റിട്ടയർമെന്റിന് ശേഷം, സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ ശമ്പളക്കാരായ ജീവനക്കാരെ സഹായിക്കുന്ന രണ്ട് പ്രധാന പദ്ധതികളാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPF), നാഷണൽ പെൻഷൻ സിസ്റ്റം (NPS) എന്നിവ. ഈ രണ്ട് പദ്ധതികളിലും ഒരേ സമയം നിക്ഷേപം നടത്താൻ കഴിയുമോ എന്നത് പലർക്കുമുള്ള സംശയമാണ്. യോഗ്യതയും, ബാധകമായ ചട്ടങ്ങളും അനുസരിച്ച് ഇ.പി.എഫ് , എൻ.പി.എസ് എന്നിവ ഒരുമിച്ച് ഉപയോഗിക്കാം.
എന്താണ് ഇ.പി.എഫ്?സാധാരണ ഗതിയിൽ, ജീവനക്കാരൻ അർഹമായ വേതനത്തിന്റെ 12% ഇ.പി.എഫിലേക്ക് സംഭാവന ചെയ്യുന്നു. തൊഴിലുടമയും ഇതിലേക്ക് വിഹിതം നൽകുന്നു. ഈ തുകയ്ക്ക് സർക്കാർ പ്രഖ്യാപിക്കുന്ന നിരക്കിൽ പലിശ ലഭിക്കുന്നു. തൊഴിലുടമയുടെ സംഭാവനയുടെ ഒരു ഭാഗം, ബാധകമായ ചട്ടങ്ങൾക്കനുസരിച്ച് എംപ്ലോയീസ് പെൻഷൻ സ്കീമിലേക്ക് (EPS) മാറ്റിവയ്ക്കുന്നു. ശമ്പളത്തിൽനിന്ന് പതിവായി നൽകുന്ന വിഹിതത്തിലൂടെ വിരമിക്കൽ കാലത്തേക്കുള്ള സമ്പാദ്യം കെട്ടിപ്പടുക്കുന്നതിനുള്ള ഉറപ്പുള്ള ഒരു മാർഗമാണ് ഇ.പി.എഫ്
എന്താണ് എൻ.പി.എസ്?
റിട്ടയർമെന്റ് മുന്നിൽക്കണ്ട് പതിവായി നിക്ഷേപം നടത്താൻ എൻ.പി.എസ്, അംഗങ്ങൾക്ക് അവസരം നൽകുന്നു. ഇതിലൂടെ സമാഹരിക്കുന്ന പണം വിപണിയുമായി ബന്ധപ്പെട്ട വിവിധ ആസ്തികളിൽ നിക്ഷേപിക്കുന്നു. ഇതിലെ ഫണ്ട്, ഓഹരികൾ, സർക്കാർ കടപ്പത്രങ്ങൾ, കോർപ്പറേറ്റ് ബോണ്ടുകൾ തുടങ്ങിയ ആസ്തികളിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഇതിനാൽ ലഭിക്കുന്ന വരുമാനം, വിപണിയുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കും. ഇക്കാരണത്താൽ ഉറപ്പുള്ള പലിശയല്ല ലഭിക്കുക എന്ന കാര്യം ശ്രദ്ധിക്കുക.
ബാധകമായ പദ്ധതിയുടെ രീതിയും, തൊഴിലുടമയുടെ നയവും അനുസരിച്ച് ജീവനക്കാരനോ, തൊഴിലുടമയോ അല്ലെങ്കിൽ ഇരുവരും ചേർന്നോ വിഹിതം നൽകാം. ഇ.പി.എഫിൽ നിന്ന് വ്യത്യസ്തമായി, എൻ.പി.എസിൽ വിവിധ നിക്ഷേപ മാർഗങ്ങൾ തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. ദീർഘകാല വിരമിക്കൽ ആസൂത്രണം ലക്ഷ്യമിട്ടാണ് ഈ പദ്ധതിയും ഡിസൈൻ ചെയ്തിരിക്കുന്നത്.
