Latest

100 മിനിറ്റിനകം മുഴുവന്‍ സബ്‌സ്‌ക്രിപ്ഷന്‍; ഐപിഒ ചരിത്രത്തില്‍ റെക്കോര്‍ഡുമായി ജിയോ പ്ലാറ്റ്‌ഫോം

Share
JIO IPO SUBSCRIPTION STATUS  JIO IPO DETAILS  JIO IPO GMP  JIO IPO SUBSCRIPTIONS

ന്യൂഡൽഹി: ഏറ്റവും വേഗത്തിൽ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ട ഓഫർ എന്ന റെക്കോർഡ് സ്വന്തമാക്കി ജിയോ പ്ലാറ്റ്‌ഫോംസ് ഐപിഒ (IPO). ഓഫർ ആരംഭിച്ച് 100 മിനിറ്റിനുള്ളിൽ പൂർണ്ണമായും സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടുവെന്നാണ് കമ്പനിയുടെ അവകാശവാദം. ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിൻ്റെ (JPL) പബ്ലിക് ഓഫർ റെക്കോർഡ് പിന്നിട്ടിരിക്കുകയാണ്.

30,213 കോടി രൂപയുടെ ഈ ഓഫറിൽ, ഒരു ഓഹരിക്ക് 1,065 രൂപ മുതൽ 1,119 രൂപ വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ബിഎസ്ഇ (BSE) വെബ്‌സൈറ്റിലെ വിവരങ്ങൾ പ്രകാരം, ‘ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയേഴ്‌സ്’ (QIBs) വിഭാഗത്തിനായുള്ള ഓഹരികൾ ആദ്യ 10 മിനിറ്റിനുള്ളിൽ തന്നെ പൂർണ്ണമായും സബ്‌സ്‌ക്രൈബ് ചെയ്യപ്പെടുകയും, 30 മിനിറ്റിനുള്ളിൽ അത് ഏകദേശം ഇരട്ടിയായി വർധിക്കുകയും ചെയ്തു.

തുടർന്ന് QIB വിഭാഗത്തിലെ സബ്‌സ്‌ക്രിപ്‌ഷൻ 2.86 മടങ്ങായി ഉയർന്നു. മൊത്തത്തിലുള്ള ഇഷ്യൂ 0.83 മടങ്ങ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. വിപണിയിൽ അവതരിപ്പിച്ച് 100 മിനിറ്റിനുള്ളിൽ തന്നെ മൊത്തം ഇഷ്യൂവും പൂർണ സബ്‌സ്‌ക്രിപ്‌ഷൻ കടന്നു. ഒക്ടോബർ 23 വരെയാണ് ഈ ഇഷ്യൂവിൽ അപേക്ഷിക്കാൻ അവസരമുള്ളത്. ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ 27,870 കോടി രൂപയുടെ 2024-ലെ ഐപിഒയെ മറികടന്നുകൊണ്ട്, മൂല്യത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒ ആയി ഇത് മാറാൻ ഒരുങ്ങുകയാണ് ജിയോ.

1,065 രൂപ മുതൽ 1,119 രൂപ വരെയുള്ള പ്രൈസ് ബാൻഡിലെ ഉയർന്ന നിരക്ക് പരിഗണിക്കുമ്പോൾ, ജിയോയുടെ മൂല്യം ഏകദേശം 108 ബില്യൺ യുഎസ് ഡോളറാണ്. 27 കോടി വരെ പുതിയ ഓഹരികളാണ് ഈ ഇഷ്യൂവിലൂടെ വിപണിയിലെത്തുന്നത്. നിലവിലുള്ള ഓഹരിയുടമകൾ തങ്ങളുടെ കൈവശമുള്ള ഓഹരികൾ വിൽക്കുന്നുമില്ല (Offer-for-sale).

പബ്ലിക് ഓഫറിന് മുന്നോടിയായി കഴിഞ്ഞ തിങ്കളാഴ്‌ച കമ്പനി 212 ആങ്കർ നിക്ഷേപകർക്ക് ഓഹരികൾ അനുവദിച്ചിരുന്നു. പ്രൈസ് ബാൻഡിലെ ഉയർന്ന നിരക്കായ 1,119 രൂപ നിരക്കിലാണ് ഓഹരികൾ നൽകിയത്. ഇതിലൂടെ ഏകദേശം 8,110 കോടി രൂപ സമാഹരിച്ചു. ആങ്കർ നിക്ഷേപക വിഭാഗത്തിൽ 2.5 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള അപേക്ഷകളാണ് ലഭിച്ചത്. ഇത് അനുവദിക്കാവുന്ന ഓഹരികളുടെ മൂല്യത്തേക്കാൾ 30 മടങ്ങ് അധികമാണ്. മൊത്തം ആവശ്യം ഏകദേശം 26 ബില്യൺ യുഎസ് ഡോളറാണെന്നും നിരീക്ഷകർ സൂചിപ്പിച്ചു.

ടെലികോം മേഖലയ്ക്ക് അപ്പുറത്തേക്ക് വളർച്ച കൈവരിക്കാൻ തങ്ങളുടെ സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ക്ലൗഡ് സേവനങ്ങൾ എന്നിവ സഹായിക്കുമെന്ന് ജിയോ പ്ലാറ്റ്‌ഫോംസ് മാനേജിംഗ് ഡയറക്‌ടർ ആകാശ് അംബാനി ചൊവ്വാഴ്‌ച പറഞ്ഞു. ഇന്ത്യയിലെ എക്കാലത്തെയും വലിയ ഐപിഒയിലേക്ക് കടക്കുമ്പോൾ, റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ഈ വിഭാഗത്തെ ഒരു ‘ടെക്നോളജി കമ്പനി’ ആയാണ് അദ്ദേഹം അവതരിപ്പിച്ചത്.

“ഞങ്ങൾ നിർമ്മിച്ച ആദ്യത്തെ ഉൽപ്പന്നമായിരുന്നു കണക്റ്റിവിറ്റി. ഡിജിറ്റൽ സേവനങ്ങൾ, എഐ, ക്ലൗഡ് എന്നിവയാണ് ഞങ്ങൾ ഇപ്പോൾ മുൻഗണന ചെയ്യുന്നത്,” അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *