ഇന്ത്യയിലെ എൽ.പി.ജി ഡിമാൻഡിൽ ഇടിവ്. അതേ സമയം പെട്രോൾ-ഡീസൽ ഉപഭോഗം രാജ്യത്ത് ഉയർന്നു നിൽക്കുകയാണ്. 2026 സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം ഇയർ-ഓൺ-ഇയർ അടിസ്ഥാനത്തിൽ എൽ.പി.ജി ഡിമാൻഡിൽ 9% താഴ്ച്ചയാണ് രേഖപ്പെടുത്തിയത്. അതേ സമയം പെട്രോൾ, ഡീസൽ ആവശ്യകത ഇക്കാലയളവിൽ യഥാക്രമം 7%, 5% എന്നിങ്ങനെ ഉയർന്നിട്ടുമുണ്ട്.
ഇന്ത്യയിലെ എൽ.പി.ജി ഡിമാൻഡ് 2026 സെപ്റ്റംബറിൽ ഇന്ത്യയിൽ 2.6 ദശലക്ഷം ടൺ (MT) എൽ.പി.ജിയാണ് ഉപയോഗിക്കപ്പെട്ടത്. 2025 സെപ്റ്റംബറിൽ ഇത് 2.9 MT എന്ന നിലയിലായിരുന്നു. അതേ സമയം 2026 ആഗസ്റ്റ് മാസവുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ സെപ്റ്റംബറിൽ എൽ.പി.ജി ഉപഭോഗം 2.4 MT എന്ന നിലയിൽ നിന്ന് 8% വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
എൽ.പി.ജി ഡിമാൻഡ് കുറയാനുള്ള പ്രധാന കാരണങ്ങൾ
പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള എൽ.പി.ജി സപ്ലൈ കുറഞ്ഞിരുന്നു. പുതിയ വ്യക്തിഗത കണക്ഷനുകളുടെ അളവ് മുമ്പുണ്ടായിരുന്ന ഗാർഹിക കണക്ഷനുകളിലെ 14.2 കിലോയിൽ നിന്ന് 10 കിലോഗ്രാമായി കുറച്ചിട്ടുണ്ട്. എൽ.പി.ജി ഇറക്കുമതി കുറഞ്ഞതിനാൽ കേന്ദ്രസർക്കാർ ബുക്കിങ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും, പി.എൻ.ജി ഉപയോഗം രാജ്യത്ത് പ്രോത്സാഹിപ്പിക്കുന്നതുമെല്ലാം എൽ.പി.ജി ഡിമാൻഡ് കുറയാൻ കാരണങ്ങളായി.
ചില കണക്കുകൾ
കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 2026 ജനുവരി മുതൽ ജൂൺ വരെയുള്ള ആറ് മാസക്കാലയളവിൽ ഏകദേശം 12.10 പുതിയ പി.എൻ.ജി കണക്ഷനുകളും, ഏകദേശം 15.31 ലക്ഷം ഡൊമസ്റ്റിക് പി.എൻ.ജി (DPNG) കണക്ഷനുകളും നൽകിയിട്ടുണ്ട്. പ്രതിദിന PNG കണക്ഷനുകളുടെ വർധന മുമ്പുണ്ടായിരുന്ന 4,702 എന്ന തോതിൽ നിന്ന് 7,000 എന്ന നിലയിലേക്ക് വർധിച്ചിട്ടുണ്ട്.

