Salary Account: മാസാമാസം കൃത്യമായി ശമ്പളം ക്രെഡിറ്റ് ചെയ്യപ്പെടുമ്പോഴും, ബാങ്കുകള്‍ അതിനൊപ്പം നല്‍കുന്ന ലക്ഷങ്ങളുടെ ഇന്‍ഷുറന്‍സും ആനുകൂല്യങ്ങളും പലപ്പോഴും നമ്മള്‍ അറിയാതെ പോകുന്നു. നിങ്ങള്‍ ഒരു ശമ്പള വരുമാനക്കാരന്‍ ആണെങ്കില്‍, നിങ്ങളുടെ സാലറി അക്കൗണ്ടിന് അര്‍ഹമായ സൗജന്യ ആനുകൂല്യങ്ങള്‍ തിരിച്ചറിയുന്നതും, കൃത്യമായി ഉപയോഗപ്പെടുത്തുന്നതും കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുള്ള പ്രധാന ചുവടുവെയ്പ്പാണ്. എസ്ബിഐ, കനറ ബാങ്ക്, പിഎന്‍ബി, ബാങ്ക് ഓഫ് ബറോഡ പോലുള്ള പ്രമുഖ പൊതുമേഖലാ ബാങ്കുകള്‍ ശമ്പള വരുമാനക്കാര്‍ക്കായി പ്രത്യേക സാമ്പത്തിക പാക്കേജുകളും, സൗജന്യ ആനുകൂല്യങ്ങളും നല്‍കാറുണ്ട്.
ലഭിക്കുന്ന പ്രധാന സൗജന്യ ആനുകൂല്യങ്ങള്‍സീറോ ബാലന്‍സ് സൗകര്യം. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കിലും പിഴ ഈടാക്കില്ല. കൂടാതെ പ്രതിമാസ ശമ്പള പാക്കേജിന് അനുസരിച്ച് 30 ലക്ഷം മുതല്‍ 1 കോടി രൂപ വരെ സൗജന്യ വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് ലഭിക്കും. വിമാന അപകടങ്ങള്‍ക്കായി 1 കോടിയോ അതിലധികമോ എയര്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സും ലഭ്യമാണ്.
സൗജന്യ ഡെബിറ്റ് കാര്‍ഡും എടിഎം ഇടപാടുകളും
വാര്‍ഷിക ഫീസുകള്‍ കൂടാതെയുള്ള പ്രീമിയം ഡെബിറ്റ് കാര്‍ഡുകള്‍ സൗജന്യമായി പല ബാങ്കുകളും നല്‍കുന്നു. ബാങ്കിന്റെയോ മറ്റ് ബാങ്കുകളുടെയോ എടിഎമ്മുകളില്‍ പരിധിയില്ലാത്ത സൗജന്യ ഇടപാടുകള്‍ നല്‍കാറുണ്ട്. NEFT, RTGS, IMPS, SMS അലേര്‍ട്ടുകള്‍, ഡിമാന്‍ഡ് ഡ്രാഫ്റ്റ് (DD), മള്‍ട്ടി- സിറ്റി ചെക്ക് ബുക്കുകള്‍ എന്നിവയ്ക്ക് ചാര്‍ജുകള്‍ ഈടാക്കില്ല.
വായ്പ ഇളവുകള്‍
ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്കില്‍ ഇളവുകളും, പ്രോസസിംഗ് ഫീസില്‍ പൂര്‍ണ്ണമായോ ഭാഗികമായോ ഒഴിവാക്കലും ലഭിക്കും. അടിയന്തര ഘട്ടങ്ങളില്‍ ശമ്പളത്തുകയുടെ പരിധി അടിസ്ഥാനമാക്കി അക്കൗണ്ടില്‍ പണമില്ലെങ്കിലും നിശ്ചിത തുക പിന്‍വലിക്കാനുള്ള സൗകര്യം നല്‍കാറുണ്ട്.
