
സ്വന്തമായി ഒരു വീട് എന്നത് ഓരോ കുടുംബത്തിന്റെയും വലിയ സ്വപ്നമാണ്. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടും, ഭൂമിയുടെ അഭാവവും കാരണം ഈ സ്വപ്നം യാഥാർത്ഥ്യമാക്കുന്നത് നീട്ടിക്കൊണ്ടു പോകുന്ന നിരവധി കുടുംബങ്ങൾ ഇന്ന് ഇവിടെയുണ്ട്. കേരളത്തിലെ ലൈഫ് മിഷൻ ഉൾപ്പെടെയുള്ള ഭവന പദ്ധതികളും, കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ആവാസ് യോജനയും അർഹരായ കുടുംബങ്ങൾക്ക് സഹായം നൽകാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ പദ്ധതിയിൽ അപേക്ഷിച്ചിട്ടുണ്ടെന്ന കാരണത്താൽ മാത്രം ധനസഹായം ഉറപ്പായെന്ന് അർത്ഥമാക്കുന്നില്ല. നിങ്ങളുടെ അർഹത, ഗുണഭോക്തൃ പട്ടികയിലെ സ്ഥാനം, പരിശോധന, ഫണ്ട് അനുവദിക്കൽ തുടങ്ങിയ ഘട്ടങ്ങൾ പ്രത്യേകം പരിശോധിക്കേണ്ടതാണ്.
അപേക്ഷ നൽകിയവർ ആദ്യം പരിശോധിക്കേണ്ടതെന്ത്?ഭവന പദ്ധതിക്കായി അപേക്ഷിച്ചിട്ടുണ്ടെങ്കിൽ അപേക്ഷയുടെ നിലവിലെ സ്ഥിതി അറിയുകയാണ് ആദ്യം വേണ്ടത്. അപേക്ഷ സ്വീകരിച്ചിട്ടുണ്ടോ? രേഖകളുടെ പരിശോധന പൂർത്തിയായോ? ഗുണഭോക്തൃ പട്ടികയിൽ പേരുണ്ടോ? ധനസഹായം അനുവദിച്ചിട്ടുണ്ടോ? തുടങ്ങിയ കാര്യങ്ങൾ പ്രത്യേകം ഉറപ്പാക്കണം.
അപേക്ഷ നൽകിയതും സഹായം അനുവദിച്ചതും വ്യത്യസ്ത ഘട്ടങ്ങളാണെന്ന് മനസ്സിലാക്കുക. അതിനാൽ അപേക്ഷ നൽകിയ ശേഷം മറുപടി ലഭിച്ചില്ലെങ്കിൽ അത് നിരസിക്കപ്പെട്ടുവെന്ന് കരുതുകയോ, സഹായം ഉറപ്പായെന്ന് വിശ്വസിക്കുകയോ ചെയ്യരുത്.
കേരളത്തിലെ ലൈഫ് മിഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമായ ഗുണഭോക്തൃ വിവരങ്ങളും, പുരോഗതി സംബന്ധിച്ച റിപ്പോർട്ടുകളും നിങ്ങൾക്ക് വിശദമായി പരിശോധിക്കാം. വിവരങ്ങൾ വ്യക്തമല്ലെങ്കിൽ അപേക്ഷ നൽകിയ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി അല്ലെങ്കിൽ കോർപ്പറേഷൻ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
ഭൂമിയില്ലാത്തവർക്കും വീടിന്റെ സഹായം ലഭിക്കുമോ?
സ്വന്തമായി ഭൂമിയില്ലാത്ത കുടുംബങ്ങൾ ആദ്യം അന്വേഷിക്കേണ്ടത് അവരുടെ സാഹചര്യത്തിന് അനുയോജ്യമായ സഹായം ലഭിക്കുന്ന വിഭാഗം ഏതാണെന്ന വിവരമാണ്. ഭൂമിയുള്ള ഭവനരഹിതർ, ഭൂമിയില്ലാത്ത ഭവനരഹിതർ, നിർമ്മാണം പൂർത്തിയാകാത്ത വീടുള്ളവർ, വാസയോഗ്യമല്ലാത്ത വീടുകളിൽ കഴിയുന്നവർ തുടങ്ങിയ വിഭാഗങ്ങളെ ലൈഫ് മിഷന്റെ ഔദ്യോഗിക വെബ്സൈറ്റ് പരാമർശിക്കുന്നുണ്ട്. എന്നാൽ ഓരോ വിഭാഗത്തിനും ബാധകമായ നിലവിലെ മാനദണ്ഡങ്ങളും, അപേക്ഷാ നടപടികളും പ്രത്യേകം മനസ്സിലാക്കേണ്ടതാണ്.
ഇതിനാൽ ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിൽ അന്വേഷിക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ചോദിച്ചറിയുക:
- നിങ്ങളുടെ കുടുംബത്തിന് ബാധകമായ സ്കീം ഏതാണ്?
- പുതിയ അപേക്ഷകൾ ഇപ്പോൾ സ്വീകരിക്കുന്നുണ്ടോ?
- ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് എന്തെങ്കിലും നിബന്ധനകളുണ്ടോ?
- അർഹത തെളിയിക്കാൻ എന്തെല്ലാം രേഖകൾ വേണം?
- ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണ്?
കേന്ദ്ര സർക്കാരിന്റെ ഭവന പദ്ധതികൾ
ഗ്രാമപ്രദേശങ്ങളിലെ അർഹരായ കുടുംബങ്ങൾക്കായി പ്രധാനമന്ത്രി ആവാസ് യോജന–ഗ്രാമീൺ (PMAY-G) പദ്ധതിയുണ്ട്. നഗരപ്രദേശങ്ങളിലെ അർഹരായ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി ആവാസ് യോജന–അർബൻ 2.0 ( PMAY-U 2.0 ) ബാധകമായേക്കാം. എന്നാൽ ഇവ ഒരേ പദ്ധതിയല്ല, താമസസ്ഥലവും, അർഹതയും അനുസരിച്ച് വ്യവസ്ഥകൾ മാറുമെന്നത് ശ്രദ്ധിക്കുക.
നഗരഭവന പദ്ധതിയായ PMAY-U 2.0 പ്രകാരം അർഹരായ കുടുംബങ്ങൾക്ക് വീട് നിർമിക്കാനും, വാങ്ങാനും, വാടകയ്ക്ക് ലഭ്യമാക്കാനും വിവിധ വിഭാഗങ്ങളിലൂടെ സഹായം ലഭ്യമാക്കുന്നു. കുടുംബത്തിന്റെ വരുമാന വിഭാഗം, രാജ്യത്ത് കുടുംബാംഗങ്ങളുടെ പേരിലുള്ള വീടിന്റെ യഥാർത്ഥ ഉടമസ്ഥത, മുമ്പ് സർക്കാർ ഭവനസഹായം ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അർഹതാ നിർണയത്തിൽ പ്രധാനമാണ്. അപേക്ഷ, ഔദ്യോഗിക പോർട്ടൽ, കോമൺ സർവീസ് സെന്റർ (CSC), അല്ലെങ്കിൽ ബന്ധപ്പെട്ട നഗരസഭ/തദ്ദേശസ്ഥാപനം വഴി സമർപ്പിക്കാം.
