് ഇത് വഴിതെളിച്ചിരിക്കുന്നത്.
സംസ്ഥാന ബജറ്റിലെ ‘മിഷൻ സമുദ്ര’ പ്രഖ്യാപനവുമായി ബന്ധപ്പെടുത്തി ഉയർന്ന ഈ അവകാശവാദം തങ്ങൾ ഉദ്ദേശിച്ച രീതിയിലല്ല പുറത്തുവന്നതെന്ന തിരുത്തലുമായി ഭരണപക്ഷവും ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.
