
സ്വന്തം ഉപഗ്രഹ ശൃംഖല ഒരുക്കാനുള്ള നീക്കവുമായി മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പ്. രാജ്യത്ത് അതിവേഗ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനൊപ്പം, വിദേശ കമ്പനികളെ ആശ്രയിക്കാത്ത, ഇന്ത്യൻ നിയന്ത്രണത്തിലുള്ള ഒരു ഉപഗ്രഹ ശൃംഖല സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇതിനായി 1,600 ലോ എർത്ത് ഓർബിറ്റ് (LEO) ഉപഗ്രഹങ്ങൾ നിർമ്മിക്കാനുള്ള പദ്ധതിക്ക് സഹകരണം തേടുകയാണ് കമ്പനി. രാജ്യത്തിന്റെ കണക്റ്റിവിറ്റി ആവശ്യങ്ങൾക്കും, പ്രതിരോധ മേഖലയിലെടക്കം തന്ത്രപ്രധാന താൽപര്യങ്ങൾക്കും പ്രയോജനപ്പെടുന്ന ഇന്ത്യൻ നിയന്ത്രണത്തിലുള്ള ശൃംഖലയാണ് റിലയൻസ് ലക്ഷ്യമിടുന്നത്.
ഇന്ത്യൻ കമ്പനികളുമായി പങ്കാളിത്ത ചർച്ചപദ്ധതിയുടെ ഭാഗമായി ഇന്ത്യൻ ഉപഗ്രഹ നിർമാതാക്കൾ, സാങ്കേതിക സ്റ്റാർട്ടപ്പുകൾ, വലിയ വ്യവസായ ഗ്രൂപ്പുകൾ എന്നിവരുമായി റിലയൻസ് ചർച്ച നടത്തിവരികയാണെന്നാണ് റിപ്പോർട്ട്. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് നിക്ഷേപം നടത്താനും കമ്പനി തയ്യാറാണ്.
ഇന്ത്യയിൽ ഉപഗ്രഹ നിർമാണശേഷി വർധിപ്പിക്കുന്നതിനൊപ്പം വിദേശത്തുനിന്നും ഉപഗ്രഹങ്ങൾ വാങ്ങാനും റിലയൻസ് പദ്ധതിയിടുന്നു. അമേരിക്കയിൽനിന്ന് കുറഞ്ഞത് 400 ഉപഗ്രഹങ്ങൾ വാങ്ങാനുള്ള നീക്കവും ഇതിൽ ഉൾപ്പെടുന്നു. രണ്ട് അമേരിക്കൻ കമ്പനികളുമായി ഇതിനായി ചർച്ചകൾ നടക്കുന്നുണ്ട്. യൂറോപ്പിലെ വിതരണക്കാരെയും പരിഗണിക്കുന്നുണ്ട്. ചൈനയിൽനിന്ന് ഉപഗ്രഹങ്ങൾ വാങ്ങാൻ പദ്ധതിയില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.
2027ൽ പരീക്ഷണ വിക്ഷേപണം
2027 സെപ്റ്റംബറിൽ പരീക്ഷണ ദൗത്യം നടത്താനാണ് റിലയൻസ് ലക്ഷ്യമിടുന്നത്. 2028ന്റെ തുടക്കത്തോടെ കൂടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ശൃംഖല വികസിപ്പിക്കാനാണ് പദ്ധതി. നേരത്തെ 2030ഓടെ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്ന ഉപഗ്രഹ ശൃംഖലയുടെ നിർമാണം, ഉൽപ്പാദന-വിക്ഷേപണ പരിമിതികൾ കണക്കിലെടുത്ത് 2035ലേക്ക് നീട്ടിയിട്ടുണ്ട്.
ജിയോ പ്ലാറ്റ്ഫോംസിന്റെ വളർച്ചയ്ക്ക് കരുത്തേകുന്നതോടൊപ്പം ഇന്ത്യയിലുടനീളം ഇന്റർനെറ്റ് കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും ഈ ശൃംഖല സഹായിക്കുമെന്നാണ് പ്രതീക്ഷ. സൈനിക സംഘർഷങ്ങളോ, ഭൗമരാഷ്ട്രീയ പ്രതിസന്ധികളോ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ തന്ത്രപ്രധാന ആശയവിനിമയത്തിനും ഉപഗ്രഹ ശൃംഖല പ്രയോജനപ്പെടാം.
ഇന്ത്യയുടെ നിർമാണശേഷി പ്രധാന വെല്ലുവിളി
പദ്ധതിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി ഉപഗ്രഹ നിർമാണവും അവയുടെ വിക്ഷേപണവുമാണ്. നിലവിൽ ഇന്ത്യയിൽ പ്രതിവർഷം 15ൽ താഴെ ഉപഗ്രഹങ്ങളാണ് നിർമിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ റിലയൻസിന്റെ പദ്ധതിക്ക് പ്രതിവർഷം ഏകദേശം 200 ഉപഗ്രഹങ്ങൾ നിർമിക്കേണ്ടിവരും.
ഉപഗ്രഹങ്ങൾ നിർമിക്കുന്നതിനു പുറമെ അവയെ കൃത്യമായ ഭ്രമണപഥത്തിലെത്തിക്കാൻ ആവശ്യമായ റോക്കറ്റ് വിക്ഷേപണ ശേഷിയും വർധിപ്പിക്കണം. ഇന്ത്യയിൽനിന്നുള്ള വിക്ഷേപണ വാഹനങ്ങൾ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നതെങ്കിൽ കൂടുതൽ വിക്ഷേപണങ്ങൾ നടത്താനുള്ള ശേഷി നിർണായകമാകുമെന്ന് ഉപഗ്രഹ നിർമാതാക്കളും ചൂണ്ടിക്കാട്ടുന്നു.
സ്റ്റാർലിങ്കിന് 10,000ലേറെ ഉപഗ്രഹങ്ങൾ
നിലവിൽ ലോകത്താകെ 10,000ലേറെ ഉപഗ്രഹങ്ങളുള്ള സ്റ്റാർലിങ്കിന് വലിയ മുന്നേറ്റമുണ്ട്. അതിനാൽ റിലയൻസിന്റെ പുതിയ പദ്ധതി ഇന്ത്യയിലെ സാറ്റലൈറ്റ് ഇന്റർനെറ്റ് രംഗത്തെ മത്സരം ശക്തമാക്കും. വിദേശ ഉപഗ്രഹ ശൃംഖലകളുടെ പ്രവർത്തന നിയന്ത്രണവും, സുരക്ഷയും സംബന്ധിച്ച ആശങ്കകൾക്കിടയിൽ, ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ ശേഷി വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും ഈ നീക്കം വ്യക്തമാക്കുന്നു.
