Latest

ഇന്ത്യയിൽ പുതിയ സിം ബൈൻഡിങ് നിയമം; ഈ ഫോണുകളിൽ 2027 ജനുവരി 1 മുതൽ വാട്സ് ആപ്പും, ടെലഗ്രാമും പ്രവർത്തിക്കില്ല

Share
India new sim binding rules 2027

വാട്സ്ആപ്പും ടെലഗ്രാമും ഉപയോഗിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. ഇന്ത്യയിൽ 2027 ജനുവരി 1 മുതൽ മെസേജിങ് ആപ്പുകൾ ഉപയോഗിക്കുന്ന രീതിയിൽ മാറ്റമുണ്ടായേക്കും. അക്കൗണ്ട് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ച സിം കാർഡ് സജീവമായി ഫോണിൽ ഉണ്ടായിരിക്കണമെന്ന നിബന്ധന നടപ്പാക്കാനാണ് കേന്ദ്ര ടെലികോം വകുപ്പിന്റെ നീക്കം. പുതിയ നിർദ്ദേശങ്ങൾ പാലിക്കാൻ ബന്ധപ്പെട്ട ആപ്പുകൾക്ക് 2026 ഡിസംബർ 31 വരെ സമയപരിധി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

എന്താണ് സിം-ബൈൻഡിങ് നിയമം?സിം-ബൈൻഡിങ് എന്നത് ഒരു മെസേജിങ് ആപ്പിന്റെ അക്കൗണ്ടിനെ, അതിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുമായി ബന്ധപ്പെട്ട സിം കാർഡുമായി തുടർച്ചയായി ബന്ധിപ്പിക്കുന്ന രീതിയാണ്.

നിലവിൽ, മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരിക്കൽ ഒ.ടി.പി വഴി സ്ഥിരീകരണം നടത്തിയാൽ, സിം കാർഡ് ഫോണിൽനിന്ന് മാറ്റിയശേഷവും ചില ആപ്പുകൾ വൈഫൈ വഴി ഉപയോഗിക്കാൻ കഴിയും. പുതിയ നിബന്ധനകൾ നടപ്പിലാകുന്നതോടെ രജിസ്റ്റർ ചെയ്ത നമ്പറിന്റെ സിം ഫോണിൽ ഇല്ലാത്തവർക്ക് ആപ്പുകൾ ഉപയോഗിക്കുന്നതിൽ തടസ്സമുണ്ടാകാം. സിം നീക്കം ചെയ്യുകയോ, നിർജ്ജീവമാകുകയോ ചെയ്താൽ സേവനം തടസ്സപ്പെടാനും സാധ്യതയുണ്ട്.

എന്തിനാണ് കേന്ദ്രത്തിന്റെ ഈ നീക്കം?

ഓൺലൈൻ തട്ടിപ്പുകൾ, വ്യാജ അക്കൗണ്ടുകൾ, ഫിഷിങ്, വ്യാജ മൊബൈൽ നമ്പറുകൾ ഉപയോഗിച്ചുള്ള സൈബർ കുറ്റകൃത്യങ്ങൾ എന്നിവ തടയുകയാണ് പ്രധാന ലക്ഷ്യം. അക്കൗണ്ടുമായി ബന്ധിപ്പിച്ച നമ്പറിന്റെ സിം സജീവമായി നിലനിർത്തുന്നതിലൂടെ കുറ്റവാളികൾക്ക് മെസേജിങ് ആപ്പുകൾ ദുരുപയോഗം ചെയ്യുന്നത് ബുദ്ധിമുട്ടാകുമെന്നാണ് വിലയിരുത്തൽ.

ആരെയൊക്കെയാണ് ബാധിക്കുക?

  • സിം മാറ്റിവെച്ചവർ: വാട്സ്ആപ്പ് രജിസ്റ്റർ ചെയ്ത നമ്പറിന്റെ സിം ഫോണിൽ ഉപയോഗിക്കാത്തവർക്ക് തടസ്സമുണ്ടാകാം.
  • വൈഫൈ മാത്രം ഉപയോഗിക്കുന്നവർ: സിം ഇല്ലാതെ വൈഫൈ വഴി മാത്രം ആപ്പ് ഉപയോഗിക്കുന്നവരെ പുതിയ നിബന്ധനകൾ ബാധിച്ചേക്കാം.
  • ഒന്നിലധികം ഉപകരണങ്ങളിൽ ആപ്പ് ഉപയോഗിക്കുന്നവർ: കമ്പ്യൂട്ടറിലോ, ടാബ്‌ലെറ്റിലോ അക്കൗണ്ട് ഉപയോഗിക്കുന്നവർക്ക് പുതിയ നിയമങ്ങൾ ബാധകമായേക്കാം.
  • വിദേശയാത്ര ചെയ്യുന്നവർ: രജിസ്റ്റർ ചെയ്ത സിം മറ്റൊരു ഫോണിൽ സൂക്ഷിക്കുന്നവർ ഉപയോഗരീതിയിൽ മാറ്റം വരുത്തേണ്ടിവന്നേക്കാം

Leave a Reply

Your email address will not be published. Required fields are marked *