
കാസര്‍കോട് ജില്ലയിലെ മുള്ളേരിയയില്‍ കേരളത്തിന്റെ ആദ്യ ഗ്രിഡ് സ്കെയില്‍ ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം (BESS) കെഎസ്ഇബി (KSEB) യാഥാര്‍ത്ഥ്യമാക്കി. പകല്‍ സമയത്ത് ഉല്‍പ്പാദിപ്പിക്കുന്ന അധിക സൗരോര്‍ജ്ജം കൂറ്റന്‍ ബാറ്ററികളില്‍ സംഭരിച്ച് രാത്രികാലങ്ങളില്‍ വിതരണം ചെയ്യുന്ന നൂതന പദ്ധതിയാണിത്. ഈ നീക്കം സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുന്നതിനൊപ്പം ലക്ഷക്കണക്കിന് പുരപ്പുറ സോളാര്‍ ഉപഭോക്താക്കള്‍ക്കും വലിയ ആശ്വാസമാകും.
എന്താണ് BESS (ബെസ്) പദ്ധതിവളരെ ചുരുക്കിപ്പറഞ്ഞാല്‍ ഇതൊരു വമ്പന്‍ പവര്‍ ബാങ്കാണ്. വന്‍തോതില്‍ വൈദ്യുതി ശേഖരിച്ചുവെക്കാന്‍ ഇതിനു കഴിയും. പകല്‍ സമയത്തും, വൈദ്യുതി ഉപയോഗം കുറവുള്ള സമയത്തും ഉല്‍പ്പാദിപ്പിക്കപ്പെടുന്ന അധിക വൈദ്യുതി ഇതില്‍ സംഭരിച്ചുവെക്കാം.
കേരളത്തിലെ ആദ്യ ഗ്രിഡ് സ്കെയില്‍ ബെസ് പദ്ധതിയാണ് മുള്ളേരിയില്‍ സ്ഥിപിച്ചിരിക്കുന്നത്. ഇതില്‍ നിന്നും 15 മെഗാവാട്ട് വൈദ്യുതി നാലു മണിക്കൂര്‍ നേരം തുടര്‍ച്ചയായോ, അല്ലാതെയോ ലഭ്യമാക്കാന്‍ കഴിയും.
വമ്പന്‍ ഊര്‍ജ്ജ പദ്ധതി
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ ഹൈഡ്രോ പവര്‍ കോര്‍പ്പറേഷന്റെ (NHPC) സഹായത്തോടെ ഒപെറ എനര്‍ജി (Opera Energy) എന്ന സ്ഥാപനമാണ് പദ്ധതി വികസിപ്പിച്ചത്. കേന്ദ്രസര്‍ക്കാര്‍ വിവധ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച 5,000 മെഗാവാട്ട് അവര്‍ ബാറ്ററി സ്റ്റോറേജ് പദ്ധതികളില്‍ രാജ്യത്ത് ആദ്യമായി കമ്മീഷന് ചെയ്യുന്ന പദ്ധതിയാണിത്.
കേരളത്തിന് കരുത്താകുന്ന നീക്കം
കേരളത്തില്‍ കേന്ദ്രത്തിന്റെ പുരപ്പുറ സോളാര്‍ പദ്ധതി ഹിറ്റാണ്. എന്നാല്‍ ഈ മേല്‍ക്കൂര സോളാറിനെ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താന്‍ സംസ്ഥാനത്തിന് സാധിച്ചിരുന്നില്ല. പുരപ്പുറ സൗരോര്‍ജ്ജ ഉല്‍പ്പാദനത്തില്‍ ഇന്ത്യയിലെ മുന്‍നിര സംസ്ഥാനമാണ് കേരളം. പകല്‍ സമയത്ത് സോളാര്‍ വൈദ്യുതി സുലഭമാണെങ്കിലും, സന്ധ്യയ്ക്ക് ശേഷം വൈദ്യുതി ഉപയോഗം കുത്തനെ ഉയരുന്നത് വലിയ പ്രതിസന്ധിയാണ്. ഇതിനുള്ള ശാശ്വത പരിഹാരമാണ് ബെസ്.
പുറത്തുനിന്നുള്ള വൈദ്യുതി വാങ്ങല്‍ കുറയ്ക്കാം
നിലവില്‍ രാത്രികാല ആവശ്യകതയുടെ 80 ശതമാനത്തോളം പുറത്തുനിന്നും ഉയര്‍ന്ന വിലയ്ക്ക് വാങ്ങിയാണ് കെഎസ്ഇബി വിതരണം ചെയ്യുന്നത്. ബെസ് വരുന്നതോടെ ഈ ഭീമമായ സാമ്പത്തിക ബാധ്യത ഒഴിവാക്കാനാകും. പകല്‍ സമയത്ത് മാത്രം ലഭ്യമാകുന്ന സോളാര്‍ വൈദ്യുതി പാഴായിപ്പോകാതെ രാത്രികാലങ്ങളിലും പ്രയോജനപ്പെടുത്താന്‍ ഈ പദ്ധതി സഹായിക്കും. കല്‍ക്കരി പോലുള്ള ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും, ഹരിത ഊര്‍ജ്ജ ഉപയോഗം വര്‍ധിപ്പിക്കാനും ഈ പദ്ധതി സഹായിക്കും.
കേരളത്തിന്റെ ഊര്‍ജ്ജ പ്രതിസന്ധിക്കുള്ള പരിഹാരം
ദേശീയതലത്തില്‍ തന്നെ വൈദ്യുതി ലഭ്യതക്കുറവ് നേരിടുന്ന സാഹചര്യത്തില്‍, സംസ്ഥാനത്തെ ഊര്‍ജ്ജപ്രതിസന്ധി മറികടക്കാന്‍ ബാറ്ററി സ്റ്റോറേജ് പദ്ധതികള്‍ വ്യാപിപ്പിക്കുക മാത്രമാണ് ഏറ്റവും ഫലപ്രദമായ പോംവഴിയെന്ന് വിദഗ്ധര്‍ പറയുന്നു.
മുള്ളേരിയയിലെ പദ്ധതി ഒരു തുടക്കം മാത്രമാണ്. കാസര്‍കോട് മൈലാട്ടിയില്‍ സ്ഥാപിക്കുന്ന 125 MW / 500 MWh വമ്പന്‍ ബെസ് പദ്ധതി പൂര്‍ത്തീകരണത്തോട് അടുക്കുകയാണ്. മൈലാട്ടിക്ക് പുറമെ ശ്രീകണ്ഠപുരം (40 MW), പോത്തന്‍കോട് (40 MW), അരീക്കോട് (30 MW) എന്നിവിടങ്ങളിലും ബെസ് പദ്ധതികളുടെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്.
സോളാര്‍ ഉപഭോക്താക്കള്‍ക്ക് നേട്ടമാകുന്നത് എങ്ങനെ
പകല്‍ സമയത്ത് ഉപഭോഗം കുറവായതിനാല്‍ പുരപ്പുറ സോളാറില്‍ നിന്നുള്ള അധിക വൈദ്യുതി ഗ്രിഡിലേക്ക് സ്വീകരിക്കുന്നതില്‍ പരിമിതികളുണ്ടായിരുന്നു. ബെസ് വരുന്നതോടെ ഈ വൈദ്യുതി ബാറ്ററികളില്‍ ശേഖരിക്കാന്‍ കഴിയുന്നതിനാല്‍ സോളാര്‍ വൈദ്യുതി പാഴാകില്ല.
പകല്‍ സമയത്ത് സോളാര്‍ വൈദ്യുതി ഒന്നിച്ചെത്തുമ്പോള്‍ ഗ്രിഡിലുണ്ടാകുന്ന ഉയര്‍ന്ന വോള്‍ട്ടേജ് കാരണം സോളാര്‍ ഇന്‍വെര്‍ട്ടറുകള്‍ ട്രിപ്പ് ആകുന്ന പ്രശ്നം പല ഉപഭോക്താക്കളും നേരിടാറുണ്ട്. അധിക വൈദ്യുതി ബാറ്ററിയിലേക്ക് മാറ്റുന്നതോടെ ഗ്രിഡ് സുസ്ഥിരമാകുകയും, ഇന്‍വെര്‍ട്ടറുകളുടെ പ്രവര്‍ത്തനം തടസമില്ലാതെ നടക്കുകയും ചെയ്യും.
പകല്‍ ഗ്രിഡിലേക്ക് വൈദ്യുതി നല്കുന്ന സോളാര്‍ ഉപഭോക്താക്കള്‍ക്ക്, രാത്രികാലങ്ങളില്‍ പീക്ക് സമയത്ത് യാതൊരു തടസവുമില്ലാതെ ഗുണമേന്മയുള്ള വൈദ്യുതി തിരികെ ലഭിക്കാന്‍ ഈ സംവിധാനത്തിനു സാധിക്കും. നിലവില്‍ കെഎസ്ഇബിയുടെ പവര്‍കട്ട് സോളാര്‍ ഉപഭോക്താക്കളെയും ഇരുട്ടിലാക്കുന്നുണ്ട്.
പുറത്തുനിന്ന് ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് കുറയുന്നതോടെ കെഎസ്ഇബിയുടെ സാമ്പത്തിക ഭാരം കുറയുകയും, ഇത് സോളാര്‍ ഉപഭോക്താക്കള്‍ക്ക് അനുകൂലമായ നയങ്ങളും നിരക്കുകളും തുടരുന്നതിന് സഹായകമാവുകയും ചെയ്യും. പുറത്തുനിന്നുള്ള വൈദ്യുതി വാങ്ങല്‍ പലപ്പോഴും ബില്ലില്‍ സര്‍ചാര്‍ജ് ആയി പ്രത്യക്ഷപ്പെടാറുണ്ട്.
