Latest

പുരപ്പുറ സോളർ: 30,000 രൂപ അധിക സബ്സിഡിയുമായി ഉത്തർപ്രദേശ്, മുന്നേറ്റം; കേരളം 5-ാം സ്ഥാനത്ത്

Share

പിഎം സൂര്യ ഘർ മുഫ്ത് ബിജ്‍ലി യോജനയ്ക്ക് കീഴിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളെ ചേർക്കുന്ന സംസ്ഥാനമെന്ന നേട്ടം സെപ്റ്റംബറിലും സ്വന്തമാക്കി ഉത്തർപ്രദേശ്. കേരളം 5-ാം സ്ഥാനത്താണ്. ദക്ഷിണേന്ത്യയിൽ കേരളത്തിന് ഒന്നാംസ്ഥാനവുമുണ്ട്. കേന്ദ്ര സബ്സിഡിക്ക് പുറമേ 15,000 രൂപ മുതൽ 30,000 രൂപവരെ അധിക സബ്സിഡിയുമായാണ് ഉത്തർപ്രദേശിന്റെ മികച്ച പ്രകടനം.

സെപ്റ്റംബറിൽ ഉത്തർപ്രദേശ് പുതുതായി 74,796 പുതിയ പുരപ്പുറ സോളർ പ്ലാന്റുകൾ സ്ഥാപിച്ചെന്ന് പിഎം സൂര്യ ഘർ യോജന സംബന്ധിച്ച ഔദ്യോഗിക രേഖകൾ വ്യക്തമാക്കി. ഓഗസ്റ്റിലും ഉത്തർപ്രദേശ് തന്നെയായിരുന്നു മുന്നിൽ. 69,813 പുരപ്പുറ സോളറുകൾ സ്ഥാപിച്ച ആന്ധ്രാപ്രദേശാണ് രണ്ടാമത്. 60,907 എണ്ണവുമായി മഹാരാഷ്ട്ര മൂന്നാമതും 46,616 എണ്ണവുമായി ഗുജറാത്ത് നാലാമതുമാണ്.

അഞ്ചാംസ്ഥാനത്തുള്ള കേരളത്തിൽ സെപ്റ്റംബറിൽ പുതുതായി പുരപ്പുറ സോളർ സ്ഥാപിച്ചത് 30,315 വീടുകളിലാണ്. ദേശീയതലത്തിൽ സെപ്റ്റംബറിൽ ആകെ 4.38 ലക്ഷം പുരപ്പുറ സോളറുകൾ സ്ഥാപിച്ചു. ഇതിൽ 17 ശതമാനവും ഉത്തർപ്രദേശിലാണ്.

ദേശീയതലത്തിൽ പിഎം സൂര്യ ഘർ പദ്ധതിപ്രകാരം ആകെ 59.89 ലക്ഷം വീടുകളിലാണ് പുരപ്പുറ സോളറുള്ളത്. 17,682.51 മെഗാവാട്ടാണ് സ്ഥാപിത ഉൽപാദനശേഷി. ഉപയോക്താക്കൾക്കായി ആകെ 33,324.43 കോടി രൂപ കേന്ദ്രസർക്കാർ സബ്സിഡിയായും നൽകി. 12.26 ലക്ഷം വീടുകളിലായി 3271.72 മെഗാവാട്ട് ശേഷിയുടെ പുരപ്പുറ സോളറുകൾ സ്ഥാപിച്ച ഗുജറാത്താണ് ഏറ്റവും മുന്നിൽ. 6310.11 കോടി രൂപ സബ്സിഡിയും ഗുജറാത്തിലെ ഉപയോക്താക്കൾ ഇതിനകം നേടി.

12.78 ലക്ഷം വീടുകളിലായി 3032.08 മെഗാവാട്ടിന്റെ സ്ഥാപിതശേഷിയുമായി മഹാരാഷ്ട്രയാണ് രണ്ടാമത്. 5859.5 കോടി രൂപ മഹാരാഷ്ട്രയിലെ ഉപയോക്താക്കൾ സബ്സിഡിയായും നേടി. 8.78 ലക്ഷം വീടുകളിലായി 2920.89 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള ഉത്തർപ്രദേശ് മൂന്നാമതാണ്. സബ്സിഡി നേട്ടം 5722.83 കോടി രൂപ. കേരളം ദേശീയ തലത്തിൽ 4-ാം സ്ഥാനത്തുണ്ട്. 3,73,372 വീടുകളിലാണ് സംസ്ഥാനത്ത് പുരപ്പുറ സോളർ ഉള്ളതെന്ന് കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ കണക്ക് പറയുന്നു. സ്ഥാപിതശേഷി 1415.59 മെഗാവാട്ട്. സബ്സിഡി നേട്ടം 2366.06 കോടി രൂപ.

കേരളത്തിന് കനത്ത വെല്ലുവിളിയാണ് ആന്ധ്രപ്രദേശ് ഉയർത്തുന്നത്. 4.32 ലക്ഷം വീടുകളിലായി 1195.69 മെഗാവാട്ടിന്റെ സ്ഥാപിതശേഷി ആന്ധ്രയിലുണ്ട്. സബ്സിഡി നേട്ടം 2254.84 കോടി രൂപ. ഓരോ മാസവും കേരളത്തേക്കാൾ കൂടുതൽ പുരപ്പുറ സോളറുകൾ സ്ഥാപിച്ച് ശേഷി ഉയർത്തുകയാണ് ആന്ധ്ര. കർണാടകയിൽ 39,754 വീടുകളിലെ പിഎം സൂര്യഘർ പ്രകാരം പുരപ്പുറ സോളർ എത്തിയിട്ടുള്ളൂ. സ്ഥാപിത ശേഷി 109.23 മെഗാവാട്ട്. നേടിയ സബ്സിഡി 183.55 കോടി രൂപ.

കേന്ദ്ര സബ്സിഡിക്ക് പുറമേ സ്വന്തം നിലയ്ക്കും സബ്സിഡി കൊടുത്ത് കൂടുതൽ ഉപയോക്താക്കളെ ചേർക്കാനുള്ള ശ്രമത്തിലാണ് തമിഴ്നാട്. പരമാവധി 22,000 രൂപ സംസ്ഥാന വിഹിതമായി ചേർത്ത് മൊത്തം സബ്സിഡി ഒരുലക്ഷം രൂപയാക്കുകയാണ് തമിഴ്നാട്ടിലെ സി.ജോസഫ് വിജയ് സർക്കാർ ചെയ്തത്. സംസ്ഥാനത്ത് ഇതിനകം പുരപ്പുറ സോളർ സ്ഥാപിച്ചത് 1.18 ലക്ഷം വീടുകളിൽ. സ്ഥാപിതശേഷി 371.91 മെഗാവാട്ടാണ്. സബ്സിഡി ലഭിച്ചത് 676.36 കോടി രൂപയും.

84,426 വീടുകളിലായി 245.08 മെഗാവാട്ടാണ് തെലങ്കാനയുടെ സ്ഥാപിതശേഷി. 419.66 കോടി രൂപ സബ്സിഡിയും നേടിയിട്ടുണ്ട്. പുരപ്പുറ സോളർ ഉപയോഗം വ്യാപകമാക്കാനായി നരേന്ദ്ര മോദി സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുകയും അതിവേഗം ജനപ്രിയമായി മാറിയതുമായ പദ്ധതിയാണ് പിഎം സൂര്യഘർ.

നിലവിൽ പിഎം സൂര്യഘർ മുഫ്ത് ബിജ്‍ലി യോജന പ്രകാരം 3 വിഭാഗങ്ങളിലായാണ് ഉപഭോക്താക്കൾക്ക് കേന്ദ്ര സബ്സിഡി ലഭിക്കുക. ഒരു കിലോവാട്ട് സോളർ സിസ്റ്റം വയ്ക്കുന്നവർക്ക് 30,000 രൂപവരെ. 2 കിലോവാട്ടിന് 60,000 രൂപവരെ. 3 കിലോവാട്ടിന് പരമാവധി 78,000 രൂപ. ഇതിനു പുറമേയാണ് തമിഴ്നാട്, ഉത്തർപ്രദേശ്, ബിഹാർ, ഡൽഹി അടക്കമുള്ള ചില സംസ്ഥാനങ്ങൾ സ്വന്തംനിലയ്ക്ക് സബ്സിഡി നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *