
ആഗോള വിപണിയിൽ ഡീസൽ ലഭ്യത കുറയുന്നത് റിലയൻസ് ഇൻഡസ്ട്രീസ് ഉൾപ്പെടെയുള്ള ഇന്ത്യൻ എണ്ണക്കമ്പനികൾക്ക് നേട്ടമാകുമെന്ന് റിപ്പോർട്ട്. ക്രൂഡ് ഓയിൽ വിലയിൽ കുറവുണ്ടായാലും, ഡീസൽ വിതരണത്തിലെ കടുത്ത നിയന്ത്രണവും ഉയർന്ന റിഫൈനിങ് മാർജിനും കമ്പനികളുടെ ലാഭക്ഷമതയ്ക്ക് പിന്തുണ നൽകുമെന്നാണ് വിലയിരുത്തൽ.
ഡീസൽ ക്രാക്ക്ക്രൂഡ് ഓയിലിന്റെ വിലയും, ശുദ്ധീകരിച്ച ഡീസലിന്റെ വിലയും തമ്മിലുള്ള വ്യത്യാസത്തെയാണ് ഡീസൽ ക്രാക്ക് (Diesel Crack) എന്ന് പറയുന്നത്. ഈ വ്യത്യാസം ഉയരുമ്പോൾ എണ്ണ ശുദ്ധീകരണ കമ്പനികളുടെ ലാഭമാർജിനും മെച്ചപ്പെടും. നിലവിൽ ശക്തമായ ഡീസൽ ക്രാക്കുകൾ റിലയൻസ് ഇൻഡസ്ട്രീസ് ഉൾപ്പെടെയുള്ള റിഫൈനറികളുടെ ലാഭക്ഷമത ഉയരാൻ കാരണമാകുന്നു.
ഇക്വിറസ് റിസർച്ചിന്റെ ഏറ്റവും പുതിയ ‘Oil & Gas Weekly Tracker’ റിപ്പോർട്ടിലാണ് ഈ നിരീക്ഷണങ്ങളുള്ളത്. ചൈനയിൽനിന്നുള്ള ഡീസൽ കയറ്റുമതി കുറയുന്നതും പ്രധാന വിപണികളിലെ ഡീസൽ ശേഖരം താഴുന്നതുമാണ് ആഗോള വിപണിയിൽ ലഭ്യത സംബന്ധിച്ച സമ്മർദ്ദമുണ്ടാകാൻ കാരണം.
ചൈനയുടെ ഡീസൽ കയറ്റുമതിയിൽ ഇടിവ്
ഈ മാസം, 2026 നവംബറിൽ ചൈനയുടെ ഡീസൽ കയറ്റുമതി 8 ലക്ഷം ടണ്ണിൽ താഴെയാകുമെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. ആഗസ്റ്റിൽ ഇത് 13.3 ലക്ഷം ടണ്ണും സെപ്റ്റംബറിൽ 18 ലക്ഷം ടണ്ണുമായിരുന്നു. അതേസമയം, ചൈനയിലെ വാണിജ്യ ഡീസൽ ശേഖരം ഒക്ടോബർ അവസാനത്തോടെ 1.11 കോടി ടണ്ണായി കുറഞ്ഞു. 2011ൽ ഇത് സംബന്ധിച്ച രേഖകൾ സൂക്ഷിച്ചുതുടങ്ങിയതിനുശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്.
ചൈനയിൽനിന്നുള്ള കയറ്റുമതി കുറയുന്നതിനൊപ്പം, അമേരിക്കയിലും മറ്റ് പ്രധാന വിപണികളിലും ഡീസൽ ശേഖരം താഴുന്നത് ലഭ്യമായ ഇന്ധനത്തിനായുള്ള മത്സരം ശക്തമാക്കും. ഇത് ഡീസൽ വില, ആഗോള റിഫൈനിങ് മാർജിൻ എന്നിവ ഉയരാൻ കാരണമാകും. ഈ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്താനാണ് ഇന്ത്യൻ റിഫൈനറികൾ ഇപ്പോൾ ശ്രമിക്കുന്നത്.
ഇന്ത്യൻ എണ്ണക്കമ്പനികളുടെ നില
ഡീസൽ ക്ഷാമം തുടരുന്നത്, പ്രത്യേകിച്ച് സ്വന്തമായി ക്രൂഡ് ഓയിൽ ശുദ്ധീകരിക്കുന്ന കമ്പനികൾക്ക് ഗുണകരമാകുമെന്നാണ് ഇക്വിറസ് റിസർച്ചിന്റെ വിലയിരുത്തൽ. റിലയൻസ് ഇൻഡസ്ട്രീസ് ഉൾപ്പെടെയുള്ള കമ്പനികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കാം.
അതേ സമയം, എണ്ണശുദ്ധീകരണ കമ്പനികൾക്ക് അനുകൂലമായ സാഹചര്യമാണെങ്കിലും ക്രൂഡ് ഓയിൽ ഉല്പാദകരായ ഒ.എൻ.ജി.സി, ഓയിൽ ഇന്ത്യ എന്നിവയെ സംബന്ധിച്ച് സ്ഥിതി അത്ര അനുകൂലമല്ലെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. സർക്കാർ ഇടപെടലുകളെക്കുറിച്ചുള്ള ആശങ്ക, ഉല്പാദന വളർച്ചയിലെ മന്ദഗതി, ക്രൂഡ് വില ഉയരുമ്പോൾ ലഭിക്കുന്ന അധിക നേട്ടം നിലനിർത്താനുള്ള പരിമിതികൾ എന്നിവയാണ് ഈ കമ്പനികളെ ബാധിക്കുന്നത്.
മുൻകാലങ്ങളിൽ ക്രൂഡ് വില ഉയർന്നപ്പോൾ, ഉല്പാദക കമ്പനികൾ എണ്ണ വിപണന കമ്പനികൾക്ക് ക്രൂഡ് ഇളവിൽ നൽകിയതും 2022ൽ വിൻഡ്ഫാൾ ടാക്സ് ഏർപ്പെടുത്തിയതും നിക്ഷേപകരുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ഒ,എൻ.ജി.സിയിൽ സ്വാഭാവിക ഉല്പാദന ഇടിവും, പുതിയ പദ്ധതികൾ ആരംഭിക്കുന്നതിലെ കാലതാമസവും വളർച്ചയെ ബാധിക്കുന്നുണ്ട്.
യൂറോപ്പിലെ ഗ്യാസ് ശേഖരത്തിലും സമ്മർദം
ആഗോള പ്രകൃതിവാതക വിപണിയിലും സമ്മർദ്ദം തുടരുമെന്നാണ് ഇക്വിറസ് റിസർച്ചിന്റെ വിലയിരുത്തൽ. യൂറോപ്പിലെ ഗ്യാസ് സംഭരണശേഷി ഏകദേശം 71 ശതമാനം മാത്രമാണ് നിറഞ്ഞിരിക്കുന്നത്. ശേഖരത്തിൽനിന്ന് ഗ്യാസ് ഉപയോഗിച്ചുതുടങ്ങിയതായും, സീസണൽ ശരാശരിയേക്കാൾ സംഭരണം താഴെയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ആഗോള ഡീസൽ ലഭ്യതയിലെ കുറവ് തുടരുകയാണെങ്കിൽ ഇന്ത്യൻ റിഫൈനറികൾക്ക് സമീപഭാവിയിലും നേട്ടമുണ്ടാകാം. അതേസമയം, ഈ സാഹചര്യം എണ്ണ ഉല്പാദന കമ്പനികൾക്കും, റിഫൈനിങ് കമ്പനികൾക്കും ഒരുപോലെ ഗുണകരമാകണമെന്നില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
