Latest

ഇപിഎഫ് മിനിമം പെന്‍ഷന്‍ 7500 രൂപയാക്കിയേക്കും; യുപിഐ സേവനവും ഉടന്‍, നവംബര്‍ 19-ലെ യോഗം നിര്‍ണായകം

Share

EPF UPI: രാജ്യത്തെ കോടിക്കണക്കിന് ശമ്പളക്കാര്‍ക്കും, പെന്‍ഷന്‍കാര്‍ക്കും ആശ്വാസമായി ഇപിഎഫ്ഒ മിനിമം പ്രതിമാസ പെന്‍ഷന്‍ 1,000 രൂപയില്‍ നിന്ന് 7,500 രൂപയായി ഉയര്‍ത്താന്‍ സാധ്യത. നവംബര്‍ 19-ന് ഗുജറാത്തില്‍ ചേരുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് (CBT) 240-ാമത് യോഗത്തില്‍ പെന്‍ഷന്‍ വര്‍ധനയ്‌ക്കൊപ്പം, അത്യാവശ്യ ഘട്ടങ്ങളില്‍ യുപിഐ (UPI) വഴി തല്‍ക്ഷണം പിഎഫ് തുക പിന്‍വലിക്കാനുള്ള അത്യാധുനിക സംവിധാനവും അന്തിമ അനുമതി തേടുമെന്നാണ് വിലയിരുത്തല്‍. ബിസിനസ് സ്റ്റാന്‍ഡേര്‍ഡിനെ ഉദ്ധരിച്ച് ഇന്ത്യ.കോം ആണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പെന്‍ഷന്‍ 1000 രൂപയില്‍ നിന്ന് 7500 രൂപയിലേയ്ക്ക്2014 സെപ്റ്റംബറിലാണ് ഇപിഎസ് (EPS) പ്രകാരമുള്ള കുറഞ്ഞ പെന്‍ഷന്‍ 1000 രൂപയായി കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചത്. എന്നാല്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ രാജ്യത്ത് പണപ്പെരുപ്പം വന്‍തോതില്‍ വര്‍ധിച്ചു. ഇന്നത്തെ കാലത്ത് വൈദ്യചികിത്സാ ചെലവുകള്‍ക്കും, മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ക്കും ഈ 1000 രൂപ ഒന്നിനും തികയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പെന്‍ഷന്‍കാരുടെ സംഘടനകളും, ട്രേഡ് യൂണിയനുകളും പെന്‍ഷന്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നത്.

പെന്‍ഷന്‍ തുക 7500 രൂപയാക്കി ഉയര്‍ത്തണമെന്നും, അതിനൊപ്പം ക്ഷാമബത്ത (DA) നല്‍കണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം. ഇപിഎഫ് പരിധിയില്‍ വരുന്ന ജീവനക്കാരുടെ നിര്‍ബന്ധിത ശമ്പള പരിധി 15,000 രൂപയില്‍ നിന്നും 25,000 രൂപയായി കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ ഉയര്‍ത്തിയതിനാല്‍ ഈ പെന്‍ഷന്‍ വര്‍ധന നടപ്പിലാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു.

നവംബര്‍ 19 ലെ യോഗം പ്രധാനമാകുന്നത് എന്തുകൊണ്ട്

ഇപിഎഫ്ഒയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ (CBT) 240-ാമത് യോഗമാണ് നവംബര്‍ 19 -ന് ഗുജറാത്തിലെ ഗിറീല്‍ വെച്ച് നടക്കുന്നത്. കുറഞ്ഞ പ്രതിമാസ പെന്‍ഷന്‍ വര്‍ധിപ്പിക്കണമെന്ന ദീര്‍ഘനാളായുള്ള ആവശ്യം ഈ യോഗം പ്രധാനമായും പരിഗണിക്കുമെന്നാണു വിവരം. വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഇപിഎഫ്ഒയുടെ ഡല്‍ഹിയിലെ ആസ്ഥാനത്ത് നിന്ന് മാറി മറ്റൊരു സംസ്ഥാനത്ത് ബോര്‍ഡ് യോഗം ചേരുന്നത് എന്നതും നവംബര്‍ 19 -ലെ യോഗത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

ഇപിഎഫ് യുപിഐ സേവനം

കഴിഞ്ഞ കുറേ മാസങ്ങളായി ഉപയോക്താക്കള്‍ കാത്തിരിക്കുന്ന സേവനമാണിത്. യുപിഐ (UPI) സംവിധാനം വഴി പ്രൊവിഡന്റ് ഫണ്ടിലെ തുക പിന്‍വലിക്കുന്നതിനുള്ള പുതിയ ഫീച്ചര്‍ ബാങ്കുകളുമായി ചേര്‍ന്ന് ഇപിഎഫ്ഒ പരീക്ഷിക്കുകയാണ്. എല്ലാം സുഗമമായി നടന്നാല്‍ ഈ സേവനം ഡിസംബര്‍ അവസാനത്തോടെ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബര്‍ യോഗത്തില്‍ ഇതു സംബന്ധിച്ചും അപ്‌ഡേറ്റ് ഉണ്ടായേക്കും.

സാധാരണക്കാര്‍ക്കു നേട്ടമാകുന്നത് എങ്ങനെ

പെന്‍ഷന്‍ വര്‍ധന നടപ്പിലായാല്‍ രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ഇപിഎസ് പെന്‍ഷന്‍കാര്‍ക്ക് നിലവിലെ ഉയര്‍ന്ന ജീവിതച്ചെലവുകള്‍ക്കും, മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും അത് വലിയ സാമ്പത്തിക ആശ്വാസമാകും. യുപിഐ വഴി പിഎഫ് പണം പിന്‍വലിക്കാനുള്ള സൗകര്യം വരുന്നതോടെ 7.5 കോടിയിലധികം വരുന്ന ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ക്ക് അതിവേഗത്തില്‍ എളുപ്പത്തില്‍ പണം പിന്‍വലിക്കാന്‍ സാധിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • പ്രതിമാസ പെന്‍ഷന്‍ 7500 രൂപയായി ഉയര്‍ത്തുക എന്നത് നിലവില്‍ ഒരു നിര്‍ദ്ദേശവും ആവശ്യവുമാണ്. നവംബര്‍ 19-ന് നടക്കുന്ന യോഗത്തില്‍ ഇതില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.
  • വിദ്യാഭ്യാസ ആവശ്യങ്ങള്‍, വിവാഹം, ഭവന നിര്‍മ്മാണം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഇപിഎഫ് അക്കൗണ്ടിലുള്ള തുകയുടെ 75 ശതമാനം വരെ മാത്രമേ പിന്‍വലിക്കാന്‍ സാധിക്കൂ.
  • അക്കൗണ്ടിലെ ബാലന്‍സിന്റെ കുറഞ്ഞത് 25% എങ്കിലും നിലനിര്‍ത്തണമെന്നാണ് നിലവിലെ ചട്ടം. യുപിഐ വഴിയുള്ള പിന്‍വലിക്കലിനും ഇത് ബാധകമായിരിക്കും.
  • യുപിഐ വഴിയുള്ള പിന്‍വലിക്കല്‍ സംവിധാനം നിലവില്‍ പരീക്ഷണ ഘട്ടത്തിലായതിനാല്‍ ഇത് ഉപയോഗിക്കാന്‍ ഡിസംബര്‍ വരെ കാത്തിരിക്കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *