പദ്ധതിയുടെ ലക്ഷ്യംശമ്പളമുള്ള തൊഴിലാളികള്‍ക്ക്, പ്രത്യേകിച്ച് ആദ്യമായി ജോലിക്ക് പ്രവേശിക്കുന്നവര്‍ക്ക് തൊഴില്‍പരമായ ആനുകൂല്യങ്ങള്‍ നല്‍കുകയാണ് പ്രധാന ലക്ഷ്യം. 2025 ഓഗസ്റ്റ് 1 മുതല്‍ 2027 ജൂലൈ 31 വരെ (രണ്ടു വര്‍ഷം) ആണ് ഈ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. 99,446 കോടി രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക. അര്‍ഹര്‍ക്ക് ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (DBT) വഴി ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് തുക നേരിട്ട് ലഭ്യമാക്കും.
പദ്ധതിയുടെ രണ്ട് ഭാഗങ്ങള്‍
ഈ പദ്ധതിക്ക് പ്രധാനമായും 2 ഭാഗങ്ങളാണുള്ളത്. പാര്‍ട്ട് എ ജീവനക്കാര്‍ക്കുള്ളതാണ്. ആദ്യമായി ജോലിക്ക് കയറുന്ന, പ്രതിമാസം 1 ലക്ഷം രൂപ വരെ ശമ്പളമുള്ളവര്‍ക്ക് പരമാവധി 15,000 രൂപ ഒറ്റത്തവണ ആനുകൂല്യമായി ഇവിടെ ലഭിക്കും. ഇത് 7,500 രൂപ വീതമുള്ള രണ്ട് തവണകളായാകും നല്‍കുക.
ആദ്യ ഗഡു 6 മാസത്തെ സേവനത്തിന് ശേഷവും, രണ്ടാമത്തെ ഗഡു 12 മാസത്തിന് ശേഷവും സാമ്പത്തിക സാക്ഷരതാ പ്രോഗ്രാം പൂര്‍ത്തിയാക്കിയ ശേഷവുമാകും കിട്ടുക. ഈ തുകയുടെ ഒരു ഭാഗം സേവിംഗ്‌സ് ആയി മാറ്റുകയും പിന്നീട് പിന്‍വലിക്കാന്‍ സാധിക്കുകയും ചെയ്യും.
പാര്‍ട്ട് ബി തൊഴിലുടമകള്‍ക്കുള്ളതാണ്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പ്രോല്‍ല്‍സാഹനം നല്‍കാനാണിത്. ഉല്‍പ്പാദന മേഖലയിലുള്ളവര്‍ക്ക് 4 വര്‍ഷത്തേക്കും, മറ്റുള്ളവര്‍ക്ക് 2 വര്‍ഷത്തേക്കും ആനുകൂല്യം ലഭിക്കും. കുറഞ്ഞത് 6 മാസമെങ്കിലും നിലനിര്‍ത്തുന്ന ഓരോ പുതിയ ജീവനക്കാരനും പ്രതിമാസം പരമാവധി 3,000 രൂപ വരെ തൊഴിലുടമയ്ക്ക് ലഭിക്കും.
