സംരംഭം തുടങ്ങാൻ കോടികളുടെ നിക്ഷേപവും അതിനു വിജയകരമായി നേതൃത്വം നൽകാൻ ബിസിനസ് കുടുംബപശ്ചാത്തലവും ആവശ്യമുണ്ടോ? ഇല്ലെന്നു തെളിയിക്കുകയാണ് വീട്ടമ്മയായ നിഷ സജി. മാവേലിക്കരയ്ക്കടുത്ത് ഓലകെട്ടിഅമ്പലത്ത് ‘മിസിസ് കിച്ചൺ’ എന്ന ഇവരുടെ സ്ഥാപനം മാസം 11 ലക്ഷം രൂപയുടെ വിറ്റുവരവാണ് നേടുന്നത്. അഞ്ചുപേർക്കു തൊഴിലും നൽകുന്നു.
റെഡി ടു കുക്ക് വിഭവങ്ങളായ ദോശ മിക്സ്, ഇഡ്ഡലി മിക്സ്, അപ്പം മിക്സ് എന്നിവയാണ് നിർമിക്കുന്നത്. ബിസിനസിൽ യാതൊരു മുൻപരിചയവും ഇല്ലായിരുന്നു. ബിസിനസിലേക്ക് ഇറങ്ങുമെന്നോ ഇത്രയും പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനത്തിന്റെ ഉടമയാകുമെന്ന് പ്രതീക്ഷിച്ചില്ല. എന്നാലിപ്പോൾ ‘എക്സ്പേർട്ടായി’ മാറിയെന്ന് നിഷ പറയുന്നു.
മലയാളത്തിൽ ബിരുദം നേടിയശേഷം ശ്രമിച്ച ജോലികൾ ഒന്നും ലഭിച്ചില്ല. കുട്ടികൾ സ്കൂളിൽ പോകാൻ തുടങ്ങിയതോടെ ധാരാളം ഒഴിവുസമയം കിട്ടി. അതോടെ എന്തെങ്കിലും ചെയ്യണം എന്നു തീരുമാനിച്ചു. ഭർത്താവ് സജി ബേക്കറി ഉൽപന്നങ്ങൾ നിർമിച്ച് വിതരണം ചെയ്യുന്ന സ്ഥാപനം വിജയകരമായി നടത്തുന്നുണ്ട്.
സ്വന്തംനിലയിൽ വേറിട്ടൊരു ബിസിനസ് വേണം എന്ന നിഷയുടെ ആശയത്തോട് കുടുംബം ഒപ്പം നിന്നു. ബേക്കറി ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന ഷോപ്പുകൾ ദോശ, ഇഡ്ഡലി മിക്സുകൾ ആവശ്യപ്പെടുന്നതു കൂടി പരിഗണിച്ചാണ് അതിലേക്ക് കടന്നത്. അതുകൊണ്ട് തുടക്കം മുതലേ ഇവ നല്ലരീതിയിൽ വിറ്റഴിക്കാൻ കഴിഞ്ഞു. രണ്ടു വർഷത്തിനുള്ളിൽ മികച്ച വിജയവും നേടാനായി.

