Latest

ഡ്രൈവിങ് ലൈസൻസ്; ഓൺലൈൻ സേവനങ്ങൾ സൗജന്യമായേക്കും, ലേണേഴ്സ് പരീക്ഷ ഇനി കടുപ്പമാകും

Share
Driving licence rules changes 2026 draft

മോട്ടോർ വാഹന ചട്ടങ്ങളിൽ ഭേ​ദ​ഗതിക്ക് നിർദ്ദേശം നൽകി കേന്ദ്രം. ഓൺലൈൻ സേവനങ്ങൾ സൗജന്യമാക്കാൻ നിർദ്ദേശമുണ്ട്. പേരും, വിലാസവും മാറ്റുന്നത്, വിവരങ്ങൾ തിരുത്തൽ, മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവയുടെ തിരുത്തൽ എന്നീ സേവനങ്ങളാകും സൗജന്യമാവുക. എന്നാൽ, അന്തിമ വിജ്‍ഞാപനം പുറത്തു വന്നെങ്കിൽ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടാവുകയുള്ളൂ. ഡ്രൈവിങ് ലൈസൻസ് പരീക്ഷ കഠിനമാക്കാനും കരട് വ്യവസ്ഥ ചെയ്യുന്നു.

ഇക്കഴിഞ്ഞ ബുധനാഴ്ച്ച പുറത്തിറക്കിയ കരട് ചട്ടത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കാൻ 30 ദിവസത്തെ സമയം നൽകിയിട്ടുണ്ട്. ഇതിന് ശേഷമായിരിക്കും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുക.നടപടികൾ ലളിതമാക്കും

പേര്, വിലാസം, മറ്റ് വിവരങ്ങൾ എന്നിവ തിരുത്താനുള്ള നടപടികൾ ലളിതമാക്കും. വിലാസം മാറ്റുന്നതിനുള്ള അപേക്ഷ 30 ദിവസത്തിനകം അം​ഗീകരിക്കുകയോ, നിരസിക്കുകയോ ചെയ്തില്ലെങ്കിൽ അം​ഗകരിച്ചതായി കണക്കാക്കും. മറ്റ് വിവരങ്ങൾ മാറ്റുന്നതിനുള്ള അപേക്ഷകളിൽ ലൈസൻസിങ് അതോറിറ്റികൾ 15 ദിവസത്തിനകം തീരുമാനമെടുക്കണം. നിരസിച്ചാൽ കാരണം വ്യക്തമാക്കണം.

ആധാർ, പാസ്പോർട്ട്, ഇ-റേഷൻ കാർഡ്, വോട്ടർ ഐ.ഡി കാർഡ്, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളെല്ലാം ലൈസൻസിനായി സമർപ്പിക്കാം. വിലാസത്തിന് ആധാരമാക്കാവുന്ന രേഖയിൽ നിന്ന് എൽ.ഐ.സി പോളിസി ഒഴിവാക്കി. ലൈസൻസുകൾ ലാമിനേറ്റ് ചെയ്തോ, പി.വി.സി കാർഡായോ നൽകേണ്ടതാണെന്നും മാർ​ഗ നിർദ്ദേശങ്ങളിൽ പറയുന്നു.

കഠിനമാകുന്ന ലേണേഴ്സ് ലൈസൻസ്

ചട്ടം പ്രാബല്യത്തിൽ വരുന്നതോടെ ലൈസൻസ് നേടുന്നതിന് അപേക്ഷകർ കൂടുതൽ അധ്വാനിക്കേണ്ടതായി വരും. സമ​ഗ്രമായ മാറ്റങ്ങളാണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ലേണേഴ്സ് പരീക്ഷ ജയിക്കുന്നതിന് ആവശ്യമായ മാർക്ക് 60 ശതമാനത്തിൽ നിന്ന് 75 ശതമാനമായി ഉയർത്തും. ലൈസൻസിനുള്ള അപേക്ഷ നൽകി, 15 ദിവസത്തിനകം റോഡ് സുരക്ഷ സംബന്ധിച്ച ക്ലാസിൽ പങ്കെടുക്കണം.

അപേക്ഷകരുടെ ആരോ​ഗ്യ വിവരങ്ങളും അപേക്ഷയുടെ ഭാ​ഗമാക്കും. കാഴ്ച്ചക്കുറവ്, രാത്രിയിലെ കാഴ്ച്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, കേൾവിക്കുറവ്, കൈകാലുകളുടെ പ്രവർത്തന പരിമിതി തുടങ്ങിയവ വെളിപ്പെടുത്തണം. മരുന്നുകളോട് ഉള്ള അലർജി, ശരീരത്തിൽ ഇംപ്ലാന്റുകളുണ്ടോ, മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളുണ്ടോ എന്നീ വിവരങ്ങളും തേടും. ഇവയിൽ ചിലത്, റോഡപകടം സംഭവിച്ച് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കേണ്ടി വന്നാൽ മാത്രായിരിക്കും ഉപയോ​ഗിക്കുകയെന്നും കരടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *