Latest

നവംബര്‍ 1 മുതല്‍ പുതിയ ജിഎസ്ടി ഇളവുകള്‍; സാധനങ്ങള്‍ക്ക് വിലക്കുറവ്, വ്യാപാരികള്‍ക്ക് 90% വേഗത്തിലുള്ള റീഫണ്ട്

Share

നവംബര്‍ 1 മുതല്‍ രാജ്യത്തെ ജിഎസ്ടി ചട്ടങ്ങളില്‍ വലിയ ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നു. ചെറുകിട വ്യാപാരികളുടെ വില്‍പനാനന്തര ഡിസ്‌കൗണ്ടുകള്‍ ലളിതമാക്കുന്നതിനൊപ്പം, ഇന്‍വേര്‍ട്ടഡ് ഡ്യൂട്ടി സ്ട്രക്ചറിലുള്ള സ്ഥാപനങ്ങള്‍ക്ക് 90 ശതമാനം പ്രൊവിഷണല്‍ റീഫണ്ട് മുന്‍കൂറായി നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഈ മാറ്റങ്ങള്‍ ഉത്സവ സീസണില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഉല്‍പന്ന വിലക്കുറവിനും, മെച്ചപ്പെട്ട ഓഫറുകള്‍ക്കും വഴിയൊരുക്കാം. സാധാരണ വ്യാപാരികളുടെ പണലഭ്യതയും ദൈനംദിന ബിസിനസും കൂടുതല്‍ സുഗമമാക്കുകയാണ് ഈ ജനകീയ പരിഷ്‌കരണങ്ങളുടെ ലക്ഷ്യം.

ജിഎസ്ടിയില്‍ വരുന്ന പ്രധാന മാറ്റങ്ങള്‍ഡിസ്‌കൗണ്ടുകളിലെ ലളിതവല്‍ക്കരണം ആണ് എടുത്തുപറയേണ്ടത്. വില്‍പനയ്ക്ക് ശേഷമുള്ള ഡിസ്‌കൗണ്ടുകള്‍ (Post-sale discounts) നല്‍കുന്നതുമായി ബന്ധപ്പെട്ട ക്രെഡിറ്റ് നോട്ട് വ്യവസ്ഥകള്‍ സര്‍ക്കാര്‍ ലളിതമാക്കി.

വേഗത്തിലുള്ള റീഫണ്ടും പ്രധാന ആകര്‍ഷണമാണ്. അസംസ്‌കൃത വസ്തുക്കളുടെ നികുതി (Input tax), അന്തിമ ഉല്‍പ്പന്നത്തിന്റെ നികുതിയേക്കാള്‍ (Output tax) കൂടുതലായി വരുന്ന ബിസിനസ് സ്ഥാപനങ്ങള്‍ക്ക് (Inverted duty structure), ഇനി മുതല്‍ 90 ശതമാനം പ്രൊവിഷണല്‍ റീഫണ്ട് മുന്‍കൂറായി ലഭിക്കും (റിസ്‌ക് പരിശോധനകള്‍ക്ക് വിധേയമായി).

ചെറുകിട കയറ്റുമതിക്കാര്‍ക്കുള്ള റീഫണ്ട് പരിധി ഒഴിവാക്കിയതും വലിയ പ്രഖ്യാപനം തന്നെ. കൊറിയര്‍ അല്ലെങ്കില്‍ പോസ്റ്റല്‍ വഴിയുള്ള കയറ്റുമതിയില്‍, ടാക്‌സ്-പെയ്ഡ് എക്‌സ്‌പോര്‍ട്ട് റീഫണ്ട് ക്ലെയിം ചെയ്യുന്നതിനുള്ള കുറഞ്ഞ പരിധിയായ 1,000 രൂപ എന്ന വ്യവസ്ഥ എടുത്തുകളഞ്ഞു. ഇനി മുതല്‍ ഏത് ചെറിയ തുകയ്ക്കും റീഫണ്ട് ക്ലെയിം ചെയ്യാം.

സേവനങ്ങളുടെ നികുതി നിര്‍ണ്ണയത്തിലെ മാറ്റവും പ്രധാനമാണ്. ഇടനിലക്കാര്‍ (Intermediaries) വഴിയുള്ള സേവനങ്ങളില്‍, സേവനം ലഭിക്കുന്ന ആളുടെ സ്ഥലത്തെ അടിസ്ഥാനമാക്കിയാകും ഇനി നികുതി നിര്‍ണ്ണയിക്കുക.

എന്തുകൊണ്ടാണ് പുതിയ പരിഷ്‌കരണം

നികുതിദായകരുടെ ബാധ്യതകളും നിയമപരമായ ബുദ്ധിമുട്ടുകളും പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത്. ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് (ITC) നടപടികള്‍ കൂടുതല്‍ എളുപ്പമുള്ളതും, സുഗമവുമാക്കാന്‍ ഈ മാറ്റങ്ങള്‍ സഹായിക്കും.

നികുതി റീഫണ്ടുകള്‍ വേഗത്തില്‍ നല്‍കാനും ഈ പരിഷ്‌കാരങ്ങള്‍ ലക്ഷ്യമിടുന്നു. ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ഒക്ടോബറില്‍ ചേര്‍ന്ന 57-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മാറ്റങ്ങള്‍.

പുതിയ മാറ്റങ്ങള്‍ ആര്‍ക്കൊക്കെ നേട്ടമാകും

വില്‍പനയ്ക്ക് ശേഷം ഡിസ്‌കൗണ്ടുകള്‍ നല്‍കുന്ന റീട്ടെയിലര്‍മാര്‍ക്കും വിതരണക്കാര്‍ക്കും വലിയ ആശ്വാസമാകും. ക്രെഡിറ്റ് നോട്ടുകള്‍ കൈകാര്യം ചെയ്യുന്നത് എളുപ്പമാകും. ഇന്‍പുട്ട് ടാക്‌സ് കൂടുതലായി അടയ്ക്കുന്ന നിര്‍മ്മാണ / ബിസിനസ് സ്ഥാപനങ്ങള്‍ക്ക് വേഗത്തില്‍ തുക തിരികെ ലഭിക്കുന്നത് അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് വലിയ നേട്ടമാകും.

പോസ്റ്റല്‍ വഴിയും മറ്റും സാധനങ്ങള്‍ വിദേശത്തേക്ക് അയക്കുന്ന ചെറുകിട കയറ്റുമതിക്കാര്‍ക്ക് റീഫണ്ട് പരിധി ഒഴിവാക്കിയത് വളരെ ഗുണം ചെയ്യും. കൂടാതെ നികുതി നിര്‍ണ്ണയത്തിലെ വ്യക്തത ലഭിക്കുന്നത് വഴി ഇന്ത്യന്‍ സര്‍വീസ് എക്‌സ്‌പോര്‍ട്ടര്‍മാര്‍ക്കും കൂടുതല്‍ പ്രയോജനം ലഭിക്കും.

സാധാരണക്കാര്‍ക്കുള്ള നേട്ടങ്ങള്‍

ജിഎസ്ടി ചട്ടങ്ങളിലെ പുതിയ ഇളവുകള്‍ വ്യാപാരികള്‍ക്കാണ് നേരിട്ട് ബാധകമാകുന്നതെങ്കിലും, വിപണിയിലൂടെ അത് സാധാരണ ഉപയോക്താക്കള്‍ക്കും ഗുണകരമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. പുതിയ പരിഷ്‌കാരങ്ങള്‍ കൂടുതല്‍ ഓഫറുകള്‍ക്കും മികച്ച കിഴിവുകള്‍ക്കും വഴിവയ്ക്കും. വില്‍പനാനന്തര ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നതിലെ നിയമപരമായ സങ്കീര്‍ണതകള്‍ ഒഴിവായതോടെ, കമ്പനികള്‍ക്കും വ്യാപാരികള്‍ക്കും ഉത്സവകാല കിഴിവുകളും പ്രമോഷണല്‍ ഓഫറുകളും യാതൊരു തടസവുമില്ലാതെ ഉപയോക്താക്കളിലേക്ക് വേഗത്തില്‍ എത്തിക്കാന്‍ സാധിക്കും.

നിര്‍മ്മാണ കമ്പനികള്‍ക്ക് കുടുങ്ങിക്കിടക്കുന്ന നികുതിത്തുകയുടെ 90 ശതമാനവും വേഗത്തില്‍ റീഫണ്ടായി ലഭിക്കുന്നത് അവരുടെ പ്രവര്‍ത്തനച്ചെലവും, ബാങ്ക് പലിശഭാരവും കുറയ്ക്കും. ഈ സാമ്പത്തിക ലാഭം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം തടയാനും, സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാനും വഴിയൊരുക്കും.

ക്രെഡിറ്റ് നോട്ടുകള്‍ നല്‍കുന്ന രീതി ലളിതമായതിനാല്‍, ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന ഓഫറുകളും ഇളവുകളും കൃത്യമായ നികുതി കിഴിവോടെ ബില്ലുകളില്‍ നേരിട്ട് പ്രതിഫലിക്കും. ചെറുകിട ഉല്‍പ്പാദകര്‍ക്കും വ്യാപാരികള്‍ക്കും പണലഭ്യത ഉറപ്പാകുന്നത് വഴി വിപണിയില്‍ ഉല്‍പ്പന്നങ്ങളുടെ ക്ഷാമം ഇല്ലാതാകുകയും, കൂടുതല്‍ വ്യാപാരികള്‍ തമ്മിലുള്ള ആരോഗ്യകരമായ മത്സരം വഴി ഉപയോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള സേവനങ്ങളും ഉല്‍പ്പന്നങ്ങളും ലഭിക്കുകയും ചെയ്യും.

നികുതി റീഫണ്ടുകളും അനുബന്ധ നടപടികളും വേഗത്തിലാകുന്നത് വിപണിയിലെ ഉല്‍പ്പന്ന വിതരണ ശൃംഖലയെ സുഗമമാക്കും. ഇത് സാധനങ്ങള്‍ തടസമില്ലാതെ കടകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും എത്തുന്നതിലേക്ക് നയിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഓട്ടോമാറ്റിക് ആയി റീഫണ്ടുകള്‍ അനുവദിക്കുന്ന നടപടി നവംബര്‍ 1 മുതല്‍ ആരംഭിക്കുമെങ്കിലും, ഇത് പുതിയ റീഫണ്ട് ക്ലെയിമുകള്‍ക്ക് മാത്രമേ ബാധകമാകൂ. നിലവില്‍ തീര്‍പ്പുകല്‍പ്പിക്കാത്ത അപേക്ഷകള്‍ക്ക് ഇത് ലഭ്യമല്ല. ഐടി സിസ്റ്റം അപ്‌ഡേറ്റ് ചെയ്യുന്നതനുസരിച്ച് ഘട്ടം ഘട്ടമായാകും ഈ മാറ്റങ്ങള്‍ സിസ്റ്റത്തില്‍ പൂര്‍ണ്ണമായി നടപ്പിലാക്കുക. ജിഎസ്ടി നിയമത്തില്‍ ഔദ്യോഗികമായി ഭേദഗതികള്‍ ആവശ്യമുള്ള മറ്റ് പ്രധാന ഘടനാപരമായ മാറ്റങ്ങള്‍ 2027 ഏപ്രില്‍ 1 മുതല്‍ മാത്രമേ നടപ്പിലാക്കുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *