മൂന്നരവർഷത്തിനുശേഷം റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് ഉയർത്തി പണനയം പ്രഖ്യാപിച്ചു. റീപ്പോനിരക്ക് കാൽ ശതമാനം (0.25%) കൂട്ടി 5.50 ശതമാനമാക്കി. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്ക് കൂടാനുള്ള സാധ്യതയൊരുങ്ങിയത് സാധാരണക്കാർക്കും ബിസിനസ് സ്ഥാപനങ്ങൾക്കും തിരിച്ചടിയാണ്.
റീപ്പോനിരക്ക് വർധനയ്ക്ക് ആനുപാതികമായി ബാങ്കുകൾ വായ്പകളുടെ പലിശനിരക്കും ഉയർത്തും. എല്ലാത്തരം വായ്പകളുടെയും പലിശനിരക്ക് കൂടില്ല. റീപ്പോ അധിഷ്ഠിത വായ്പകൾ, ഫ്ലോട്ടിങ് വായ്പകൾ, പുതിയ വായ്പകൾ എന്നിവയ്ക്കാണ് പലിശയിൽ വർധനയുണ്ടാവുക. ഫിക്സഡ് പലിശനിരക്കിൽ വായ്പകളുള്ളവരുടെ പലിശഭാരം മാറില്ല.
സാമ്പത്തിക സാഹചര്യങ്ങൾക്ക് അനുസരിച്ച് പലിശനയം സ്വീകരിക്കുന്ന ‘ന്യൂട്രൽ’ നിലപാടിൽ നിന്ന് ‘കാലിബറേറ്റഡ് ടൈറ്റനിങ്’ എന്നതിലേക്കും മാറ്റി. അതായത്, സാഹചര്യം വിലയിരുത്തി പലിശ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നതാണ് ന്യൂട്രൽ നിലപാട്. എന്നാൽ, പലിശ കൂട്ടുകയോ നിലനിർത്തുകയോ ചെയ്യുന്നതാണ് കാലബറേറ്റഡ് ടൈറ്റനിങ്.
അതേസമയം, ബാങ്ക് സ്ഥിര നിക്ഷേപം (എഫ്ഡി) ഉള്ളവർക്കും പുതുതായി എഫ്ഡി ഇടാൻ ശ്രമിക്കുന്നവർക്കും നിരക്ക് വർധന നേട്ടമാണ്. ആനുപാതികമായല്ലെങ്കിലും എഫ്ഡി പലിശനിരക്കിൽ നേരിയ വർധന വരുത്താൻ ബാങ്കുകൾ തയാറാകും. ഉയർന്നു നിൽക്കുന്ന പണപ്പെരുപ്പം, പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്നുള്ള ക്രൂഡോയിൽ വില വർധന, രൂപയുടെ മൂല്യത്തകർച്ച, അനാകർഷകമായ ഇന്ത്യൻ ബോണ്ട് യീൽഡ്, യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടക്കം പലിശനിരക്ക് വർധനയുടെ പാതയിലേക്ക് കടന്നത്, എൽനിനോ ഉയർത്തുന്ന വിലക്കയറ്റ ആഘാതം എന്നിവ കണക്കിലെടുത്ത് റിസർവ് ബാങ്ക് പലിശനിരക്ക് കൂട്ടുമെന്ന് എറക്കുറെ ഉറപ്പായിരുന്നു.
അവസാനമായി പലിശ കൂട്ടിയത് 2023 ഫെബ്രുവരിയിലാണ്.
