Latest

ബാങ്ക് എഫ്ഡിയേക്കാള്‍ ഉയര്‍ന്ന 9.20% പലിശ; 5 ലക്ഷത്തിന് 4.6 ലക്ഷം വരെ നേട്ടവുമായി പാട്ന മുനിസിപ്പല്‍ ബോണ്ട് എന്‍എസ്ഇയില്‍

Share

ബാങ്ക് സ്ഥിരനിക്ഷേപങ്ങളേക്കാള്‍ ഉയര്‍ന്ന പലിശ ആഗ്രഹിക്കുന്ന സാധാരണ നിക്ഷേപകര്‍ക്ക് മുന്നിലേക്ക് 9.20% വാര്‍ഷിക പലിശ നിരക്കുമായി പാട്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (PMC) ബോണ്ടുകള്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (NSE) ലിസ്റ്റ് ചെയ്തു. ബീഹാറിലെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം പുറത്തിറക്കുന്ന ആദ്യ മുനിസിപ്പല്‍ ബോണ്ടാണിത്. വെറും 10,000 രൂപ മുതല്‍ നിക്ഷേപിക്കാവുന്ന ഈ കടപ്പത്രത്തില്‍ 5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 10 വര്‍ഷം കൊണ്ട് 4.60 ലക്ഷം രൂപ വരെ പലിശ വരുമാനം നേടാനാകും.

പാട്ന മുനിസിപ്പല്‍ ബോണ്ട്കുടിവെള്ള വിതരണം, മാലിന്യ സംസ്‌കരണം, ഗതാഗത പരിഷ്‌കരണം, മാര്‍ക്കറ്റ് നവീകരണം പോലുള്ള നഗരവികസന പദ്ധതികള്‍ക്കായി, പൊതുജനങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പണം സമാഹരിക്കുന്നതിനായി പുറത്തിറക്കിയ കടപ്പത്രമാണിത്. ബീഹാറിലെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം പുറത്തിറക്കുന്ന ആദ്യത്തെ മുനിസിപ്പല്‍ ബോണ്ട് ആണിത്. 2026 നവംബര്‍ 10 മുതല്‍ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (NSE) ഇവ ലഭ്യമാണ്. ഈ ഇഷ്യൂവിലൂടെ ഏകദേശം 200 കോടി രൂപയാണ് സമാഹരിച്ചത്.

ആരാണ് ബോണ്ട് പുറത്തിറക്കിയത്

ബീഹാര്‍ തലസ്ഥാനമായ പാട്നയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനമായ പാട്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (Patna Municipal Corporation – PMC) ആണ് ഈ ബോണ്ട് പുറത്തിറക്കിയത്.

പലിശ നിരക്ക്

പ്രതിവര്‍ഷം 9.20% (Annual Coupon Rate) ആണ് ഈ ബോണ്ടിന്റെ പലിശ നിരക്ക്. പലിശ ത്രൈമാസ അടിസ്ഥാനത്തില്‍ (Quarterly – ഓരോ 3 മാസം കൂടുമ്പോഴും) നിക്ഷേപകന്റെ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തും. ഇവിടെ നിക്ഷേപകര്‍ക്ക് കൂട്ടുപലിശയുടെ നേട്ടം ലഭിക്കില്ല. ലളിത പലിശ (Simple Interest) രീതിയാണ് ബോണ്ടു പിന്തുടരുന്നത്.

എത്ര വര്‍ഷമാണ് കാലാവധി

മൊത്തം ബോണ്ട് ഇഷ്യൂവിന് 10 വര്‍ഷം വരെയാണ് പരമാവധി കാലാവധി. അതായത് 2026 നവംബര്‍ മുതല്‍ 2036 നവംബര്‍ വരെ. എന്നാല്‍ നിക്ഷേപകര്‍ക്ക് തിരഞ്ഞെടുക്കാവുന്ന രീതിയില്‍ STRPP (Separately Transferable Redeemable Principal Parts) ഘടനയിലാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. അതായത് 4-ാം വര്‍ഷം (2030) മുതല്‍ 10-ാം വര്‍ഷം (2036) വരെയുള്ള വിവിധ കാലാവധികളിലുള്ള (4, 5, 6, 8, 10 വര്‍ഷങ്ങള്‍) ബോണ്ടുകള്‍ നിക്ഷേപകര്‍ക്ക് തിരഞ്ഞെടുക്കാം.

എങ്ങനെ വാങ്ങാം

പ്രാഥമിക ഘട്ടത്തില്‍ സ്ഥാപന നിക്ഷേപകര്‍ക്കായി നല്‍കിയ ഈ ബോണ്ടുകള്‍ ഇപ്പോള്‍ NSE-യില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതിനാല്‍ സെക്കന്‍ഡറി മാര്‍ക്കറ്റിലൂടെ സാധാരണ നിക്ഷേപകര്‍ക്കു വാങ്ങാം. ഓഹരി ബ്രോക്കര്‍മാര്‍ വഴിയോ, സെബിയില്‍ രജിസ്റ്റര്‍ ചെയ്ത ഓണ്‍ലൈന്‍ ബോണ്ട് പ്ലാറ്റ്ഫോമുകള്‍ വഴിയോ ബോണ്ട് വാങ്ങാം. ഇതിനായി ഒരു ഡീമാറ്റ് അക്കൗണ്ടും, KYC പൂര്‍ത്തിയാക്കിയ ബാങ്ക് അക്കൗണ്ടും ഉണ്ടായിരിക്കണം. ഓര്‍ഡര്‍ നല്‍കിയാല്‍ T+1 പ്രവൃത്തി ദിവസത്തിനുള്ളില്‍ ബോണ്ടുകള്‍ ഡീമാറ്റ് അക്കൗണ്ടില്‍ എത്തും.

കുറഞ്ഞ നിക്ഷേപ യോഗ്യത

കുറഞ്ഞ നിക്ഷേപം 10,000 രൂപയാണ്. 2026 ഓഗസ്റ്റില്‍ സെബി മുനിസിപ്പല്‍ ബോണ്ടുകളുടെ കുറഞ്ഞ മുഖവില 1 ലക്ഷത്തില്‍ നിന്ന് 10,000 രൂപയായി കുറച്ചിരുന്നു. ഇതു ചെറുകിട നിക്ഷേപകര്‍ക്കും കാര്യങ്ങള്‍ ആകര്‍ഷകമാക്കി. അതേസമയം സെക്കന്‍ഡറി മാര്‍ക്കറ്റിലെ വിപണി വില അനുസരിച്ച് ഇതില്‍ നേരിയ മാറ്റങ്ങള്‍ വരാം.

5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ കാലാവധിയില്‍ എത്ര കിട്ടും

ബോണ്ടിന്റെ മുഖവിലയായ 10,000 രൂപ ആയതിനാല്‍ 5,00,000 രൂപയ്ക്ക് 50 ബോണ്ടുകള്‍ ലഭിക്കും. പലിശ നിരക്ക് 9.20% ആയതിനാല്‍ വര്‍ഷംതോറും 46,000 രൂപ അക്കൗണ്ടിലെത്തും. അതായത് ഓരോ 3 മാസത്തിലും ലഭിക്കുന്ന പലിശ വരുമാനം ഏകദേശം 11,500 രൂപയായിരിക്കും.

ബോണ്ടിന്റെ കാലാവധി അനുസരിച്ചു മൊത്തം നേട്ടം മാറും. നിങ്ങള്‍ 5 വര്‍ഷത്തെ കാലാവധിയുള്ള ബോണ്ട് (2031) ആണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ ആകെ പലിശ 2,30,000 രൂപയായിരിക്കും. അതായത് കാലാവധിയില്‍ നിക്ഷേപ തുക അടക്കം അക്കൗണ്ടില്‍ 7,30,000 രൂപയുണ്ടാകും.

ഇനി 10 വര്‍ഷത്തെ പരമാവധി കാലാവധിയുള്ള ബോണ്ട് (2036) തെരഞ്ഞെടുത്താല്‍ ആകെ പലിശ വരുമാനം 4,60,000 രൂപയായിരിക്കും. അതായത് മുതലും പലിശയും ചേര്‍ത്ത് ലഭിക്കുക 9,60,000 രൂപയായിരിക്കും.

പലിശ ഓരോ 3 മാസം കൂടുമ്പോഴും ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കുന്നതിനാല്‍ അത് വീണ്ടും നിക്ഷേപിക്കുന്നില്ലെങ്കില്‍ കൂട്ടുപലിശ ലഭിക്കില്ല. കൂടാതെ നികുതി കിഴിച്ചുള്ള തുകയായിരിക്കും കൈയില്‍ കിട്ടുക.

എന്തുകൊണ്ട് ഈ ബോണ്ട് വങ്ങണം

ആകര്‍ഷകമായ പലിശ നിരക്കാണ് പ്രധാന ആകര്‍ഷണം. സാധാരണ ബാങ്ക് സ്ഥിരനിക്ഷേപങ്ങളെ അപേക്ഷിച്ച് 9.2% ഉയര്‍ന്ന പലിശ ലഭിക്കും. പ്രമുഖ റേറ്റിംഗ് ഏജന്‍സികളായ India Ratings, Acuite എന്നിവ ബോണ്ടിന് AA റേറ്റിംഗ് നല്‍കിയിട്ടുണ്ട്. ഇത് ഉയര്‍ന്ന സുരക്ഷിതത്വത്തെയും, കുറഞ്ഞ ക്രെഡിറ്റ് റിസ്‌കിനെയും സൂചിപ്പിക്കുന്നു. ഓരോ മൂന്ന് മാസം കൂടുമ്പോഴും കൃത്യമായി പലിശ ബാങ്ക് അക്കൗണ്ടില്‍ എത്തുന്നതിനാല്‍ സ്ഥിരവരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമാണ്.

നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഓഹരികളെപ്പോലെ മുനിസിപ്പല്‍ ബോണ്ടുകള്‍ വിപണിയില്‍ വലിയ തോതില്‍ വ്യാപാരം നടക്കാറില്ല. അതിനാല്‍ കാലാവധി എത്തുന്നതിന് മുമ്പ് അടിയന്തരമായി വിറ്റഴിക്കാന്‍ പ്രയാസം നേരിട്ടേക്കാം. കാലാവധി വരെ കൈവശം വെക്കാന്‍ സാധിക്കുന്നവര്‍ പരിഗണിക്കുന്നതാകും ഉചിതം.

ഈ ബോണ്ടുകള്‍ പ്രത്യേക ആസ്തികളുടെ ഈടിന്മേലല്ല, മറിച്ച് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നികുതി വരുമാനത്തിന്റെയും, പ്രവര്‍ത്തന മികവിന്റെയും അടിസ്ഥാനത്തിലാണ് തിരിച്ചടവ് ഉറപ്പുനല്‍കുന്നത്. ഇതൊരു ടാക്‌സ് ഫ്രീ ബോണ്ടല്ലെന്നു കൂടി മനസിലാക്കുക. അതിനാല്‍ ലഭിക്കുന്ന പലിശ നിക്ഷേപകന്റെ ആദായനികുതി സ്ലാബ് അനുസരിച്ച് നികുതിക്ക് വിധേയമാണ്.

സെക്കന്‍ഡറി മാര്‍ക്കറ്റില്‍ നിന്ന് മുഖവിലയേക്കാള്‍ (10,000 രൂപ) കൂടിയ വിലയ്ക്കാണ് ബോണ്ട് വാങ്ങുന്നതെങ്കില്‍, യഥാര്‍ത്ഥ ആദായം 9.20 ശതമാനത്തേക്കാള്‍ അല്‍പം കുറവായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *