മാറ്റമില്ലാത്ത ഒരു പകലിനു ശേഷം സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. ഗ്രാമിന് 15 രൂപ കുറഞ്ഞ് 13,660 രൂപയിലെത്തി. പവൻ വില 120 രൂപ കുറഞ്ഞ് 1,09,280 രൂപയുമായി. രാജ്യാന്തര വിപണിയിൽ സ്വർണവില വീണ്ടും കുറഞ്ഞതോടെയാണ് കേരളത്തിലും മാറ്റം. ഇന്നലെ ഔൺസിന് 4141.50 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണം ഇന്ന് 4151 ഡോളറിലേക്ക് കയറിയെങ്കിലും പിന്നീട് ഇടിഞ്ഞു. നിലവിൽ 4121 ഡോളർ എന്ന നിലയിലാണ് വ്യാപാരം.
രണ്ട് ഭീകരർ
സ്വർണവില ഇടിയാനുള്ള പ്രധാന കാരണങ്ങൾ രണ്ടാണ്. അമേരിക്കൻ കടപത്രങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശ പതിറ്റാണ്ടുകൾക്കിടയിലെ ഉയർന്ന നിലയിലേക്കെത്തിയതാണ് ആദ്യത്തേത്. ഇതോടെ നിക്ഷേപകർ സ്വർണത്തിലെ നിക്ഷേപം ഉപേക്ഷിച്ച് ബോണ്ടുകളിലേക്ക് തിരിയും. ക്രൂഡോയിൽ വില മൂന്നക്കത്തിൽ തുടരുന്നതാണ് മറ്റൊരു കാരണം. ഉയർന്ന എണ്ണവില പണപ്പെരുപ്പം കൂട്ടുമെന്നും ഇതിനെ നിയന്ത്രിക്കാൻ അടിസ്ഥാന പലിശ നിരക്കു വർധിപ്പിക്കുമെന്നാണ് നിക്ഷേപകരുടെ ആശങ്ക. അവസാനം പുറത്തു വന്ന അമേരിക്കൻ തൊഴിൽ കണക്കുകൾ പലിശപ്പേടി കുറച്ചിട്ടുണ്ടെങ്കിലും സ്വർണവിലയിൽ ഇതു കാര്യമായ സ്വാധീനമുണ്ടാക്കിയിട്ടില്ല. അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് ഉയരുന്നതും സ്വർണവിലയിൽ തിരിച്ചടിയായിട്ടുണ്ട്.
ചൈന വഴി സ്വർണമൊഴുക്കി റഷ്യ
പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതോടെ സ്വർണവഴി മാറ്റിപ്പിടിച്ച് റഷ്യ. രാജ്യത്ത് ഉൽപാദിപ്പിക്കുന്ന സ്വർണം ചൈന ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലൂടെയാണ് നിലവിൽ വിറ്റഴിക്കുന്നത്. ഇക്കൊല്ലത്തിന്റെ ആദ്യ ഏഴു മാസങ്ങളിൽ മാത്രം ഹോങ്കോങ് ഇറക്കുമതി ചെയ്തത് 112.7 ടൺ റഷ്യൻ സ്വർണമാണ്. 2021ൽ വെറും 3.3 ടണ്ണും 2025ൽ 92.1 ടണ്ണുമാണ് ആകെ ഇറക്കുമതി ചെയ്തതെന്നും കണക്ക്.
യുക്രെയ്ൻ യുദ്ധത്തിനു പിന്നാലെ 2022 മാർച്ചിലാണ് റഷ്യയിലെ എല്ലാ സ്വർണ, വെള്ളി ഖനികൾക്കും ലണ്ടൻ ബുള്ള്യൻ മാർക്കറ്റ് അസോസിയേഷൻ വിലക്കേർപ്പെടുത്തിയത്. യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങൾ ഇതിനു പിന്നാലെ റഷ്യൻ സ്വർണത്തിനു വിലക്കേർപ്പെടുത്തുകയും ചെയ്തു. ഉൽപാദനത്തിന്റെ മൂന്നിലൊന്നു സ്വർണവും ലണ്ടനിലെ വിപണി വഴിയാണ് റഷ്യ വിറ്റത്. വിലക്കിനു പിന്നാലെ ഇതു പൂർണമായും നിലച്ചു. ഇതോടെയാണ് വിലക്ക് മറികടന്ന് ഹോങ്കോങ് വഴി സ്വർണം ചൈനയിലെത്തിക്കാൻ റഷ്യ തീരുമാനിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രാജ്യമാണ് ചൈന.

