ഇന്ത്യയിലെ ഓൺലൈൻ ഭക്ഷണവിതരണ രംഗത്തും ക്വിക്ക് കൊമേഴ്സ് മേഖലയിലും സജീവമായ എറ്റേണൽ ലിമിറ്റഡിന് രണ്ടാം പാദത്തിൽ മികച്ച ലാഭവളർച്ച. സൊമാറ്റോയുടെയും ബ്ലിങ്കിറ്റിന്റെയും മാതൃകമ്പനിയായ എറ്റേണലിന്റെ അറ്റാദായം കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 92.3 ശതമാനം ഉയർന്ന് 125 കോടി രൂപയായി.
2026 സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ കമ്പനിയുടെ പ്രവർത്തന വരുമാനം 24,138 കോടി രൂപയായി ഉയർന്നു. മുൻവർഷത്തെ സമാന പാദത്തിൽ ഇത് 13,590 കോടി രൂപയായിരുന്നു. ഇതോടെ വരുമാനത്തിൽ 77.6 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി.
ബ്ലിങ്കിറ്റിന്റെ ക്വിക്ക് ഡെലിവറി ബിസിനസും ഭക്ഷണവിതരണ മേഖലയിലെ വളർച്ചയുമാണ് കമ്പനിയുടെ വരുമാന വർധനയിൽ പ്രധാന പങ്കുവഹിച്ചത്. ബ്ലിങ്കിറ്റിന്റെ വരുമാനം 93.6 ശതമാനം ഉയർന്ന് 19,152 കോടി രൂപയിലെത്തി. അതേസമയം, ഭക്ഷണ ഓർഡറിങ്, ഡെലിവറി ബിസിനസിന്റെ വരുമാനം എന്നിവ 36.7 ശതമാനം ഉയർന്ന് 3,396 കോടി രൂപയായി.
എന്നാൽ വരുമാനം ഉയർന്നതുപോലെ കമ്പനിയുടെ ചെലവുകളിലും വർധന രേഖപ്പെടുത്തിയായിട്ടുണ്ട്. ആകെ ചെലവ് മുൻവർഷത്തെ 13,813 കോടി രൂപയിൽനിന്ന് 75 ശതമാനം ഉയർന്ന് 24,166 കോടി രൂപയായി. വിതരണ ചെലവുകളും ജീവനക്കാരുമായി ബന്ധപ്പെട്ട ചെലവുകളും മറ്റ് പ്രവർത്തനച്ചെലവുകളും ലാഭത്തെ ബാധിച്ചു.
വിപണി വിശകലന വിദഗ്ധർ 304 കോടി രൂപയുടെ അറ്റാദായം പ്രതീക്ഷിച്ചിരുന്നെങ്കിലും കമ്പനി നേടിയത് 125 കോടി രൂപ മാത്രമാണ്. അതേസമയം, വരുമാനം വിപണിയുടെ പ്രതീക്ഷയായ 23,447 കോടി രൂപയെ മറികടന്നു. കമ്പനിയുടെ EBITDA 239 കോടി രൂപയിൽനിന്ന് 752 കോടി രൂപയായി ഉയരുകയും EBITDA മാർജിൻ 1.8 ശതമാനത്തിൽനിന്ന് 3.1 ശതമാനമായി മെച്ചപ്പെടുകയും ചെയ്തു.
