സ്വർണവില കേരളത്തിലും രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് താഴേക്ക്. കുതിച്ചുകയറാനുള്ള വഴി കിട്ടിയിട്ടും അതിനെല്ലാം തടസ്സംനിൽക്കുന്ന ‘വില്ലന്മാർ’ അണിനിരന്നതോടെ രാജ്യാന്തരവില താഴുകയായിരുന്നു. പിന്നാലെ കേരളത്തിലും വില കുറഞ്ഞു.
യുഎസിന് ക്ഷീണം; മുതലെടുക്കാതെ സ്വർണം
ഗ്രാമിന് 100 രൂപ കുറഞ്ഞ് വില 13,675 രൂപയായി. 800 രൂപ കുറഞ്ഞ് 1,09,400 രൂപയാണ് പവൻവില. 18 കാരറ്റ് സ്വർണവില ഗ്രാമിന് 80 രൂപ താഴ്ന്ന് 11,235 രൂപയിലെത്തി. വെള്ളിവിലയിൽ മാറ്റമില്ല; ഗ്രാമിന് 235 രൂപ. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിൽ തൊഴിൽ വിപണി ദുർബലമായെന്ന റിപ്പോർട്ട് സ്വർണത്തിന് നേട്ടമാകേണ്ടതും വില കൂടേണ്ടതുമാണ്. യുഎസ് ഡോളർ സൂചിക 0.17% ഇടിഞ്ഞ് 101.92ൽ എത്തിയതും സ്വർണത്തിന് വിലക്കുതിപ്പിനുള്ള ഊർജമാകേണ്ടതായിരുന്നു.
പലിശഭാരം കൂടില്ല; എന്നിട്ടും താഴ്ന്ന് സ്വർണം
തൊഴിലുകൾ കുറയുകയും തൊഴിലില്ലായ്മ നിരക്ക് കൂടുകയും ചെയ്തതിനാൽ ഈമാസത്തെ പണനയ നിർണയ യോഗത്തിൽ യുഎസ് കേന്ദ്രബാങ്ക് ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കൂട്ടാനുള്ള സാധ്യത മങ്ങി. ഇതാണ് ഡോളറിനെ വീഴ്ത്തിയത്. ഡോളർ താഴ്ന്നതിനാൽ സ്വർണവില ഉയരുമെന്നായിരുന്നു പ്രതീക്ഷകളും. എന്നാൽ, ഈമാസം പലിശ കൂട്ടിയില്ലെങ്കിലും ഡിസംബർ മുതൽ വീണ്ടും പലിശ കൂടിത്തുടങ്ങുമെന്ന വിലയിരുത്തലും പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുള്ള എണ്ണവില വർധനയും സ്വർണത്തിന് തിരിച്ചടിയായി.
ബോണ്ടാഘാതം, വില കൂടുതൽ താഴേക്ക്
മോശം തൊഴിൽക്കണക്കിനെ തുടർന്ന് ആദ്യം ഇടിഞ്ഞ യുഎസ് സർക്കാരിന്റെ ബോണ്ട് യീൽഡ് അതിവേഗം തിരിച്ചുകയറിയത് സ്വർണത്തിന് തിരിച്ചടിയാവുകയായിരുന്നു. രാജ്യാന്തരവില ഔൺസിന് ഒരുവേള 4224 ഡോളർ വരെ ഉയർന്നെങ്കിലും ആ നേട്ടം നിലനിർത്താനോ 4250ന് മുകളിലേക്ക് കടക്കാനോ കഴിഞ്ഞില്ല. ലാഭമെടുപ്പും ഉണ്ടായതോടെ വില ഇടിയുകയായിരുന്നു. രാജ്യാന്തര വില ഔൺസിന് 4000 ഡോളറിന് താഴെ എത്തിയേക്കാമെന്ന നിരീക്ഷണങ്ങളുണ്ട്. അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ പവൻവില 1.07 ലക്ഷം രൂപയിലേക്ക് താഴുമെന്നാണ് കരുതുന്നത്.

