Latest

ഹൈ വോൾട്ട് 1150 kV; കറന്റ് കട്ട് പഴങ്കഥയാകും, ഇന്ത്യയിൽ മെഗാ പവർ ഇടനാഴി വരുന്നു, 68800 കോടിയുടെ പദ്ധതി

Share
India electricity transmission project benefits impact

ഇന്ത്യയിലെ ഊർജ്ജ മേഖലയ്ക്ക് വലിയ മുന്നേറ്റം നൽകുന്ന 68,800 കോടി രൂപയുടെ വൻ ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം. പടിഞ്ഞാറൻ സംസ്ഥാനങ്ങളിലെ സോളാർ, കാറ്റാടി വൈദ്യുതി ഉല്പാദന കേന്ദ്രങ്ങളിൽനിന്ന് കിഴക്കൻ ഇന്ത്യയിലെ വ്യവസായ-നഗര മേഖലകളിലേക്ക് വൈദ്യുതി എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 1,150 കിലോവോൾട്ട് (kV) ശേഷിയുള്ള പുതിയ പ്രസരണ ശൃംഖല, രാജ്യത്തെ വൈദ്യുതി കൈമാറ്റ സംവിധാനത്തിൽ നിർണായക മാറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. പദ്ധതി വികസിച്ചു വരുന്നതോടെ കേരളത്തിലടക്കം കറന്റ് കട്ടിന്റെ സാഹചര്യങ്ങളും ഒഴിവാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

രാജ്യത്തെ ഏറ്റവും ഉയർന്ന വോൾട്ടേജ് ശൃംഖലഏകദേശം 688 ബില്യൺ രൂപ അഥവാ 7.34 ബില്യൺ ഡോളറാണ് പദ്ധതിയുടെ ചെലവ്. നിലവിൽ രാജ്യത്തെ പ്രധാന ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ ലൈനുകൾ 765 കെ.വി ശേഷിയിലാണ് പ്രവർത്തിക്കുന്നത്. ഇതിനെക്കാൾ ഉയർന്ന 1,150 കെ.വി ശൃംഖലയാണ് പുതിയ പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ വൈദ്യുതി ഡിമാൻഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ വലിയ പ്രാധാന്യമാണ് ഈ പദ്ധതിക്കുള്ളത്.

നിലവിലുള്ള ലൈനുകളിലൂടെ കൂടുതൽ വൈദ്യുതി കൈമാറാൻ കൂടുതൽ പ്രസരണ ഇടനാഴികളും, ഭൂമിയും ആവശ്യമാണ്. എന്നാൽ പുതിയ സംവിധാനം വഴി താരതമ്യേന കുറച്ച് ലൈനുകളിലൂടെ കൂടുതൽ വൈദ്യുതി എത്തിക്കാനാകും. ഭൂമിയുടെ ഉപയോഗവും, പ്രസരണത്തിനിടയിലെ വൈദ്യുതി നഷ്ടവും കുറയ്ക്കാനും ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ.

തുടക്കത്തിൽ ബന്ധിപ്പിക്കുന്നത് മൂന്ന് സംസ്ഥാനങ്ങളെ

പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഛത്തീസ്ഗഢ്, ഒഡീഷ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കും. രാജസ്ഥാനിലെ ഭഡ്ല സോളാർ മേഖലയിലെ പുനരുപയോഗ ഊർജ്ജം കൈമാറുന്ന 6,000 മെഗാവാട്ട് ശേഷിയുള്ള ഹൈ വോൾട്ടേജ് ട്രാൻസ്മിഷൻ സംവിധാനവുമായും പുതിയ ഇടനാഴി ബന്ധിപ്പിക്കും.

രാജസ്ഥാനിലെ സോളാർ, കാറ്റാടി വൈദ്യുതി ഉല്പാദന കേന്ദ്രങ്ങളിൽനിന്ന് ഒഡീഷ, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ വ്യവസായ കേന്ദ്രങ്ങളിലേക്കും നഗരങ്ങളിലേക്കും വൈദ്യുതി എത്തിക്കാൻ ഇതിലൂടെ സാധിക്കും.

ആറ് വർഷം കൊണ്ട് പൂർത്തിയാകുന്ന പദ്ധതി

ഇന്ത്യയുടെ നാഷണൽ ട്രാ‍ൻസ്മിഷൻ പാനലാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. ഏകദേശം ആറു വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ വൈദ്യുതി ഡിമാൻഡ് ഉയരുന്ന സാഹചര്യത്തിൽ, കൂടുതൽ ശേഷിയുള്ള പ്രസരണ ശൃംഖല ഒരുക്കേണ്ടതിന്റെ ആവശ്യകതയാണുള്ളത്.

https://226d595e0db32aadf516c74d31497a2c.safeframe.googlesyndication.com/safeframe/1-0-45/html/container.html

2030 വർഷത്തോടെ ലക്ഷ്യം 500 ജിഗാവാട്ട്

2030 വർഷത്തോടെ ഫോസിൽ ഇന്ധനേതര വൈദ്യുതി ഉല്പാദന ശേഷി 500 ജിഗാവാട്ടായി ഉയർത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. നിലവിൽ ഇത് 300 ജിഗാവാട്ട് കടന്നിട്ടുണ്ട്. 2025ൽ രാജ്യത്തെ വൈദ്യുതി ഉല്പാദനത്തിന്റെ 27% ഹരിതോർജ്ജ സ്രോതസ്സുകളിൽ നിന്നായിരുന്നു. ഇതിൽ സോളാറിന് പ്രധാന പങ്കുണ്ട്.

എന്നാൽ വൈദ്യുതി സംഭരണശേഷിയുടെയും, പ്രസരണ സംവിധാനങ്ങളുടെയും പരിമിതികൾ വെല്ലുവിളിയാകുന്നുണ്ട്. സെപ്റ്റംബറിൽ സോളാർ, കാറ്റാടി വൈദ്യുതി ഉല്പാദനത്തിൽ 118.6 ജിഗാവാട്ട് വരെ നിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്നതായിട്ടാണ് കണക്കുകൾ. സംഭരണശേഷി വർധിപ്പിക്കാനും, സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണ സ്ഥാപനങ്ങൾക്ക് ഊർജ്ജ സംഭരണ സംവിധാനങ്ങൾ നിർബന്ധമാക്കാനും കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്.

പുതിയ പ്രസരണ ഇടനാഴി യാഥാർഥ്യമാകുന്നതോടെ ഉല്പാദിപ്പിക്കുന്ന ശുദ്ധമായ ഊർജ്ജം പാഴാകാതെ, ആവശ്യകതയുള്ള മേഖലകളിലേക്ക് എത്തിക്കാനുള്ള ഇന്ത്യയുടെ ശേഷി വർധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *