
ക്രൂഡ് ഓയില്‍ ഇറക്കുമതി ആശ്രിതത്വം 88 ശതമാനത്തില്‍ നിന്ന് കുറയ്ക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 84,084 കോടിയുടെ ‘സമുദ്ര മന്തന്‍’ പദ്ധതി നിലവിലുണ്ടായിട്ടും, ആഴക്കടല്‍ എണ്ണ ഖനന ലേലം ഡിസംബര്‍ 10 വരെ വീണ്ടും നീട്ടി. കിണറൊന്നിന് 675 കോടി രൂപ വരെ സബ്‌സിഡി വാഗ്ദാനം ചെയ്തിട്ടും, ഉയര്‍ന്ന നിര്‍മാണച്ചെലവ് കാരണം ആഗോള എണ്ണ ഭീമന്മാര്‍ വിട്ടുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് OALP പത്താം ഘട്ട ലേലം ഏഴാം തവണയും നീട്ടിവെക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹൈഡ്രോകാര്‍ബണ്‍സ് (DGH) നിര്‍ബന്ധിതമായത്. സാധാരണക്കാരന്റെ പോക്കറ്റിനെയും രാജ്യത്തിന്റെ ഊര്‍ജ്ജ ഭാവിയെയും സ്വാധീനിക്കുന്ന സുപ്രധാന ചുവടുവെപ്പുകളാണ് അനിശ്ചിതത്വത്തിലാകുന്നത്.
ഇന്ത്യയുടെ എണ്ണയില്‍ അനശ്ചിതത്വംഇന്ത്യയുടെ പത്താമത്തെയും, പതിനൊന്നാമത്തെയും ഓപ്പണ്‍ ഏക്കറേജ് ലൈസന്‍സിംഗ് പോളിസി (OALP) പ്രകാരമുള്ള ഡീപ് വാട്ടര്‍, അള്‍ട്രാ-ഡീപ് വാട്ടര്‍ എണ്ണ ഖനന ബ്ലോക്കുകളുടെ ലേല തീയതി 2026 ഡിസംബര്‍ 10 വരെ വീണ്ടും നീട്ടി. ഇത് പത്താം ഘട്ട ലേലത്തിന്റെ (OALP-X) ഏഴാമത്തെയും, പതിനൊന്നാം ഘട്ട ലേലത്തിന്റെ (OALP-XI) മൂന്നാമത്തെയും സമയനീട്ടലാണ്. സര്‍ക്കാര്‍ സാമ്പത്തിക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടും, ഉയര്‍ന്ന ഖനനച്ചെലവ് കാരണം നിക്ഷേപകര്‍ ഈ മേഖലയിലേക്ക് കടന്നുവരാന്‍ മടിക്കുന്നതാണ് പ്രധാന പ്രശ്‌നം.
ഇന്ത്യയുടെ എണ്ണ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി
ക്രൂഡ് ഓയില്‍ ആവശ്യത്തിന്റെ 88 ശതമാനത്തിലധികം വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയുടെ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണിത്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനും, വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ആഭ്യന്തര എണ്ണ ഖനനം അത്യന്താപേക്ഷിതമാണ്. ലേലം നിരന്തരം വൈകുന്നത് ഈ ലക്ഷ്യം കൈവരിക്കുന്നത് കൂടുതല്‍ ദുഷ്‌കരമാക്കുന്നു.
എന്തുകൊണ്ടാണ് പദ്ധതി തുടര്‍ച്ചയായി വൈകുന്നു
സമുദ്രത്തിനടിയിലെ എണ്ണ ഖനനത്തിന് വലിയ സാമ്പത്തിക ചിലവ് വരും. ഒരു കിണര്‍ കുഴിക്കാന്‍ തന്നെ ഏകദേശം 125 മുതല്‍ 150 ദശലക്ഷം ഡോളര്‍ വരെയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ പഠിച്ച്, തങ്ങളുടെ നിക്ഷേപം എത്രത്തോളം ലാഭകരമാകുമെന്ന് വിലയിരുത്താന്‍ കമ്പനികള്‍ക്ക് കൂടുതല്‍ സമയം ആവശ്യമായതാണ് ലേലം വൈകാന്‍ കാരണമെന്നു വിദഗ്ധര്‍ പറയുന്നു.
സമുദ്ര മന്തന്‍ നാഷണല്‍ ഓഫ്ഷോര്‍ എക്സ്പ്ലോറേഷന്‍ സ്‌കീം
2031 സാമ്പത്തിക വര്‍ഷം വരെ കാലാവധിയുള്ള, 84,084 കോടി രൂപ വകയിരുത്തിയിട്ടുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണിത്. സമുദ്രത്തില്‍ നിന്നും 600 ദശലക്ഷം ടണ്ണിലധികം എണ്ണയ്ക്ക് തുല്യമായ ഹൈഡ്രോകാര്‍ബണ്‍ വിഭവങ്ങള്‍ കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഈ പദ്ധതി പ്രകാരം ഖനനച്ചെലവിന്റെ 50% (ഒരു കിണറിന് പരമാവധി 675 കോടി രൂപ വരെ) സാമ്പത്തിക സഹായം സര്‍ക്കാര്‍ കമ്പനികള്‍ക്ക് നല്‍കും. ഈ തുകയില്‍ 28,534 കോടി രൂപ കടല്‍ പര്യവേക്ഷണ ഡാറ്റ ശേഖരണത്തിനും, 43,200 കോടി രൂപ ഖനനം വേഗത്തിലാക്കുന്നതിനും (60 പുതിയ കിണറുകള്‍ ഉള്‍പ്പെടെ), 10,000 കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനും വകയിരുത്തിയിരിക്കുന്നു.
സമുദ്ര മന്തനും നിലവിലെ പ്രതിസന്ധിയും
2026 ഒക്ടോബര്‍ 22-നാണ് സമുദ്ര മന്തന്‍ സ്‌കീമിന്റെ പ്രവര്‍ത്തന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കിയത്. സര്‍ക്കാര്‍ നല്‍കുന്ന ഈ പുതിയ ധനസഹായം തങ്ങളുടെ സാമ്പത്തിക ബാധ്യത എത്രത്തോളം കുറയ്ക്കുമെന്നും, ഉയര്‍ന്ന ചിലവുള്ള ഡീപ് വാട്ടര്‍ ഖനനം ലാഭകരമാകുമോ എന്നും പരിശോധിക്കാന്‍ കമ്പനികള്‍ക്ക് സമയം ആവശ്യമാണ്. നിക്ഷേപകര്‍ കാര്യങ്ങള്‍ വച്ചുതാമസിപ്പിക്കാനുള്ള കാരണവും ഇതുതന്നെ. ലേലത്തീയതികള്‍ തുടര്‍ച്ചയായി മാറ്റേണ്ടി വരുന്നതും ഇതു കാരണം തന്നെ.
ലേലത്തില്‍ ഉള്‍പ്പെട്ട ബ്ലോക്കുകള്‍
2025 ഫെബ്രുവരിയില്‍ ആരംഭിച്ച പത്താം റൗണ്ടില്‍ (OALP-X) 19 ഓഫ്ഷോര്‍ ബ്ലോക്കുകളും, 2026 മാര്‍ച്ചില്‍ ആരംഭിച്ച പതിനൊന്നാം റൗണ്ടില്‍ (OALP-XI) 9 ഓഫ്ഷോര്‍ ബ്ലോക്കുകളുമാണ് ലേലത്തില്‍ അവശേഷിക്കുന്നത്. ഇവയിലെ കരയിലെയും, ആഴം കുറഞ്ഞ സമുദ്രഭാഗങ്ങളിലെയും ലേലം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.
കമ്പനികള്‍ക്ക് ഖനനം ചെയ്യാന്‍ താല്‍പ്പര്യമുള്ള സ്ഥലങ്ങള്‍ സ്വയം തിരഞ്ഞെടുക്കാന്‍ അവസരം നല്‍കുക, ഉല്‍പ്പാദിപ്പിക്കുന്നവയുടെ വില നിശ്ചയിക്കുന്നതിലും വില്‍ക്കുന്നതിലുമുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം, നിയന്ത്രണങ്ങളുണ്ടായിരുന്ന കടല്‍ പ്രദേശങ്ങള്‍ ഖനനത്തിനായി തുറന്നുകൊടുക്കുക എന്നിവ സര്‍ക്കാര്‍ നേരത്തെ നടപ്പിലാക്കിയിരുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഡിസംബര്‍ 10-ന് ലേലം നടക്കുമോ, അതോ വീണ്ടും നീട്ടുമോ എന്നത് സര്‍ക്കാരിന്റെ സാമ്പത്തിക ആനുകൂല്യങ്ങളെ കമ്പനികള്‍ എങ്ങനെ വിലയിരുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. തുടര്‍ച്ചയായി ലേലം നീളുന്നത് സ്വന്തം എണ്ണയെന്ന ഇന്ത്യയുടെ സ്വപ്‌നങ്ങള്‍ക്കു വലിയ തിരിച്ചടിയാണ്.
സാങ്കേതികമായും സാമ്പത്തികമായും വലിയ വെല്ലുവിളിയുള്ള ഒന്നാണ് ആഴക്കടല്‍ ഖനനം. ഈ മേഖലയില്‍ കൂടുതല്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കിയാല്‍ മാത്രമേ ഇറക്കുമതി കുറയ്ക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ വിജയിക്കൂ. അതിനാല്‍ സമുദ്ര മന്തന്‍ പദ്ധതിയുടെ ഫലം രാജ്യത്തിന് നിര്‍ണ്ണായകമാണ്.
