Latest

ഇന്ത്യയുടെ മൊബൈല്‍ പിഎല്‍ഐ തന്ത്രം ഫലിച്ചു; ചെലവിട്ടത് 19,000 കോടി, കിട്ടിയത് 28,000 കോടി നികുതിയും 12 ലക്ഷം തൊഴിലും

Share

കേന്ദ്ര സര്‍ക്കാരിന്റെ മൊബൈല്‍ പിഎല്‍ഐ (PLI) പദ്ധതിയിലൂടെ 28,000 കോടി രൂപയുടെ നികുതി വരുമാനവും, 12 ലക്ഷം പുതിയ തൊഴിലവസരങ്ങളും സൃഷ്ടിച്ചെന്ന് റിപ്പോര്‍ട്ട്. വെറുമൊരു ഇറക്കുമതി രാജ്യത്തില്‍ നിന്ന് ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മൊബൈല്‍ നിര്‍മ്മാണ ഹബ്ബായി ഇന്ത്യ മാറി. സര്‍ക്കാര്‍ സബ്സിഡി എന്നതിനപ്പുറം, ഖജനാവിലേക്ക് ലാഭകരമായ നികുതി വരുമാനവും ലക്ഷക്കണക്കിന് സാധാരണക്കാരായ യുവാക്കള്‍ക്ക് അന്തസുള്ള തൊഴിലും ഉറപ്പാക്കുന്ന വികസന മാതൃകയായി മൊബൈല്‍ പിഎല്‍ഐ സ്‌കീം മാറുകയാണ്.

വസ്തുതകള്‍ നിരത്തി മന്ത്രിമൊബൈല്‍ പിഎല്‍ഐ (PLI) പദ്ധതി പ്രകാരം സര്‍ക്കാര്‍ കമ്പനികള്‍ക്ക് 19,000 കോടി രൂപ ഇന്‍സെന്റീവായി നല്‍കിയപ്പോള്‍, 25,000 കോടി രൂപ നേരിട്ടുള്ള നികുതിയായി (Direct Tax) തിരികെ ലഭിച്ചെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ഇന്‍സെന്റീവ് തുകയ്ക്ക് പുറമെ ചരക്ക് സേവന നികുതി (GST) ഇനത്തില്‍ 3,000 കോടിയും ഖജനാവിലേക്ക് എത്തി.

ഇലക്ട്രോണിക്‌സ് നിര്‍മ്മാണ മേഖല ആകെ 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട്. ഇതില്‍ 12 ലക്ഷം പേരും മൊബൈല്‍ നിര്‍മ്മാണ മേഖലയില്‍ നിന്നുള്ളവരാണെന്ന് മന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ മൊബൈല്‍ നിര്‍മ്മാണ മാതൃകയുടെയും, സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡികളുടെയും ഫലപ്രാപ്തിയെ ചോദ്യം ചെയ്ത മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് മറുപടിയായാണ് മന്ത്രി ഈ കണക്കുകള്‍ പുറത്തുവിട്ടത്.

എന്താണ് മൊബൈല്‍ പിഎല്‍ഐ (PLI) സ്‌കീം

ഇന്ത്യയില്‍ ആഭ്യന്തര നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിനും, വിദേശ ഇറക്കുമതി കുറയ്ക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (ഉല്‍പ്പാദനവുമായി ബന്ധിപ്പിച്ച സാമ്പത്തിക ആനുകൂല്യം) പദ്ധതിയാണിത്.

കമ്പനികള്‍ ഇന്ത്യയില്‍ ഫാക്ടറികള്‍ സ്ഥാപിച്ച് നിശ്ചിത ലക്ഷ്യത്തിനപ്പുറം ഉല്‍പ്പാദനവും വില്‍പനയും വര്‍ദ്ധിപ്പിക്കുമ്പോള്‍, ആ അധിക വില്‍പനയ്ക്ക് സര്‍ക്കാര്‍ നിശ്ചിത ശതമാനം (പഴയ സ്‌കീമില്‍ 4% മുതല്‍ 6% വരെ) ക്യാഷ് ഇന്‍സെന്റീവ് നല്‍കുന്നതാണ് പദ്ധതി. ആഗോള കമ്പനികളെയും ആഭ്യന്തര കമ്പനികളെയും വന്‍തോതില്‍ നിക്ഷേപം നടത്താനും ഇന്ത്യയെ ഒരു ആഗോള നിര്‍മ്മാണ ഹബ്ബാക്കി മാറ്റാനും ഇത് പ്രേരിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *