Latest

100 മിനിറ്റിനകം മുഴുവന്‍ സബ്‌സ്‌ക്രിപ്ഷന്‍; ഐപിഒ ചരിത്രത്തില്‍ റെക്കോര്‍ഡ്, ജിയോ പ്ലാറ്റ്‌ഫോമിനെ ‘ഏറ്റെടുത്ത്’ നിക്ഷേപകര്‍

Share
jio platforms

മുംബൈ: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ പ്ലാറ്റ്‌ഫോമിന്റെ ഐപിഒ ആരംഭിച്ച് 100 മിനിറ്റിനകം പൂര്‍ണമായി സബ്‌സ്‌ക്രൈബ് ചെയ്തതായി റിപ്പോര്‍ട്ട്. ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും വേഗത്തില്‍ മുഴുവന്‍ ഓഹരികള്‍ക്കും അപേക്ഷ വന്ന ഐപിഒ ആണിത്.

ഐപിഒ വഴി 30,213 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഹരി ഒന്നിന് 1065-1119 രൂപ ആണ് പ്രൈസ് ബാന്‍ഡ്. സ്ഥാപനങ്ങളില്‍ നിന്നാണ് ഇതിലേക്ക് ആദ്യമായി വലിയ തോതില്‍ നിക്ഷേപമെത്തിയത്. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സിനായി മാറ്റിവെച്ച ഓഹരികള്‍ ആദ്യ 10 മിനിറ്റിനകം തന്നെ പൂര്‍ണമായി സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. 30 മിനിനകം അപേക്ഷയുടെ മൂല്യം മാറ്റിവെച്ച ഓഹരികളുടെ ഇരട്ടിയായി. ഐപിഒ ആരംഭിച്ച് 100 മിനിറ്റിനകം വില്‍പ്പനയ്ക്ക് വെച്ച ഓഹരികള്‍ക്ക് മുഴുവന്‍ ആവശ്യക്കാരായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

വെള്ളിയാഴ്ച വരെ ജിയോ പ്ലാറ്റ്‌ഫോം ഓഹരികള്‍ക്കായി അപേക്ഷിക്കാം. കുറഞ്ഞത് 12 ഓഹരികള്‍ ഉള്ള ഒരു ലോട്ടിനാണ് അപേക്ഷിക്കേണ്ടത്. തുടര്‍ന്ന് ഇതിന്റെ ഗുണിതങ്ങളായി അപേക്ഷിക്കണം. 2024ലെ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യയുടെ 27,870 കോടി രൂപയുടെ ഐപിഒയെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒ ആയി ഇത് മാറാന്‍ ഒരുങ്ങുകയാണ്. 27 കോടി ഓഹരികളാണ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. നിലവിലുള്ള ഓഹരി ഉടമകള്‍ ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ മാതൃകയില്‍ അല്ല ഐപിഒ. ഐപിഒയ്ക്ക് മുന്നോടിയായി തിങ്കളാഴ്ച കമ്പനി 212 ആങ്കര്‍ നിക്ഷേപകര്‍ക്ക് 1119 രൂപ നിരക്കില്‍ ഏകദേശം 8110 കോടി രൂപയുടെ ഓഹരികള്‍ അനുവദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *