ന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള ഏകദേശം മൂന്ന് കോടി ബിരുദ വിദ്യാര്‍ഥികള്‍ ജോലി ചെയ്യാന്‍ പൂര്‍ണ സജ്ജരാണെന്ന് ഉറപ്പാക്കുമെന്ന് ദേശീയ വിദ്യാഭ്യാസ നയ അവലോകന സമിതി. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള കമ്പനികളുമായും തൊഴിലുടമകളുമായും ധാരണയായിട്ടുണ്ട്. അപ്രന്റീസ് എംബഡഡ് ഡിഗ്രി പ്രോഗ്രാം വഴിയാണ് ഭാവിയിലെ ജോലികള്‍ക്ക് ആവശ്യമായ നൈപുണ്യം വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക എന്ന് അവലോകന സമിതി ചെയര്മാന് എം ജഗദേഷ് കുമാര്‍ ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.കമ്പനികളുമായും തൊഴിലുടമകളുമായി സഹകരിച്ച് വിദ്യാര്‍ഥികളെ തൊഴിലിന് സജ്ജരാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. ഇതിന് ആവശ്യമായ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളമുള്ള ബിഎ, ബിഎസ് സി, ബികോം കോഴ്സുകളിലെ ഏകദേശം മൂന്ന് കോടി ബിരുദ വിദ്യാര്‍ഥികള്‍ക്ക് ഭാവിയിലെ ജോലികള്‍ക്ക് ആവശ്യമായ നൈപുണ്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യമെന്നും ജഗദേഷ് കുമാര്‍ വ്യക്തമാക്കി.
രാജ്യത്തെ 30 സര്‍വകലാശാലകളെ ഉള്‍പ്പെടുത്തി ഒരു പൈലറ്റ് പ്രോജക്ട് നിലവില്‍ പുരോഗമിക്കുന്നുണ്ട്. 2023-24ലെ ഉന്നത വിദ്യാഭ്യാസ സര്‍വേ പ്രകാരം ഉന്നത വിദ്യാഭ്യാസ രംഗത്ത് 4.5 കോടി വിദ്യാര്‍ഥികളാണ് ഉള്ളത്. ഇതില്‍ 76.8 ശതമാനം പേരും ബിരുദ വിദ്യാര്‍ഥികളാണ്. ഭൂരിഭാഗം വരുന്ന ബിഎ, ബിഎസ് സി, ബികോം വിദ്യാര്‍ഥികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ പദ്ധതി ഭാവിയില്‍ എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും. തൊഴിലിടങ്ങളില്‍ നിന്നും കോളജുകളില്‍ നിന്നും സര്‍വകലാശാലകളില്‍ നിന്നും വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപ്രന്റീസ് എംബഡഡ് ഡിഗ്രി പ്രോഗ്രാം വഴി വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ ബിരുദ കോഴ്സിന്റെ ഒരു വര്‍ഷം അല്ലെങ്കില്‍ 18 മാസം നേരിട്ടുള്ള വ്യവസായ പരിചയം നേടാന്‍ സഹായിക്കുന്നു. ഇത് ഓപ്ഷനലാണ്. വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ അറിവിനെ പ്രായോഗികമാക്കാനുള്ള അവസരമാണ് ഇത് നല്‍കുന്നത്. വിദ്യാര്‍ഥികളുടെ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. അക്കാദമികമായി മാത്രം ബിരുദം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അതിനുള്ള സ്വാതന്ത്ര്യവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
