
കേരളത്തിൽ സ്വർണ്ണ വില പവന് 1 ലക്ഷം രൂപയ്ക്ക് താഴേക്ക് ഇറങ്ങിയിരിക്കുകയാണ്. സ്വർണ്ണം പണയം വെച്ചവർക്കാണ് ഇവിടെ നെഞ്ചിടിപ്പേറുന്നത്. പ്രത്യേകിച്ച് വില ഉയർന്നു നിന്ന സമയത്ത് പണയം വെച്ചവർ, മുതലിലേക്ക് പണം തിരിച്ചടയ്ക്കേണ്ടി വരുമോ, തങ്ങളുടെ സ്വർണ്ണം നഷ്ടപ്പെടുമോ തുടങ്ങിയ ആശങ്കകളിലാണ്. ഈ വിഷയത്തിൽ മലയാളികൾ അറിഞ്ഞിരിക്കേണ്ട വിവരങ്ങളാണ് ഇവിടെ നൽകുന്നത്
കേരളത്തിലെ സ്വർണ്ണ വില
സംസ്ഥാനത്ത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണ്ണ വില രേഖപ്പെടുത്തിയത് 2026 ജനുവരി 26ാം തിയ്യതി രാവിലെയാണ്. അന്ന് പവന് 1,31,160 രൂപയും, ഗ്രാമിന് 16,395 രൂപയുമായിരുന്നു വില. നിലവിൽ കേരളത്തിൽ ഒരു പവന് 97,720 രൂപയും, ഗ്രാമിന് 12,215 രൂപയുമാണ് നിരക്ക്. അതായത് പത്തര മാസം കൊണ്ട് പവന് 33,440 രൂപയുടെയും, ഗ്രാമിന് 4,180 രൂപയുടെയും തകർച്ചയാണുണ്ടായത്.
സ്വർണ്ണവില കുറയുന്നത് വായ്പയെടുത്തവരെ ബാധിക്കുന്നതെങ്ങനെ?
ബാങ്കുകളും, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും സ്വർണ്ണത്തിന്റെ വിപണി മൂല്യത്തിന്റെ ഒരു നിശ്ചിത ശതമാനം മാത്രമാണ് വായ്പയായി നൽകുന്നത്. ഇതിനെ ലോൺ-ടു-വാല്യു റേഷ്യോ (LTV Ratio) എന്ന് പറയുന്നു. 2026 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വന്ന റിസർവ് ബാങ്ക് നിയമപ്രകാരം 2.5 ലക്ഷം രൂപ വരെുള്ള വായ്പകൾക്ക് സ്വർണ്ണമൂല്യത്തിന്റെ 85% വരെയും, 2.5 ലക്ഷം മുതൽ 5 ലക്ഷം വരെയുള്ള വായ്പകൾക്ക് 80% വരെയും, 25 ലക്ഷത്തിന് മുകളിലുള്ളവയ്ക്ക് 75% വരെ യുമാണ് ലോൺ നൽകുന്നത്.
പ്രശ്നം വരുന്നത് എപ്പോൾ?
നിങ്ങൾ ഉയർന്ന സ്വർണ്ണവിലയുള്ള സമയത്ത് പരമാവധി തുക വായ്പ എടുത്തിട്ടുണ്ടെങ്കിൽ, വില ഇടിയുമ്പോൾ നിങ്ങളുടെ സ്വർണ്ണത്തിന്റെ മൂല്യം കുറയുകയും, വായ്പാ തുക നിശ്ചിത പരിധിക്കും (LTV Limit) മുകളിലേക്ക് പോകുകയും ചെയ്യും. ഉദാഹരണത്തിന്, 1 ലക്ഷം രൂപ വിലയുള്ള സ്വർണ്ണത്തിന് 75,000 രൂപ വായ്പ എടുത്ത ഒരാൾക്ക്, സ്വർണ്ണവില 10% കുറഞ്ഞ് 90,000 രൂപയായാൽ LTV അനുപാതം 83% ആയി ഉയരും
മാർജിൻ കോൾ നോട്ടീസ് ലഭിച്ചാൽ എന്തുചെയ്യണം?
LTV പരിധി ലംഘിക്കപ്പെടുമ്പോൾ ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ നിങ്ങൾക്ക് ‘മാർജിൻ കോൾ’ (Margin Call / LTV Shortfall Notice) അയയ്ക്കും. ഇത് ഒരു മുന്നറിയിപ്പ് മാത്രമാണ്, ഉടൻ തന്നെ സ്വർണ്ണം ലേലം ചെയ്യില്ല. നോട്ടീസ് ലഭിച്ചാൽ നിങ്ങൾക്ക് താഴെ പറയുന്ന 3 വഴികളിലൂടെ സ്വർണ്ണം സുരക്ഷിതമാക്കാം.
1. ഭാഗികമായി പണം തിരിച്ചടയ്ക്കുക : വായ്പാ തുക എൽ.ടി.വി പരിധിക്കുള്ളിൽ കൊണ്ടുവരാൻ ആവശ്യമായ ചെറിയൊരു തുക (Principal + Accrued Interest) തിരിച്ചടയ്ക്കുക.
2. കൂടുതൽ സ്വർണ്ണം പണയപ്പെടുത്തുക : പണം കയ്യിലില്ലെങ്കിൽ, കുറവുള്ള മൂല്യത്തിന് ആനുപാതികമായി കുറച്ച് സ്വർണ്ണാഭരണങ്ങൾ കൂടി അതേ വായ്പയിലേക്ക് അധിക ഈടായി നൽകുക.
3. കുടിശ്ശികയുള്ള പലിശ അടയ്ക്കുക : പലപ്പോഴും മുതലിനൊപ്പം പലിശ കൂടി കുന്നുകൂടുമ്പോഴാണ് LTV പരിധി കടക്കുന്നത്. അതിനാൽ പലിശ മാത്രം അടച്ചുതീർത്താലും പ്രശ്നം പരിഹരിക്കാൻ സാധിച്ചേക്കും.
സ്വർണ്ണലേലം – ഉപഭോക്താവിന്റെ അവകാശങ്ങൾ
സ്വർണ്ണവില കുറഞ്ഞതുകൊണ്ട് മാത്രം ബാങ്കുകൾ ഉൾപ്പെെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾക്ക് നിങ്ങളുടെ സ്വർണ്ണം ഉടൻ ലേലം ചെയ്യാൻ കഴിയില്ല. ഇടപാടുകാർക്ക് ശക്തമായ സംരക്ഷണമാണ് 2026ലെ ആർ.ബി.ഐ നിയമം ഒരുക്കിയിട്ടുള്ളത് എന്നതാണ് കാരണം. അവയാണ് താഴെ നൽകുന്നത്.
- രേഖാമൂലമുള്ള നോട്ടീസ് : ലേലത്തിന് കുറഞ്ഞത് 14 ദിവസം മുമ്പെങ്കിലും വ്യക്തമായ കുടിശ്ശിക വിവരങ്ങളും ലേലത്തീയ്യതിയും, സ്ഥലവും കാണിച്ച് വായ്പയെടുത്ത വ്യക്തിക്ക് രേഖാമൂലം നോട്ടീസ് നൽകണം.
- പത്രപ്പരസ്യം : രണ്ട് പ്രമുഖ പത്രങ്ങളിൽ ലേലത്തെക്കുറിച്ച് പരസ്യം നൽകണം.
- റിസർവ് വില : അന്നത്തെ വിപണി വിലയുടെ കുറഞ്ഞത് 90% തുകയെങ്കിലും അടിസ്ഥാന വിലയായി (Reserve Price) നിശ്ചയിച്ചേ ലേലം നടത്താൻ പാടുള്ളൂ. അതിലും കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ പാടില്ല.
- മിച്ചമുള്ള തുക തിരികെ ലഭിക്കും : ലേലത്തിൽ വായ്പാ തുകയും, പലിശയും കഴിഞ്ഞ് അധിക തുക ലഭിച്ചാൽ, ആ തുക തിരികെ നൽകാൻ ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ ബാധ്യസ്ഥരാണ്.
- സ്വർണ്ണം തിരികെ നൽകൽ : വായ്പ പൂർണ്ണമായി അടച്ചുതീർത്താൽ 7 പ്രവൃത്തി ദിവസങ്ങൾക്കം സ്വർണ്ണം തിരികെ നൽകണം. വൈകുന്ന ഓരോ ദിവസത്തിനും ധനകാര്യ സ്ഥാപനം കസ്റ്റമർക്ക് 5,000 രൂപ വീതം പിഴ നൽകണമെന്നാണ് ആർ.ബി.ഐ ചട്ടം
- കൃത്യമായി പലിശ അടയ്ക്കുക : മാസാമാസം പലിശ അടയ്ക്കുന്നത് വഴി വായ്പാ ഭാരം കൂടുന്നത് ഒഴിവാക്കാം.
- ലോൺ പുതുക്കുമ്പോൾ ശ്രദ്ധിക്കുക : നിലവിലുള്ള വായ്പ പുതുക്കുമ്പോൾ അന്നത്തെ കുറഞ്ഞ സ്വർണ്ണവില അനുസരിച്ചായിരിക്കും പുതിയ തുക കണക്കാക്കുക. അതിനാൽ പുതുക്കുന്ന സമയത്ത് പഴയ മുഴുവൻ തുകയും ലഭിക്കണമെന്നില്ല. ബാക്കി തുക കയ്യിൽ നിന്ന് അടയ്ക്കേണ്ടി വന്നേക്കാം.
- കൈവശം പണമുണ്ടെങ്കിൽ സ്വർണ്ണം തിരിച്ചെടുക്കുക : സ്വർണ്ണവില കുറഞ്ഞിരിക്കുന്ന സമയത്ത് പലിശ നിരക്ക് കൂടുതലുള്ള വായ്പകൾ അടച്ചുതീർത്ത് സ്വർണ്ണം തിരികെ എടുക്കാൻ ശ്രമിക്കാം. ഇത് ഭാവിയിലെ നഷ്ടം ഒഴിവാക്കാൻ സഹായിക്കും.
- സിബിൽ സ്കോറിനെ ബാധിക്കാതെ ശ്രദ്ധിക്കുക : മാർജിൻ കോൾ അവഗണിച്ച് വായ്പ കിട്ടാക്കടം അഥവാ എൻ.പി.എ (NPA) എന്ന സ്റ്റാറ്റസിലേക്ക് മാറിയാൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ അത് സാരമായി ബാധിക്കും.
