പ്രമുഖ പൊതുമേഖല ബാങ്ക് ആയ എസ്ബിഐ സ്ഥിര നിക്ഷേപങ്ങള്‍ക്ക് മികച്ച റിട്ടേണ്‍ ആണ് നല്‍കുന്നത്. സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7.05 ശതമാനം വരെ റിട്ടേണ്‍ ആണ് എസ്ബിഐ നല്‍കുന്നത്. എസ്ബിഐയുടെ വികെയര്‍ സ്കീം തെരഞ്ഞെടുക്കുന്നവര്‍ക്കാണ് മികച്ച റിട്ടേണ്‍ ലഭിക്കുന്നത്. അഞ്ചുവര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ കാലാവധിയുള്ള വികെയര്‍ ഫിക്സഡ് ഡെപ്പോസിറ്റ് സ്കീം തെരഞ്ഞെടുക്കുന്ന മുതിര്‍ന്ന പൗരന്മാര്ക്കാണ് 7.05 ശതമാനം പലിശ ലഭിക്കുന്നത്.അതേസമയം എസ്ബിഐ സ്ഥിരനിക്ഷേപങ്ങളില്‍ കാലാവധി തെരഞ്ഞെടുക്കുമ്പോള്‍ വരുത്തുന്ന ചെറിയൊരു മാറ്റം കൊണ്ട് 4,500-ലധികം രൂപ അധിക വരുമാനമായി നേടാന്‍ സാധിക്കും. 10 ലക്ഷം രൂപ 360 ദിവസത്തേക്ക് നിക്ഷേപിക്കുന്നതിന് പകരം കാലാവധി വെറും അഞ്ചു ദിവസം കൂട്ടി 365 ദിവസമാക്കിയാലാണ് (1 വര്‍ഷം) നേട്ടം സ്വന്തമാക്കാന്‍ സാധിക്കുക. പലിശ നിരക്ക് 5.90 ശതമാനത്തില്‍ നിന്ന് 6.25 ശതമാനമായാണ് ഉയരുക.
എസ്ബിഐയുടെ നിലവിലെ പലിശനിരക്കുകള്‍ പ്രകാരം 211 ദിവസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ വരെയുള്ള എഫ്ഡികള്‍ക്ക് സാധാരണക്കാര്‍ക്ക് 5.90 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 6.40 ശതമാനവുമാണ് പലിശ. അതേസമയം ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെയുള്ള എഫ്ഡികള്‍ക്ക് പലിശ യഥാക്രമം 6.25%, 6.75% എന്നിങ്ങനെയാണ് പലിശനിരക്ക് വരുന്നത്. അതായത് വെറും 5 ദിവസം കാത്തിരിക്കാന്‍ തയ്യാറാണെങ്കില്‍ പലിശ നിരക്കില്‍ മികച്ച നേട്ടം ആസ്വദിക്കാന്‍ കഴിയും.
ഉദാഹരണമായി 10 ലക്ഷം രൂപ എസ്ബിഐയില്‍ 360 ദിവസത്തേയ്ക്ക് എഫ്ഡി ഇടുന്നുവെന്ന് കരുതുക. 5.90% നിരക്കില്‍ ഏകദേശം 59,468 രൂപ പലിശയായി ലഭിക്കും. അതായത് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ആകെ ലഭിക്കുന്ന തുക 10,59,468 രൂപ ആയിരിക്കും.
ഇനി ഇതേ തുക 1 വര്‍ഷത്തേക്ക് (365 ദിവസം) നിക്ഷേപിക്കുന്നുവെന്ന് കരുതുക. അതായത് വെറും 5 ദിവസത്തേയ്ക്ക് കൂടി നിക്ഷേപം നീട്ടുന്നു. ഇവിടെ പലിശ നിരക്ക് 6.25% ആയി ഉയരും. ഇതുവഴി 63,980 രൂപ പലിശയായി ലഭിക്കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ആകെ ലഭിക്കുന്നത് 10,63,980 രൂപ ആയിരിക്കും. വെറും 5 ദിവസം അധികമായി കാത്തിരിക്കുന്നതിലൂടെ ഒരു നിക്ഷേപകന് 4,512 രൂപ അധികവരുമാനമായി നേടാന്‍ സാധിക്കുമെന്ന് സാരം. സ്ഥിരനിക്ഷേപ പലിശയ്ക്ക് നികുതി ബാധ്യതയുണ്ട് എന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്.
